ലാവ്‌ലിനും ബെഹ്റ പാലവും | നിയമസഭ അവലോകനം

#ഡി. പ്രമേഷ് കുമാര്‍
Photo: Mathrubhumi Archives
Photo: Mathrubhumi Archives

'ഹൂ ഈസ് അഫ്രൈഡ് ഓഫ് വിര്‍ജീനിയ വൂള്‍ഫ്? ' എന്നതിന് ലോക്നാഥ് ബെഹ്റയെ ആര്‍ക്കാണ് പേടി എന്ന് പരിഭാഷപ്പെടുത്താമോ എന്നറിയില്ല. വി.കെ.എന്‍ പണ്ട് സമാനമായൊരു തര്‍ജ്ജമ നടത്തിയിരുന്നു. പി.ടി.തോമസ് എം.എല്‍.എ അത്തരമൊരു ഉദ്യമത്തിന് മുതിര്‍ന്നില്ലെങ്കിലും ബെഹ്‌റയെ ആര്‍ക്കാണ് പേടി എന്നതിനുള്ള ഉത്തരം നിയമസഭയില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായിക്ക് പോലീസ് മേധാവിയായ ലോക് നാഥ് ബെഹ്റയെ പേടിയാണോ  എന്ന  ചോദ്യരൂപത്തിലാണ്  പി.ടി തോമസ് ഇക്കാര്യം ഉന്നയിച്ചത്. 

പോലീസ് സേനയെ കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ടിന്മേല്‍ സിബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുള്ള  പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയമായിരുന്നു വിഷയം. ലോക്നാഥ് ബെഹ്റയെ ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തി അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. സി.എ.ജി റിപ്പോര്‍ട്ടിന്റെ പേരില്‍ ബെഹ്റയെ മാറ്റി മറ്റാരെയെങ്കിലും വെയ്ക്കാന്‍ സര്‍ക്കാരില്ല എന്നു കൂടി വ്യക്തമാക്കി സി.ബി.ഐ അന്വേഷണാവശ്യം മുഖ്യമന്ത്രി തള്ളിയതോടെയാണ് പി.ടി.തോമസ് മുഖ്യമന്ത്രിയുടെ ബെഹ്റ പേടിയിലേക്കും ലാവ്ലിന്‍ പേടിയിലേക്കും കടന്നത്. 

മുഖ്യമന്ത്രിക്ക് ഇരട്ടച്ചങ്കല്ല ഓട്ടച്ചങ്കാണ് എന്ന വിമര്‍ശനമൊന്നും പി.ടിയ്ക്കില്ല. മാത്രമല്ല. ഇരട്ടച്ചങ്കുള്ള ഒരു മുഖ്യമന്ത്രിക്ക്  കീഴില്‍ എം.എല്‍.എ ആയി ഇരിക്കുന്നതില്‍ തെല്ല് അഭിമാനവുമുണ്ട്. പക്ഷെ, ബെഹ്റയെ കാണുമ്പോള്‍ മുഖ്യമന്ത്രിയുടെ ഇരട്ടച്ചങ്ക് തന്നെ ഇടിക്കുന്നത് പിടി.തോമസിന് കേള്‍ക്കാമത്രെ. പി.ടിയുടെ അഭിപ്രായത്തില്‍ പാവം ക്രൂരനായ ലോക്നാഥ് ബെഹ്റ എന്ന പാലത്തിലൂടെയാണ് മുഖ്യമന്ത്രി രാജധാനിയിലേക്ക് സഞ്ചരിക്കുന്നത്. ആ പാലം വഴി സഞ്ചരിച്ചാല്‍ മുഖ്യമന്ത്രി അഗാധഗര്‍ത്തത്തില്‍ പതിച്ചുവെന്നു വരാം. ബെഹ്റ പാലത്തിലൂടെയുള്ള മുഖ്യമന്ത്രിയുടെ സഞ്ചാരത്തിന് ഏത് ടൊര്‍ണാഡോയാണ് ഭീഷണി എന്ന് മാത്രം പി.ടിതോമസ് പറഞ്ഞില്ല.

പി.ടി.തോമസ് ഉന്നയിച്ച ലാവ്‌ലിന്‍ ആയി ഒടുവില്‍ അടിയന്തര പ്രമേയ ചര്‍ച്ചയുടെ ആകെത്തുക. ഏത് ലാവ്ലിന്റെ  കാര്യമാണ് പി.ടിതോമസ് ഉന്നയിക്കുന്നതെന്നായി മുഖ്യമന്ത്രി. അതില്‍ തനിക്ക് ശങ്കിക്കാനൊന്നുമില്ലെന്നും വിചാരണക്കോടതിയും ഹൈക്കോടതിയും ജുഡിഷ്യല്‍ പരിശോധന നടത്തി തള്ളിയ കാര്യമാണോ പി.ടി ഉദ്ദേശിക്കുന്നതെന്നും  മുഖ്യമന്ത്രി ചോദിച്ചു.

