തദ്ദേശ അധ്യക്ഷർക്ക് ഓണറേറിയമുണ്ടെങ്കിൽ ശമ്പളമില്ല; അധ്യാപികയ്ക്ക് ഓണറേറിയത്തിനൊപ്പം ശമ്പളവും അനുവദിച്ചത് റദ്ദാക്കി

കൊച്ചി: തദ്ദേശസ്ഥാപനങ്ങളുടെ പ്രസിഡന്റ്/ചെയർപേഴ്‌സൺ എന്ന നിലയിൽ പ്രതിഫലം (ഓണറേറിയം) കൈപ്പറ്റുന്നതോടൊപ്പം എയ്ഡഡ് സ്കൂൾ അധ്യാപകൻ/ അധ്യാപിക എന്ന നിലയിലുള്ള പൂർണശമ്പളംകൂടി കൈപ്പറ്റാനാകില്ലെന്ന് ഹൈക്കോടതി.
കോഴിക്കോട് നരിക്കുനി എഎംഎൽപി സ്കൂൾ ഹെഡ്മിസ്ട്രസ് ആയിരുന്ന വി. ഖദീജയ്ക്ക് രണ്ടുപ്രതിഫലവും അനുവദിച്ച സിംഗിൾബെഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളികൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
2010 നവംബർ എട്ടുമുതൽ 2012 നവംബർ 21വരെ ഖദീജ, മടവൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിച്ചിരുന്നു. സ്കൂളിൽനിന്ന് അവധിയെടുത്താണ് ഈ ചുമതല വഹിച്ചത്. ഓണറേറിയത്തിനൊപ്പം അധ്യാപിക എന്ന നിലയിലുള്ള ശമ്പളവും അവർ കൈപ്പറ്റി. എന്നാൽ, തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷപദവി വഹിക്കുന്നവർക്ക് പൂർണശമ്പളം ലഭിക്കില്ലെന്ന് വ്യക്തമാക്കി 2008 മാർച്ച് 15-ന് ഉത്തരവുള്ളത് സർക്കാർ ചൂണ്ടിക്കാട്ടി. ഇതിനെ ഖദീജ ചോദ്യംചെയ്യുകയും സിംഗിൾബെഞ്ച് അനുകൂലമായി ഉത്തരവിടുകയും ചെയ്തു. ഇതിനെതിരേയുള്ള സർക്കാർ അപ്പീലാണ് ഡിവിഷൻ ബെഞ്ച് അംഗീകരിച്ചത്.
Content Highlights: local self government head honorarium salary high court