ബസ് കിടപ്പുമുറി, കാര്‍ഡ്‌ബോര്‍ഡ് കിടക്ക, ചുറ്റും കൊതുക്; KSRTC ജീവനക്കാരുടെ ഡിപ്പോയിലെ താമസം ഇങ്ങനെ

#ഹരി ആര്‍. പിഷാരടി
വെറുതേകിടന്ന് നശിച്ച 'സ്റ്റാഫ് സ്ലീപ്പര്‍ എസി ബസ്'. കോട്ടയം ഡിപ്പോയിലെത്തുന്ന സ്റ്റേ സര്‍വീസ് ബസ് ജീവനക്കാര്‍ക്ക് കിടക്കാന്‍ സജ്ജമാക്കിയതായിരുന്നു.
വെറുതേകിടന്ന് നശിച്ച 'സ്റ്റാഫ് സ്ലീപ്പര്‍ എസി ബസ്'. കോട്ടയം ഡിപ്പോയിലെത്തുന്ന സ്റ്റേ സര്‍വീസ് ബസ് ജീവനക്കാര്‍ക്ക് കിടക്കാന്‍ സജ്ജമാക്കിയതായിരുന്നു.

കോട്ടയം: ''ബസാണ് മുറി. കാര്‍ഡ് ബോര്‍ഡാണ് കിടക്ക. കൊതുകിനെ അടിക്കാനല്ലാതെ ഉറങ്ങാന്‍ സമയം കിട്ടാറില്ല'' -കോട്ടയം ഡിപ്പോയില്‍നിന്ന് പോയി നെടുങ്കണ്ടത്ത് രാത്രി സ്‌റ്റേയുള്ള കെഎസ്ആര്‍ടിസി ബസിലെ ജീവനക്കാര്‍ ദുരിതജീവിതം പറയുന്നു. കോട്ടയത്തുനിന്ന് വൈകീട്ട് 3.50-നാണ് പുറപ്പെടുന്നത്. രാത്രി 8.40-ന് നെടുങ്കണ്ടത്തെത്തും. പിറ്റേന്ന് പുലര്‍ച്ചെ 6.40-ന് മടങ്ങും. നെടുങ്കണ്ടം പ്രൈവറ്റ് സ്റ്റാന്‍ഡിലാണ് ബസ് പാര്‍ക്ക് ചെയ്യുന്നത്. അവിടത്തെ കംഫര്‍ട്ട് സ്റ്റേഷനിലാണ് പ്രാഥമിക കൃത്യങ്ങള്‍. ഡ്രൈവര്‍ ഇ.എം. സാജനും കണ്ടക്ടര്‍ പി.കെ. ബിജുമോനും ഇതെല്ലാം ശീലം.

''നെടുങ്കണ്ടം ഡിപ്പോയില്‍ ഒറ്റമുറിയേയുള്ളു. അവിടത്തെ ജീവനക്കാര്‍ക്കുപോലും കിടക്കാന്‍ സൗകര്യമില്ല. പൈപ്പുവെള്ളം മോശം. പല്ലു തേക്കാന്‍, 20 രൂപ കൊടുത്ത് കുപ്പിവെള്ളം വാങ്ങും'' -സാജന്‍ പറഞ്ഞു.

വനിതാ ജീവനക്കാര്‍ക്ക് ബാത്ത് റൂമില്ല

:ജീവിതസാഹചര്യങ്ങള്‍ കാരണം രാത്രിട്രിപ്പ് ഡ്യൂട്ടി ചോദിച്ചുവാങ്ങിയതാണ് കോട്ടയം ഡിപ്പോയിലെ വനിതാ കണ്ടക്ടറായ എം.ജി. സ്മിത. അതുകൊണ്ട് അസൗകര്യങ്ങളില്‍ പരിഭവമില്ല. എങ്കിലും സ്ത്രീയല്ലേ, ചില പ്രയാസങ്ങളുണ്ട്. സ്ഥിതി മെച്ചപ്പെട്ടാല്‍ കൊള്ളാമെന്നുമുണ്ട്. കോട്ടയം-തെങ്കാശി സ്റ്റേ സര്‍വീസിലെ കണ്ടക്ടറാണ് സ്മിത.

കോട്ടയത്തുനിന്ന് രാത്രി ഏഴിന് പുറപ്പെടുന്ന ബസ് 11.30-ന് തെങ്കാശിയിലെത്തും. പുലര്‍ച്ചെ ഒന്നിന് മടക്കം. ഈ ഒന്നര മണിക്കൂര്‍ വിശ്രമത്തിനുപോലും സ്വസ്ഥമായൊരു സംവിധാനമില്ല.

മുമ്പ് തെങ്കാശി സ്റ്റാന്‍ഡില്‍ ആണുങ്ങള്‍ക്ക് ഒരു മുറിയുണ്ടായിരുന്നു. കെട്ടിടം പുതുക്കിപ്പണിതപ്പോള്‍ അതും ഇല്ലാതായി. ബാത്ത്റൂം വൃത്തിഹീനം. കയറാറില്ല -സ്മിത പറയുന്നു.

മൂന്നു കട്ടില്‍, നാലു പേര്‍

കോട്ടയത്തുനിന്ന് കാവാലത്തേക്കുള്ള രാത്രി സര്‍വീസിലെ ജീവനക്കാര്‍ക്ക് ഒറ്റമുറിയിലാണ് രാത്രി ജീവിതം. കോട്ടയത്തുനിന്നും ചങ്ങനാശ്ശേരിയില്‍നിന്നുമായി രണ്ട് സ്റ്റേ ബസുണ്ട്. ''നാല് ജീവനക്കാര്‍ക്ക് കിടക്കാന്‍ ബസ് സ്റ്റാന്‍ഡിന് പിന്നില്‍ പഞ്ചായത്ത് വക ഇടുങ്ങിയ മുറി. മൂന്നു കട്ടില്‍. ഒരാള്‍ താഴെ കിടക്കും. വേനല്‍ക്കാലത്ത് ചൂട്. മഴക്കാലത്ത് വെള്ളം കയറും. ശൗചാലയം പൊട്ടിപ്പൊളിഞ്ഞത്. മഴക്കാലത്താണ് ഏറെ പ്രയാസം'' -കോട്ടയം ഡിപ്പോയിലെ കണ്ടക്ടര്‍ പ്രസാദ് കുമാര്‍ പറഞ്ഞു.

എസി ബസ് കട്ടപ്പുറത്ത്

സ്റ്റേ സര്‍വീസിന് കോട്ടയം ഡിപ്പോയിലെത്തുന്ന ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും വിശ്രമിക്കാനായി ഒരു ബസ് സീറ്റുകള്‍ മാറ്റി ഹാള്‍ പോലെയാക്കി ശീതികരിച്ച് സജ്ജീകരിച്ചിരുന്നു. സ്റ്റാഫ് സ്ലീപ്പര്‍ എന്ന് പേരുമിട്ടു. എസി കേടായതോടെ ഒരുവര്‍ഷമായി ഇത് കട്ടപ്പുറത്തുകിടന്ന് നശിക്കുന്നു. വാതില്‍ ഇളകി. പല ഭാഗങ്ങളും ദ്രവിച്ചു. ഇപ്പോള്‍ ഡിപ്പോയുടെ ഒരറ്റത്ത് ആര്‍ക്കുംവേണ്ടാതെ കിടന്നുനശിക്കുന്നു.


 

Content Highlights: Kottayam KSRTC staff face dire conditions during night stay duties, lacking basic amenities