പിഎം ശ്രീ; ’വിദ്യാഭ്യാസ താൽപര്യങ്ങൾ സംരക്ഷിക്കണം’, സർക്കാർ നിലപാടിനെതിരേ KSU ജില്ലാ പ്രസിഡന്റ്

കാസർകോട്: പി.എം.ശ്രീ. വിഷയത്തിൽ യു.ഡി.എഫ്. സർക്കാരിന്റെ നിലപാടിനെ വിമർശിച്ച് കെ.എസ്.യു. ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് മൊഗ്രാൽ പുത്തൂർ രംഗത്ത്. വിഷയത്തിൽ യു.ഡി.എഫ്. സർക്കാർ അടിയന്തരമായി രാഷ്ട്രീയ തീരുമാനം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്കിലാണ് ജവാദ് കുറിപ്പിട്ടത്.
കേരളത്തിന്റെ വിദ്യാഭ്യാസ സ്വയംഭരണത്തെയും ഫെഡറൽ മൂല്യങ്ങളെയും ബാധിക്കുന്ന വിഷയങ്ങളിൽ സാങ്കേതിക ന്യായീകരണങ്ങൾക്കപ്പുറം വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം പോസ്റ്റിൽ തുറന്നടിക്കുന്നു. എൽ.ഡി.എഫ്. സർക്കാർ പി.എം.ശ്രീ. പദ്ധതി നടപ്പാക്കുന്നതിനെതിരേ ഒക്ടോബറിൽ കാസർകോട്ട് സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ചിത്രം ഉൾപ്പെടെയാണ് അദ്ദേഹം ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടത്. മുൻ എൽ.ഡി.എഫ്. സർക്കാർ കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കുമുന്നിൽ അടിയറവെച്ചപ്പോൾ അതിനെ രാഷ്ട്രീയമായി ചോദ്യംചെയ്യുകയും പ്രതിരോധിക്കുകയും ചെയ്തവരാണ് കെ.എസ്.യു. ആ നിലപാടിൽനിന്ന് ഒരടിപോലും പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പോസ്റ്റിനെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് കമന്റുകളായി വന്നത്. കോൺഗ്രസിലെ ഗ്രൂപ്പ്കളിയുമായി ബന്ധപ്പെട്ടുള്ള പോസ്റ്റാണിതെന്നും ലീഗിനെ ആക്രമിക്കാനുള്ള ആയുധമായി ഉപയോഗിക്കുന്നുവെന്നുമുള്ള കമന്റുകളും പോസ്റ്റിന് താഴെയുണ്ട്.
Content Highlights: KSU District President demands political clarity on PM SHRI., Concerns raised regarding federal values and educational autonomy., Reference to previous LDF protests against the central project., Mixed public reaction to the social media post.