മലബാറിന്റെ ആതിഥ്യം ഇനി ലോകത്തിനുമുന്നിൽ; മലബാറിലെ ടൂറിസം സാധ്യതകളെക്കുറിച്ച് രവി പിള്ള

#ന്യൂസ് ഡെസ്ക്
ഡോ. ബി. രവി പിള്ള | ഫയല്‍ചിത്രം | ഫോട്ടോ: ശ്രീജിത്ത് പി.രാജ്/ മാതൃഭൂമി
ഡോ. ബി. രവി പിള്ള | ഫയല്‍ചിത്രം | ഫോട്ടോ: ശ്രീജിത്ത് പി.രാജ്/ മാതൃഭൂമി

എക്കാലവും സഞ്ചാരികളെ നിറഞ്ഞഹൃദയത്തോടെ സ്വീകരിച്ച മഹത്തായ പാരമ്പര്യമുള്ള മണ്ണാണ് മലബാർ. ആ മണ്ണിലെ സംസ്കാരവും രുചിപ്പെരുമയും ആതിഥ്യമര്യാദയും ലോകമെങ്ങും അറിയപ്പെടേണ്ടതുണ്ട്. ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന ‘റാവിസ് ’ ഹോട്ടലുകൾ ലക്ഷ്യമിടുന്നതും അതുതന്നെയാണ്. എക്കാലവും സഞ്ചാരികളെ സഹർഷം സ്വാഗതംചെയ്ത മലബാറിന്റെ പാരമ്പര്യത്തെക്കുറിച്ച് പറയാതിരിക്കാനാവില്ല. അഞ്ച് ജില്ലകളിലായി പടർന്നുകിടക്കുന്ന മലബാറിലെ ജനങ്ങൾ തങ്ങളുടെ സവിശേഷമായ ആതിഥ്യമര്യാദകൊണ്ട് എന്നും ഏവരെയും അതിശയിപ്പിച്ചിട്ടുണ്ട്.

പുതിയ സംരംഭങ്ങളെ ഏതുകാലത്തും കൈനീട്ടി സ്വീകരിക്കുന്ന ഉദാരമനസ്കരായ ജനങ്ങളാണ് മലബാറിലുള്ളത്. അതുകൊണ്ടുതന്നെ, ആർക്കും എന്നും സന്തോഷത്തോടെ കടന്നുചെല്ലാവുന്ന ഒരിടമായി മലബാർ മാറുന്നു. മലബാറിന്റെ വികസനകേന്ദ്രമെന്ന നിലയിലാണ് കോഴിക്കോട്ട് നിക്ഷേപം നടത്താൻ ഞാൻ തീരുമാനിച്ചത്. ദേശീയപാതയോരത്ത് ചാലിയാറിന്റെ തീരത്തുള്ള ‘റാവിസ് കടവും’ കോഴിക്കോട് നഗരമധ്യത്തിലെ ‘റാവിസ് ഹോട്ടലും’ മലബാറിനായുള്ള ഞങ്ങളുടെ സമ്മാനമാണ്. നാടുകാരും സഞ്ചാരികളും ഒരുപോലെ അത് ഏറ്റെടുത്തതിൽ ഏറെ അഭിമാനമുണ്ട്.

ആതിഥ്യമര്യാദയുടെ മണ്ണ്

ഏതൊരു പുതിയ സംരംഭത്തോടും പോസിറ്റീവായി പ്രതികരിക്കുകയും അതിനെ മുന്നോട്ടുനയിക്കാൻ പിന്തുണയ്ക്കുകയും ചെയ്യുന്നതാണ് മലബാറുകാരുടെ പ്രത്യേകത. വിനോദസഞ്ചാരമേഖലയായാലും ആതിഥേയരംഗമായാലും രുചിപ്പെരുമയായാലും അത് പൂർണമായി ആസ്വദിക്കാൻ മനസ്സും ശേഷിയുമുള്ളവരാണ് ഇവിടുത്തുകാരെന്ന് ഞാൻ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. പുതിയ സംരംഭങ്ങൾ ഇവിടേക്ക് കടന്നുവരുന്നതിന് പിന്നിലെ പ്രധാന കാരണവും ഈ നന്മനിറഞ്ഞ മനസ്സുതന്നെയാണ്.

പുഴയും കായലുമൊക്കെ എന്നും എന്നെ ആകർഷിച്ചിരുന്ന ഘടകങ്ങളാണ്. അങ്ങനെ അവിചാരിതമായാണ് ചാലിയാറിന്റെ തീരത്തുള്ള ‘കടവ്’ വാങ്ങാൻ ഞാൻ തീരുമാനിക്കുന്നത്. മലബാറിലെ എന്റെ ആദ്യ നിക്ഷേപം തെറ്റിയില്ലെന്ന് വൈകാതെതന്നെ തിരിച്ചറിയാൻ കഴിഞ്ഞു. ഉത്തരേന്ത്യക്കാരും വിദേശികളും മാത്രമല്ല, നമ്മുടെ നാട്ടുകാരും അങ്ങോട്ടേക്ക് ഒഴുകിയെത്തി. ഒരു നഗരത്തിൽത്തന്നെ ‘റാവിസി’ന്റെപേരിൽ രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉയർന്നുനിൽക്കുന്നത് ഞങ്ങൾക്ക് നൽകുന്ന സന്തോഷവും അഭിമാനവും ചെറുതല്ല.

