പരിഹാസത്തിന് മറുപടി ചേർത്തുപിടിക്കലും ചായയും; അധിക്ഷേപിച്ച വ്യക്തിയോട് ക്ഷമിച്ച് ലിന്റോ ജോസഫ്

#ന്യൂസ് ഡെസ്ക്ക്
ലിന്റോ ജോസഫും സാമൂഹിക മാധ്യമത്തിൽ അധിക്ഷേപം നടത്തിയ അസ്ലമും ഒന്നിച്ച് ചായകുടിക്കുന്നു
ലിന്റോ ജോസഫും സാമൂഹിക മാധ്യമത്തിൽ അധിക്ഷേപം നടത്തിയ അസ്ലമും ഒന്നിച്ച് ചായകുടിക്കുന്നു

മുക്കം: സമൂഹമാധ്യമത്തിലൂടെ വ്യക്തിയധിക്ഷേപം നടത്തിയയാൾക്ക്‌ മാപ്പ് നൽകി കേസ് ഒത്തുതീർപ്പാക്കി ലിന്റോ ജോസഫ് എംഎൽഎ. അധിക്ഷേപം നടത്തിയ ലീഗ് അനുഭാവി അസ്ലം ക്ഷമ ചോദിച്ചതോടെ പരാതി പിൻവലിക്കുന്നതായി ലിന്റോ ജോസഫ് അറിയിച്ചു. ശാരീരിക പരിമിതികളെ പരിഹസിച്ച അസ്ലം മുഹമ്മദിനോട് ക്ഷമിച്ച എംഎൽഎ, പരാതി പിൻവലിച്ച് അദ്ദേഹത്തോടൊപ്പം ചായയും കുടിച്ചാണ് പോലീസ് സ്റ്റേഷനിൽനിന്ന് മടങ്ങിയത്.

കഴിഞ്ഞ ദിവസമാണ് ഫെയ്സ്ബുക്കിലെ ഒരു കമന്റിലൂടെ അസ്ലം മുഹമ്മദ്, ലിന്റോ ജോസഫ് എംഎൽഎയുടെ ശാരീരിക പരിമിതികളെ പരിഹസിച്ചത്. തുടർന്ന് ഡിവൈഎഫ്ഐ നൽകിയ പരാതിയിൽ അസ്ലമിനെ ഇന്ന് തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെ പൊലീസ് ലിന്റോ ജോസഫിനെയും സ്റ്റേഷനിലേക്ക് വിളിച്ചു. അസ്‌ലമിനോട് സംസാരിച്ച ലിന്റോ പരാതി പിൻവലിക്കുകയായിരുന്നു.

അസ്ലമിന് തെറ്റ് ബോധ്യപ്പെട്ടതായി ലിന്റോ ജോസഫ് പ്രതികരിച്ചു. തിരുത്താനുള്ള സന്മനസ് അസ്ലം കാണിച്ചു. തെറ്റ് പറ്റിയാൽ തിരുത്തുകയാണ് വേണ്ടത്. തെറ്റ് പറ്റാത്തവരായി ആരും ഇല്ല. ഇതോടെ ഈ വിഷയം അവസാനിച്ചെന്നും ലിന്റോ ജോസഫ് വ്യക്തമാക്കി.

എംഎൽഎ പ്രതിച്ഛായ വർധിപ്പിക്കാൻവേണ്ടി ചെയ്ത പിആർ വർക്കിന്റെ ഭാഗമാണിതെന്ന തരത്തിൽ ചില മോശം പരാമർശങ്ങൾ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎഫ്‌ഐ പരാതി നൽകിയതെന്ന് എംഎൽഎ വ്യക്തമാക്കി. അതിന്റെ അടിസ്ഥാനത്തിൽ പോലീസ് അസ്ലമിനെ കണ്ടെത്തി സ്‌റ്റേഷനിലെത്താൻ ആവശ്യപ്പെട്ടുവെന്നും അസ്ലം വിളിച്ചതനുസരിച്ച് താനും സ്‌റ്റേഷനിലെത്തിയെന്നും എംഎൽഎ പറഞ്ഞു.

Content Highlights: MLA Linto Joseph withdraws case against a League supporter who insulted his physical limitations