പനിപിടിച്ച പെണ്‍കുട്ടിക്ക് ബന്ധുക്കളുടെ മന്ത്രവാദചികിത്സ: നാട്ടുകാര്‍ ഇടപെട്ട് വിദഗ്ധചികിത്സ നല്‍കി

വാണിമേല്‍: പനിബാധിച്ച തമിഴ്‌നാട് സ്വദേശിയായ പതിനാറുകാരിക്ക് മന്ത്രവാദചികിത്സ നടത്തിയതായി പരാതി. നാട്ടുകാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് പ്രത്യേകപരിഗണന ആവശ്യമുള്ള പെണ്‍കുട്ടിയെ നാദാപുരം ഗവ. ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയമാക്കി. പുതുക്കയം രാജീവ് ഗാന്ധി കോളനിയിലെ പെണ്‍കുട്ടിക്കാണ് പനി ബാധിച്ചത്.
ആക്രിസാധനങ്ങള്‍ പെറുക്കുന്ന തമിഴ് കുടുംബത്തിലെ അംഗമാണ് പെണ്‍കുട്ടി. ശരീരത്തില്‍ ബാധ കൂടിയതാണെന്നും അതിനാല്‍ പേടിച്ചുപോയതാണ് പനിക്ക് കാരണമെന്നുമായിരുന്നു മാതാപിതാക്കളുടെ വാദം. ഇതേത്തുടര്‍ന്ന് വീട്ടില്‍ ബന്ധുക്കളുടെ നേതൃത്വത്തില്‍ പ്രത്യേക മന്ത്രവാദചികിത്സ നടത്തി. കോളനിയിലെ വീടുകള്‍ വളരെ അടുത്തായതിനാല്‍ മന്ത്രവാദചികിത്സ നടത്തുന്നത് സമീപത്തെ വീട്ടുകാര്‍ അറിഞ്ഞിരുന്നു. പനിമാറാനാണ് മന്ത്രവാദചികിത്സ നടത്തുന്നതെന്ന് വീട്ടുകാര്‍ അയല്‍വീട്ടുകാരോട് പറഞ്ഞു. അയല്‍വാസികളില്‍നിന്നുമാണ് നാട്ടുകാര്‍ വിവരം അറിയുന്നത്.
തുടര്‍ന്ന് തൂണേരി ബ്ലോക്ക് മുന്‍ പ്രസിഡന്റ് എന്‍.പി. ദേവി, ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ മിനി, അങ്കണവാടി ടീച്ചര്‍ ബിന്ദു എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ കോളനിയിലെത്തി വീട്ടുകാരുമായി സംസാരിച്ചു. തുടര്‍ന്ന് ഇവരുടെ നേതൃത്വത്തില്‍ വളയം ഗവ. ആശുപത്രിയിലും പിന്നീട് നാദാപുരം ഗവ. ആശുപത്രിയിലും ചികിത്സതേടി. പനിയും മൂത്രത്തില്‍ പഴുപ്പും ബാധിച്ച നിലയിലായിരുന്നു പെണ്‍കുട്ടി. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ മാതാപിതാക്കളുണ്ടായിരുന്നില്ല.
പെണ്‍കുട്ടിക്ക് വീട്ടില്‍ മതിയായ സുരക്ഷ ഒരുക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഇതേത്തുടര്‍ന്ന് സാമൂഹ്യക്ഷേമവകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി. പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ ചേര്‍ക്കാനുളള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Content Highlights: locals stopped witchcraft treatment