രാഹുലിനെ അയോഗ്യനാക്കാനുള്ള നീക്കവുമായി എൽഡിഎഫ്, മുകേഷിനെതിരേ കോൺഗ്രസും നടപടി ആവശ്യപ്പെട്ടേക്കും

#ന്യൂസ് ഡെസ്‌ക്
Photo: facebook.com/rahul mamkootathil
Photo: facebook.com/rahul mamkootathil

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസുകൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎസ്ഥാനത്തുനിന്ന് അയോഗ്യനാക്കുന്നതിനുള്ള നീക്കവുമായി എൽഡിഎഫ്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും തീരുമാനം.

നിയമസഭാ എത്തിക്സ് കമ്മിറ്റിക്കുമുൻപാകെയാണ് ഇത്തരം പരാതികൾ വരുക. സമിതിക്ക് ഒരംഗത്തെ അയോഗ്യനാക്കാനുള്ള അധികാരമില്ലെങ്കിലും നിയമസഭയ്ക്കുമുൻപാകെ ശുപാർശ സമർപ്പിക്കാനാകും. ആരോപണവിധേയന് വിശദീകരണത്തിന് അവസരം നൽകിവേണം ശുപാർശനൽകേണ്ടത്.

നിയമസഭയുടെ കാലാവധി തീരാറായിരിക്കെ നടപടി പൂർത്തിയാക്കാൻ സമയം തികയുമോയെന്ന സംശയമുണ്ട്. പൂർത്തിയാക്കാനായില്ലെങ്കിലും കാര്യങ്ങൾ തുടങ്ങിവെക്കാമെന്നുള്ള അഭിപ്രായം നേതാക്കൾക്കുണ്ട്.

ഇത്തരമൊരു നടപടി ഉണ്ടായാൽ രാഹുലിനെ സംരക്ഷിക്കുന്ന നിലപാട് എടുക്കില്ലെന്നാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന സൂചന. രാഹുലിനെതിരേ നടപടിയെടുക്കണമെന്ന നിലപാടിലായിരുന്നു ആദ്യംമുതൽതന്നെ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതാക്കൾ. നിലവിൽ പാർട്ടിക്ക് പുറത്തായ ആളെ സംരക്ഷിക്കേണ്ട ബാധ്യതയില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, ഭരണപക്ഷത്തും സ്ത്രീ അതിക്രമ പരാതി നേരിടുന്ന എം. മുകേഷിനെ ചൂണ്ടിക്കാട്ടി പ്രതിപക്ഷം സമാനനടപടി ആവശ്യപ്പെട്ടേക്കും.

രണ്ടുവ്യക്തികൾ തമ്മിലുള്ള ക്രിമിനൽ കേസിൽ നിയമസഭ തീർപ്പുകൽപിക്കുന്നത് ശരിയാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്. ആരോപണവിധേയൻ കുറ്റക്കാരനാണോയെന്ന് വിധിപറയേണ്ടത് കോടതിയാണെന്നിരിക്കേ അതിനുമുൻപ് അംഗത്തെ അയോഗ്യനാക്കുന്നതിലേക്ക് നിയമസഭ പോകണോയെന്ന ചോദ്യവും ഉയരുന്നുണ്ട്.

പാർലമെന്റിൽ ചോദ്യം ചോദിക്കുന്നതിന് പണം കൈപ്പറ്റിയ കേസിൽ എംപിമാരെ പുറത്താക്കിയതാണ് ഇതിനുസമാനമായ സംഭവം. എന്നാൽ, അത് പാർലമെന്റുമായി നേരിട്ട് ബന്ധപ്പെട്ട സംഭവമായിരുന്നു. പുതിയ കീഴ്വഴക്കം തുടങ്ങിവെക്കണോയെന്ന സംശയം ഭരണപക്ഷത്തുതന്നെയുണ്ട്.

Content Highlights: LDF moves to disqualify MLA Rahul Mamkootathil over sexual assault allegations. Congress signals no protection. Legal advice sought.