‘നിന്റെ അന്ത്യം കണ്ടിട്ടേ ഉറക്കമുള്ളൂ’; കോളേജ് അധ്യാപകന് കെ.എസ്.യു. ജില്ലാ സെക്രട്ടറിയുടെ ഭീഷണി

#ന്യൂസ് ഡെസ്ക്
Photo: Mathrubhumi
Photo: Mathrubhumi

കായംകുളം (ആലപ്പുഴ): എം.എസ്.എം. കോളേജ് ഫിസിക്സ് വിഭാഗം തലവൻ കെ.എം. അനിൽകുമാറിന്റെ വാട്സാപ്പിലേക്ക് കെ.എസ്.യു. ആലപ്പുഴ ജില്ലാ സെക്രട്ടറി മുഹമ്മദ് സുഹൈലിന്റെ ഭീഷണിസന്ദേശം. ആവശ്യത്തിനു ഹാജരില്ലാത്തതിനാൽ എം.എസ്.എം. കോളേജിൽനിന്നു പുറത്താക്കപ്പെട്ട വിദ്യാർഥിയാണ് മുഹമ്മദ് സുഹൈലെന്ന് അധികൃതർ പറഞ്ഞു. ഈ വിരോധമാണ് ഭീഷണിക്കു കാരണം.

‘നിന്റെ അന്ത്യം കണ്ടിട്ടേ ഉറക്കമുള്ളൂ. നിന്നെ ഞാൻ നശിപ്പിക്കും. നിന്നെയും ഫറൂഖിനെയും അൻവറിനെയും നശിപ്പിച്ചിട്ടേയുള്ളൂ ബാക്കിക്കാര്യം. എനിക്കുവേണ്ടി വിളിക്കാൻ പോകുന്നതു മുഖ്യമന്ത്രിയായിരിക്കും. നീ എഴുതിവെച്ചോ. ബാക്കിയെന്തു കാണിക്കണമെന്നും എങ്ങനെ കാണിക്കണമെന്നും എനിക്കറിയാം. അതു ഞാൻ കാണിച്ചുതരാം’ -എന്നായിരുന്നു ഭീഷണിസന്ദേശം. സന്ദേശത്തിൽ പറയുന്ന മറ്റു രണ്ടുപേരും കോളേജിലെ അധ്യാപകരാണ്.

ഇടത് അധ്യാപകസംഘടനയായ എ.കെ.പി.സി.ടി.എ.യുടെ നേതാവുകൂടിയായ കെ.എം. അനിൽകുമാർ, പ്രിൻസിപ്പലിനു പരാതിനൽകി. പരാതി പ്രിൻസിപ്പൽ പോലീസിനു കൈമാറി.

Content Highlights: KSU District Secretary Mohammed Suhail allegedly sent threatening messages to MSM College HOD K.M. Anilkumar., The conflict stems from the student being expelled due to lack of attendance., The professor has filed a formal complaint with the college principal, which has been escalated to the police.