കള്ളുകുടിച്ചോ എന്ന് മാത്രമല്ല കഞ്ഞികുടിച്ചോ എന്നും നോക്കണം; KSRTCയില്‍ ചൂഷണമെന്ന് പ്രതിപക്ഷം

കെ.ബി. ഗണേഷ് കുമാർ, എം. വിൻസന്റ്
കെ.ബി. ഗണേഷ് കുമാർ, എം. വിൻസന്റ്

തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെ പരിഹസിച്ച് എം. വിന്‍സന്റ് എം.എല്‍.എ. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ കള്ള് കുടിച്ചോ എന്ന് നോക്കുന്നവര്‍ അവർ കഞ്ഞി കുടിച്ചോ എന്ന് പരിശോധിക്കണമെന്ന് എം.വിന്‍സെന്റ് പറഞ്ഞു. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളം നല്‍കാം, പക്ഷേ മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് ഗതാഗതമന്ത്രി പറഞ്ഞതിന് പിന്നാലെയായായിരുന്നു വിന്‍സന്റിന്റെ മറുപടി. 

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളി ചൂഷണം നടക്കുന്നത് കെ.എസ്.ആര്‍.ടി.സി.യിലാണ്. 30 ദിവസം പണിയെടുത്ത് ശമ്പളത്തിന് വേണ്ടി പണിമുടക്കേണ്ടി വരുന്ന ഗതികേടാണ് ജീവനക്കാർക്ക്. ശമ്പളവും മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കാതെ മാനസിക സമ്മര്‍ദവും ഹൃദയ സ്തംഭനവും വന്ന് മരിക്കുന്ന ജീവനക്കാരുടെ സംഖ്യ ക്രമാധീതമായി വര്‍ധിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ 66 കെ.എസ്.ആർ.ടി.സി ജീവനക്കാർ മരണപ്പെട്ടു. അതില്‍ 13 പേര്‍ ജീവനൊടുക്കിയതാണ്. മാരകമായ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് പോലും ട്രാന്‍സ്ഫര്‍ അനുവദിക്കുന്നില്ല. 

കെ.എസ്.ആര്‍.ടി.സി.യുടെ കഴിഞ്ഞകാല വരവ് ചെലവ് കണക്ക് ധനകാര്യവകുപ്പ് പരിശോധിക്കണം. മൂന്ന് വര്‍ഷം മുമ്പ് ടിക്കറ്റ് മെഷീനുകള്‍ വാങ്ങി. 10,000 രൂപ കൊടുത്ത് 5000 മെഷീനുകള്‍ വാങ്ങി. അതെല്ലാം കേടുവന്നു. അഴിമതി പുറത്തുവരുമെന്ന് ആയതോടെ ആന്‍ഡ്രോയിഡ് സംവിധാനമുള്ള പുതിയ മെഷീനുകള്‍ വാങ്ങാമെന്ന് പറഞ്ഞു. ഈ സംവിധാനം വന്നിട്ട് 15 വര്‍ഷമായി. ആദ്യമേ, ആന്‍ഡ്രോയിഡ് മെഷീന്‍ വാങ്ങുന്നതിന് പകരം വലിയ ക്രമക്കേടാണ് വന്നിരിക്കുന്നത്. ഇപ്പോള്‍ ഒരു ടിക്കറ്റിന് 16 പൈസ വച്ച് സ്വകാര്യ കമ്പനിക്ക് നല്‍കണം. പത്ത് വര്‍ഷംകൊണ്ട് കെ.എസ്.ആര്‍.ടി.സിലേക്ക് വരേണ്ട 111 കോടി രൂപ സ്വകാര്യ കമ്പനിക്ക് ലഭിക്കുമെന്നും എം.എൽ.എ ആരോപിച്ചു.

Content Highlights: m vincent against kb ganesh kumar