വൻ ഇടിമിന്നൽ; പാലക്കാട് വീട് കത്തി, പെരുമ്പാവൂരിൽ കട്ടിലിൽ തീപ്പിടിച്ച് കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

#ന്യൂസ് ഡെസ്ക്
കനത്ത ഇടിമിന്നലിനെത്തുടർന്നുണ്ടായ നാശനഷ്ടം
കനത്ത ഇടിമിന്നലിനെത്തുടർന്നുണ്ടായ നാശനഷ്ടം

പെരുമ്പാവൂർ/ പാലക്കാട്: പെരുമ്പാവൂർ വെങ്ങോലിയിൽ വീടുകൾക്ക് ഇടിമിന്നലേറ്റ് കനത്ത നാശനഷ്ടം. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കത്തിനശിച്ചു. കഴിഞ്ഞ രാത്രിയിലുണ്ടായ കനത്ത ഇടിമിന്നലിൽ പത്തുവീടുകൾക്കാണ് വലിയ നാശനഷ്ടമുണ്ടായത്.

ഒരു വീടിന്റെ മുന്നിൽ വലിയ ഗർത്തം രൂപപ്പെടുകയും കല്ലും മണ്ണും തെറിച്ച് മറ്റൊരു വീടിന്റെ മേൽക്കൂരയിലേക്ക് വീഴുകയും ചെയ്തു. ഇതോടെ ഈ മേൽക്കൂര തകർന്നു. പല വീടുകളിൽ ഇലക്ട്രിക് ഉപകരണങ്ങൾ പൊട്ടിത്തെറിച്ചു. ചില വീടുകളിൽ സ്വിച്ച് ബോർഡുകളുൾപ്പെടെ കത്തിനശിച്ചു. കട്ടിലിൽ തീപടർന്ന് കുട്ടിയുടെ കൈക്ക് പൊള്ളലേറ്റ സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പാലക്കാട്ട് ഒലവക്കോട്ടെ ഒരു വീട്ടിൽ ശക്തമായ ഇടിമിന്നലിനെത്തുടർന്ന് തീപ്പിടിത്തമുണ്ടായി. ഒലവക്കോട് സ്വദേശിയായ ഗഫൂർ താമസിക്കുന്ന വാടകവീടിനാണ് ഇടിമിന്നലിൽ തീപ്പിടിച്ചത്. വീട്ടിലെ സോഫാ സെറ്റ്, ടി.വി., ഫാൻ, ഇലക്ട്രിക് വയറിങ് എന്നിവ പൂർണമായി കത്തിനശിക്കുകയും ജനൽച്ചില്ലുകൾ പൊട്ടിത്തെറിക്കുകയും ചെയ്തു. സംഭവസമയത്ത് വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. ബന്ധുവിന് അസുഖമായതിനാൽ കുറച്ചുദിവസമായി അവരുടെ വീട്ടിലായിരുന്നു താമസം. ഗ്യാസ് ബുക്ക് എടുക്കുന്നതിനായി രാവിലെ വീട്ടിലെത്തിയപ്പോഴാണ് അപകടം സംഭവിച്ചതായറിഞ്ഞത്.