LPST സമരം: ചർച്ചയ്ക്ക് തയ്യാറാണെന്ന് സർക്കാർ; വളർമതിക്കായി മെഡിക്കൽ ബോർഡ് രൂപവത്കരിച്ചത് മുഖ്യമന്ത്രി ഇടപെട്ട്

#ന്യൂസ് ഡെസ്ക്
നിരാഹാര സമരം നടത്തുന്ന വളർമതി, മുഖ്യമന്ത്രി വി.ഡി. സതീശൻ
നിരാഹാര സമരം നടത്തുന്ന വളർമതി, മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: സമരംചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡർമാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സർക്കാർ. സമരക്കാർ സന്നദ്ധരായാൽ ചർച്ചനടത്താൻ തയ്യാറാണെന്ന് സർക്കാരുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും നിരാഹാരം തുടരുന്ന സമരനേതാവ് വളർമതിയുടെ ആരോഗ്യനില പരിശോധിക്കാനായി നേരത്തേ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് മെഡിക്കൽ ബോർഡ് രൂപവത്കരിച്ചത്.

മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് വീണ്ടും പ്രതീക്ഷയിലാണ് സമരം ചെയ്യുന്ന റാങ്ക് ഹോൾഡർമാർ. മുഖ്യമന്ത്രി നേരിട്ടോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ നിർദേശപ്രകാരം വിദ്യാഭ്യാസ മന്ത്രിയോ ചർച്ചയ്ക്ക് തയ്യാറായേക്കുമെന്ന പ്രതീക്ഷയിലാണ് സമരക്കാർ. അതേസമയം, ചർച്ചയ്ക്ക് സന്നദ്ധമാണെന്ന് സർക്കാർ ഔദ്യോഗികമായി സമരക്കാരെ അറിയിച്ചിട്ടില്ല. എൽപിഎസ്ടി സമരക്കാരുമായി ചർച്ചയ്ക്കില്ലെന്നതല്ല നിലപാടെന്നും എപ്പോൾ ചർച്ചയ്ക്ക് വന്നാലും സംസാരിക്കാൻ തയ്യാറാണെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കണമെന്ന ആവശ്യമാണ് ചർച്ചയിലെ കീറാമുട്ടി. ഇത് അംഗീകരിക്കാൻ സർക്കാർ ഇപ്പോഴും തയ്യാറല്ല. ഈ സാഹചര്യത്തിൽ ഏതുതരത്തിലുള്ള ഒത്തുതീർപ്പ് ഫോർമുലയാണ് സമരം അവസാനിപ്പിക്കാനായി കൊണ്ടുവരിക എന്നത് അവ്യക്തമാണ്.

അതേസമയം, ഐസിയുവിൽ തുടരുന്ന സമരനേതാവ് വളർമതിയുടെ ആരോഗ്യനില ആശങ്കാജനകമായി തുടരുകയാണ്. ജനറൽ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഇന്ന് വളർമതിയെ പരിശോധിച്ച മെഡിക്കൽ ബോർഡിലെ ഡോക്ടർമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതിന് വളർമതി സന്നദ്ധയായിട്ടില്ല.

Content Highlights: Following Chief Minister VD Satheesan's intervention to form a medical board for fasting leader Valarmathi, the Kerala government signaled readiness to hold talks with protesting LPST rank holders.