പ്രതിപക്ഷ നേതാവിന്റെ വോക്കൗട്ട്‌ പ്രസംഗത്തിലും ലാവ്ലിന്‍ കടന്നുവന്നപ്പോള്‍ മുഖ്യമന്ത്രി ഇടപെട്ടു. നിങ്ങള്‍ക്ക്  ചില മോഹങ്ങള്‍ ഉണ്ടാകും. പക്ഷെ ഇന്ന് തന്റെ പേരില്‍ ഒരു കേസും ഇല്ലെന്ന്  മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലാവ്ലിന്‍  കേസ് സുപ്രീംകോടതിയില്‍ നിലനില്‍ക്കുകയാണെന്ന് മാത്രമെ താന്‍ പറഞ്ഞുള്ളൂവെന്നും അതിലും മുഖ്യമന്ത്രിയ്ക്ക് അനുകൂലമായ വിധിയാണ് വരുന്നതെങ്കില്‍ നല്ലതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞതോടെ ലാവ്ലിന്‍ വിവാദം അവസാനിച്ചു. പക്ഷേ, സംസ്ഥാന പോലീസ് മേധാവി ഒരു ആട്ടിന്‍ കുട്ടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ പ്രതിപക്ഷ നേതാവിന് യോജിക്കാന്‍ കഴിഞ്ഞെന്നുവരില്ല. 

ഡി.ജി.പി.യെക്കുറിച്ച് എ.ഡി.ജി.പി ആയ ക്രൈം ബ്രാഞ്ച് മേധാവി അന്വേഷിക്കുന്നത് കോഴിയെ സംരക്ഷിക്കാന്‍ കുറുക്കനെ എല്‍പ്പിക്കുന്നത് പോലെയാണത്രെ... അപ്പോള്‍ കോഴിയെ തിന്നാവുമല്ലോ കുറുക്കന്റെ അന്വേഷണം എന്ന് സംശയിക്കേണ്ടി വരില്ലേ... കഥയില്‍ ചോദ്യമില്ലല്ലോ എന്ന് കരുതി ആശ്വസിക്കാം,

ഭരണഘടനാ സ്ഥാപനമായ സി.എ.ജിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര സെക്രട്ടറിയെ ചുമതലപ്പെടുത്തിയതിലെ നീതി കേടായിരുന്നു പി.ടി തോമസ് ചൂണ്ടിക്കാട്ടിയത്. പ്രതിപക്ഷ നേതാവിന്റെ കത്തിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ആഭ്യന്തര സെക്രട്ടറിയില്‍ നിന്ന് തേടിയതെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. ഈ സമയം ഒരു അനുകൂല ഗോള്‍ പ്രതീക്ഷിച്ച് എസ്. ശര്‍മ്മയ്ക്ക് മുഖ്യമന്ത്രി വഴങ്ങുകയും ചെയ്തു. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ  പാമോയില്‍ കേസില്‍ താനും എം.എം.ഹസനും ഉള്‍പ്പെട്ട നിയമ സഭയുടെ പബ്ലിക് അണ്ടര്‍ ടേക്കിംഗ് കമ്മിറ്റിയാണ് സി.എ.ജി റിപ്പോര്‍ട്ട് പരിശോധിച്ചതെന്ന് ശര്‍മ്മ ഓര്‍മ്മിപ്പിച്ചു. അന്ന് ശര്‍മയേക്കാള്‍ ആവേശത്തില്‍ അത് പരിശോധിച്ചത് സമിതി ചെയര്‍മാനായിരുന്ന എം.എം.ഹസനാണെന്ന് പറഞ്ഞ് ഗോള്‍ വലയിലാക്കിയത് പക്ഷെ മുഖ്യമന്ത്രിയാണെന്ന് മാത്രം. കോണ്‍ഗ്രസിലെ പഴയ തീവ്ര ഗ്രൂപ്പ് രാഷ്ട്രീയത്തെ കുറിച്ചുള്ള മുന വെച്ച ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി അത്. 2013 മുതല്‍ 2018 വരെയുള്ള കാര്യങ്ങളാണ് സി.എ.ജി റിപ്പോര്‍ട്ടിലുള്ളതെന്നും വിവിധ ആഭ്യന്തര മന്ത്രിമാര്‍ അക്കാലത്തുണ്ടെന്നും  മുഖ്യമന്ത്രി പറഞ്ഞതോടെ എല്ലാം അന്വേഷിക്കാന്‍ സി.ബി.ഐ വരട്ടെ  എന്നായി പ്രതിപക്ഷം. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്തെ ഇടപാടുകള്‍ അന്വേഷിക്കാന്‍ ഉണ്ടാക്കിയ എ.കെ ബാലന്‍ കമ്മിറ്റി  പോലീസിന്റെ ഉണ്ടയും തോക്കും പോയത് കണ്ട്  പിടിച്ചാരുന്നോ എന്നും പി.ടി.തോമസ് ചോദ്യമെറിഞ്ഞു.

തിരഞ്ഞെടുപ്പു കാലത്തേക്ക് സംസ്ഥാന രാഷ്ട്രീയം പോകുന്നതിന്റെ പ്രതിഫലനം സഭയിലും ഉണ്ടാകുമെന്നുറപ്പായി. സി.എ.ജി. റിപ്പോര്‍ട്ടിന്മേലുള്ള അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിക്കപ്പെട്ടതോടെ ഒരിറങ്ങിപ്പോക്കില്‍ അവസാനിപ്പിക്കാന്‍ തയ്യാറാവാതെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങുകയായിരുന്നു. പതിനാലാം നിയമസഭയുടെ 19-ാം സമ്മേളനത്തിന്റെ ആദ്യദിനം ശൂന്യ വേള ബഹളത്തില്‍ മുങ്ങി.പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതിനെ തുടര്‍ന്ന് ആദ്യ ദിവസത്തെ ഉപധനാഭ്യര്‍ത്ഥനകള്‍ പാസ്സാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. 

Content Highlights: Lavalin case and Lokanath Behera

Content Highlights: