വിട്ടുമാറാത്ത സുഗന്ധം: പുഷ്പന്റെ സന്തതസഹചാരി ടി.ജയേഷ് എഴുതുന്നു

പുഷ്പൻ (ഇൻസൈറ്റിൽ ജയേഷും പുഷ്പനും)
പുഷ്പൻ (ഇൻസൈറ്റിൽ ജയേഷും പുഷ്പനും)

നാലുപതിറ്റാണ്ടിന്റെ സൗഹൃദമാണ് സഖാവ് പുഷ്പനുമായി എനിക്കുള്ളത്. എന്റെ അച്ഛൻ പി.എൻ.ഭാസ്കരൻ മാസ്റ്റർ പഠിപ്പിച്ച നോർത്ത് മേനപ്രം എൽ.പി. സ്കൂളിലാണ് പുഷ്പൻ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതേ സ്കൂളിലാണ് ക്ലാസ് വ്യത്യാസത്തിൽ ഞാനും പഠിച്ചത്. വളരെയടുത്ത് ഇടപഴകിയിരുന്ന കുടുംബങ്ങളായിരുന്നു പുഷ്പന്റെയും ഞങ്ങളുടെതും.

പുഷ്പന്റെ സഹോദരന്മാർ എന്റെ അമ്മയുടെ അച്ഛൻ നടത്തിയിരുന്ന ആണ്ടിപീടികയിലെ കടയിൽ ജോലിചെയ്തിരുന്നു. ഹൈസ്കൂൾ പഠനത്തിനുശേഷം പുഷ്പനും അവിടെ ജോലിക്കെത്തി. പലപ്പോഴും അമ്മയുടെ വീട്ടിൽ ഉച്ചഭക്ഷണം കഴിക്കാൻ ഞങ്ങളൊരുമിച്ചായിരുന്നു പോകുക. അന്നുമുതൽ തുടങ്ങിയതാണ് സൗഹൃദം.

പിന്നീട് സഹോദരീഭർത്താവിന്റെ ബെംഗളൂരുവിലെ കടയിലാണ് പുഷ്പൻ ജോലിചെയ്തത്.

നോർത്ത് മേനപ്രത്ത് നടന്ന ഡി.വൈ.എഫ്.ഐ. യൂണിറ്റ് സമ്മേളനത്തിൽ പങ്കെടുത്ത പുഷ്പൻ പ്രവർത്തകസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഞാൻ നോർത്ത് മേനപ്രം ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിക്കുമ്പോഴാണ് പുഷ്പൻ പാർട്ടി അംഗമാകുന്നത്. പുഷ്പൻ പങ്കെടുത്ത് ബ്രാഞ്ച് യോഗങ്ങൾ നടത്താറുണ്ട്.

കൂത്തുപറമ്പ് വെടിവെപ്പ്‌ സമയത്ത് ഞാൻ എസ്.എഫ്.ഐ. പാനൂർ ഏരിയ ജോയിന്റ് സെക്രട്ടറിയും അവിഭക്ത ഡി.വൈ.എഫ്.ഐ. ചൊക്ലി വില്ലേജ് ജോയിന്റ് സെക്രട്ടറിയുമായിരുന്നു. ചൊക്ലി വില്ലേജിൽനിന്ന്‌ പുഷ്പൻ ഉൾപ്പെടെ ഞങ്ങൾ 12 പേരാണ് കൂത്തുപറമ്പിലെത്തിയത്. മാരാങ്കണ്ടി ജുമാമസ്ജിദ് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള ജീപ്പിൽ മാരാങ്കണ്ടിയിൽനിന്ന്‌ കൂത്തുപറമ്പിലേക്ക് പുറപ്പെട്ടു.

സമരത്തിനിടെ ഡി.വൈ.എഫ്.ഐ. ജില്ലാനേതാവ് പാനൂരിലെ കെ.കെ.രാജീവന് നെറ്റിയിൽ വെടിയേറ്റു. കുഴഞ്ഞുവീഴുകയായിരുന്ന രാജീവനെ പുഷ്പൻ ചേർത്തുപിടിച്ചു. അതേസമയം പുഷ്പന്റെ കഴുത്തിനും വെടിയേറ്റു. മറ്റുപലർക്കും വെടിവെപ്പിൽ പരിക്കേറ്റു. എല്ലാവരെയും കൂത്തുപറമ്പ് ആസ്പത്രിയുടെ വരാന്തയിലെത്തിച്ചു. അതുവഴിയെത്തിയ ബിസ്കറ്റ് വിതരണ വാനിൽ കെ.കെ.രാജീവനെയും പുഷ്പനെയും മധുവിനെയും വെടിവെപ്പിൽ പരിക്കേറ്റവരെയും തലശ്ശേരി ജനറൽ ആസ്പത്രിയിലെത്തിച്ചു. വാഹനത്തിൽ പി.വി.രജീന്ദ്രനാഥ്, എൻ.അനിൽകുമാർ, പി.ടി.കെ.പ്രേമൻ മാസ്റ്റർ എന്നിവരും ഞാനും പേരറിയാത്ത മറ്റു രണ്ടുപേരുമാണ് ഉണ്ടായിരുന്നത്.

തലശ്ശേരി ജനറൽ ഹോസ്പിറ്റലിലെ പ്രാഥമിക പരിശോധനയ്ക്കുശേഷം പുഷ്പന്റെ ആരോഗ്യസ്ഥിതി അതി ഗുരുതരമാണെന്നും ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കണമെന്നും ഡോക്ടർമാർ അറിയിച്ചു. ഞാനും നിടുമ്പ്രത്തെ കെ.ദിനേഷ് ബാബുവും ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ടു. വഴിയിലുടനീളം കല്ലും മരങ്ങളും ടയറുകളും കൂട്ടിയിട്ട് വാഹനഗതാഗതം തടസ്സപ്പെട്ടിരുന്നു. എന്റെ ഷർട്ടിലും മുണ്ടിലും മുഴുവൻ ചോരയായിരുന്നു. ചോരപുരണ്ട വസ്ത്രങ്ങളുമായി വഴിയിലെ തടസ്സങ്ങളുള്ള സ്ഥലത്ത് ഞങ്ങൾ ആംബുലൻസിൽനിന്ന്‌ ഇറങ്ങി. കൂത്തുപറമ്പിൽ വെടിവെപ്പ്‌ നടന്നിട്ടുണ്ടൈന്നും പരിക്കേറ്റവരെ കൊണ്ടുവരാൻ തടസ്സങ്ങൾ ഒഴിവാക്കിത്തരണമെന്നും അഭ്യർഥിച്ചപ്പോൾ ഹൈവേയിലെ മുഴുവൻ തടസ്സങ്ങളും മിനിട്ടുകൾക്കകം നീക്കംചെയ്ത് ആംബുലൻസ് അതിവേഗം മെഡിക്കൽ കോളേജിലെത്തിച്ചേരാനുള്ള സൗകര്യങ്ങൾ ചെയ്തുതന്നു.

പുഷ്പനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സുഷുമ്ന നാഡിക്ക് വെടിയേറ്റതിനാൽ ഇനി കഴുത്തിനുതാഴെ ചലനശക്തിയുണ്ടാകില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഞങ്ങൾ ‍ഞെട്ടിത്തരിച്ചു. പതിയെ പുഷ്പനും ഞങ്ങളും യാഥാർഥ്യവുമായി പൊരുത്തപ്പെടുകയായിരുന്നു.

Content Highlights: A lingering fragrance: Comrade Pushpan's friend T Jayesh writes