കേരളത്തിലെ ഏറ്റവുംമികച്ച ‘വെഡ്ഡിങ് ഡെസ്റ്റിനേഷനുകളിൽ’ ഒന്നായി ഇതിനകം ‘കടവ്’ ഇടംപിടിച്ചുകഴിഞ്ഞു. വലിയ ജനക്കൂട്ടത്തെപ്പോലും മികച്ചരീതിയിൽ പരിചരിക്കാനും ആതിഥ്യമരുളാനും കഴിവുള്ള പ്രൊഫഷണൽ ടീമിന്റെ സാന്നിധ്യമാണ് റാവിസിന്റെ പ്രധാന കരുത്ത്.

കുതിച്ചുയരുന്ന അടിസ്ഥാനസൗകര്യങ്ങൾ

ദേശീയപാത 66-ന്റെ നിർമാണം പൂർണമായി തീർന്നിട്ടില്ലെങ്കിലും അതിന്റെ വലിയ സൗകര്യങ്ങളും യാത്രാസുഖവും നാം അനുഭവിച്ചുതുടങ്ങിയിട്ടുണ്ട്. കോഴിക്കോട്ടുനിന്ന് ഗുരുവായൂരിലേക്കും കൊച്ചിയിലേക്കുമുള്ള യാത്രാസമയം ഗണ്യമായി കുറഞ്ഞു. കോഴിക്കോടിനു പുറമെ കണ്ണൂർ വിമാനത്താവളംകൂടി യാഥാർഥ്യമായതോടെ മലബാറിന്റെ യാത്രാരംഗത്ത് വലിയ കുതിച്ചുചാട്ടമാണുണ്ടായത്. അധികം വൈകാതെ മധ്യകേരളവും മലബാറിന്റെ വിളിപ്പാടകലെയാകുന്ന സാഹചര്യം വരും. നെടുമ്പാശ്ശേരിയിൽ വന്നിറങ്ങുന്ന സഞ്ചാരികൾക്ക് മൂന്നാറോ വാഗമണോ പോലെതന്നെ അടുത്തസ്ഥലമായി വയനാടും മാറുന്നു. തീവണ്ടിയാത്രയുടെ ക്ലേശം കുറയ്ക്കാൻ ദേശീയപാതയുടെ നവീകരണത്തോടെ കഴിഞ്ഞതായി യാത്രക്കാർ പറയുന്നു. പ്രായമായവരെയുംകൊണ്ട് കൂടുതൽ യാത്ര ഇപ്പോൾ നടന്നുവരുന്നതായി ഞങ്ങളുടെ ഹോട്ടൽ അനുഭവങ്ങൾതന്നെ ഉറപ്പിക്കുന്നു.

ഭക്ഷണവൈവിധ്യം

ഭക്ഷണത്തിലെ വൈവിധ്യമാണ് മലബാറിന്റെ മറ്റൊരു പ്രത്യേകത. ഇവിടെനിന്നുള്ള ബിരിയാണിയുടെയും മധുരപലഹാരങ്ങളുടെയും രുചിയും വൈവിധ്യവും ലോകപ്രശസ്തമാണ്. ഭക്ഷണത്തിലെ വൈവിധ്യത്തെ ഇത്രത്തോളം ഇഷ്ടപ്പെടുകയും അതിനായി പ്രയത്നിക്കുകയും ചെയ്യുന്നതും മലബാറിന്റെ സവിശേഷതയാണ്.

ടൂറിസം രംഗത്തിന് ആയുർവേദം നൽകുന്ന സംഭാവന കാണാതെപോകരുത്. ലോകമാകെ വെൽനെസ് ടൂറിസത്തിലേക്കുള്ള പ്രയാണത്തിലാണ്. അവിടെയെല്ലാം ആയുർവേദത്തിന് വലിയ സ്ഥാനമുണ്ട്. ഇക്കാര്യത്തിലും മലബാറിന്റെ പാരമ്പര്യം ഏറെ സമ്പന്നമാണ്. ഇവ നന്നായി ഷോക്കേസ് ചെയ്യുന്ന പ്രവർത്തനങ്ങൾ ഇപ്പോൾ മലബാറിന്റെ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് കൂടുതൽ തിളക്കം നൽകുന്നുണ്ട്. ഇവയെല്ലാം സംയോജിപ്പിക്കാനുള്ള ശ്രമമാവട്ടെ ടൂറിസം കോൺക്ലേവ്.

Content Highlights: Malabar offers a welcoming culture and supportive environment for new business investments., The Raviz Kadavu and Raviz Kozhikode hotels have successfully established luxury hospitality and wedding destinations in the region., Infrastructure developments like National Highway 66 and Kannur Airport are significantly improving regional connectivity and boosting tourism.