ശമ്പളം നൽകാൻപോലും സർക്കാർ സഹായിക്കുന്നില്ല; രാജിവെക്കുമെന്ന് KSRTC എംഡി ബിജു പ്രഭാകർ

ബിജുപ്രഭാകര്‍
ബിജുപ്രഭാകര്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള പ്രതിസന്ധി രൂക്ഷമായതിനു പിന്നാലെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സി.എം.ഡി. ബിജു പ്രഭാകര്‍. രാജി സന്നദ്ധത സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി. ശമ്പളം നല്‍കുന്നതിന് പോലും സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്നും കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധിയേക്കുറിച്ച് ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തുമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. അതേസമയം, രാജി സംബന്ധിച്ച വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു പറയുന്നത്.

കഴിഞ്ഞ ദിവസം ബിജു പ്രഭാകറിന്റെ വസതിയിലേക്ക് ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. ഉതുള്‍പ്പടെ തന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് ബിജു പ്രഭാകര്‍ കുറ്റപ്പെടുത്തുന്നു. സി.ഐ.ടി.യു. ഉള്‍പ്പടെയുള്ള തൊഴിലാളി സംഘടനകള്‍ കുറ്റം മുഴുവന്‍ തന്‍റെയും മാനേജ്‌മെന്റിന്റെയും തലയില്‍ മാത്രമിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കെ.എസ്.ആര്‍.ടി.സി. ശമ്പളവും പെന്‍ഷനും വൈകുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിരവധി കേസുകളുണ്ട്. ആ കേസുകളില്‍ സി.എം.ഡിയേയും മാനേജ്‌മെന്റിനേയും കോടതി രൂക്ഷമായി വിമര്‍ശിക്കാറുമുണ്ട്. നിരന്തരം ഇത്തരത്തിലുള്ള തിരിച്ചടികളുണ്ടാകുന്നതും സ്ഥാനം ഒഴിയുന്നതിന് പ്രേരിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കെഎസ്ആർടിസി 'വാർത്തകളും വസ്തുതകളും"

കെഎസ്ആർടിസി "വാർത്തകളും വസ്തുതകളും" എങ്ങനെയായിരുന്നു കെഎസ്ആർടിസി ? നിലവിൽ എന്താണ് കെഎസ്ആർടിസി ? എങ്ങനെയാകണം കെഎസ്ആർടിസി ? എന്നിവയെ സംബന്ധിച്ച് കേട്ടറിഞ്ഞതും, പഠിച്ചതും, തിരിച്ചറിഞ്ഞതുമായ കാര്യങ്ങൾ വിശദമായി പറയേണ്ടതുണ്ട്. ആയത് 5 എപ്പിസോഡുകളായി കെഎസ്ആർടിസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ വഴി 15.07.2023 ശനിയാഴ്ച മുതൽ തുടർച്ചയായി അഞ്ചുദിവസങ്ങളിലായി വൈകിട്ട് 6 മണിക്ക് നിങ്ങളിലേക്ക് എത്തുകയാണ്... 2023 ഏപ്രിൽ മാസം വരെയുള്ള കെഎസ്ആർടിസിയുടെ സാമ്പത്തികസ്ഥിതിയും വരവും, ചെലവും സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തി വിശദമായി വിവരങ്ങൾ അവതരിപ്പിക്കുകയാണ്. സ്നേഹാദരങ്ങളോടെ ശ്രീ ബിജുപ്രഭാകർ IAS ചെയർമാൻ & മാനേജിംഗ് ഡയറക്ടർ , കെഎസ്ആർടിസി Episode -1 കെ എസ് ആർ ടി സിയുടെ നിലവിലെ (ഏപ്രിൽ മാസം വരെയുള്ള) വരവ്,ചിലവ് കണക്കുകൾ ശമ്പളം വൈകുന്നതിൻ്റെ നിജസ്ഥിതി. Episode - 2 എന്താണ് കെ എസ് ആർ ടി സി സ്വിഫ്റ്റ്? എന്തിനാണ് കെ എസ് ആർ ടി സി സ്വിഫ്റ്റ് ? സ്വിഫ്റ്റ് കെ എസ് ആർ ടി സി യുടെ അന്തകനാണൊ? Episode -3 ഡി സി പി എന്തിന്? എന്താണ് ഡി സി പി യുടെ പ്രധാന്യം ? Episode -4 റീസ്ട്രക്ച്ചർ 2.0 എന്താണ്? എന്തായിരുന്നു കെഎസ്ആർടിസി?സുശീൽ ഖന്നാ റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ ? Episode - 5 എന്താണ് ഫീഡർ സർവീസ് ? #KSRTC #CMD #VARTHAKALUMVASTHUTHAYUM #socialmediacell

Posted by Kerala State Road Transport Corporation on Friday, July 14, 2023

തൊഴിലാളികളുടെയും സംഘടനകളുടേയും ഭാഗത്തുനിന്ന് വേണ്ടവിധത്തിലുള്ള സഹകരണം ലഭിക്കുന്നില്ലെന്നും ഒരു വിഭാഗം ജീവനക്കാര്‍ തനിക്കെതിരെ കൃത്യമായ അജണ്ടയോടെ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നു. കെ.എസ്. ആര്‍.ടി.സിയുടെ സാമ്പത്തിക സ്ഥിതിയുള്‍പ്പടെയുള്ള വസ്തുതകള്‍ ശനിയാഴ്ച വൈകിട്ട് ആറു മണി മുതല്‍ തുടര്‍ച്ചയായി അഞ്ചു ദിവസം ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: ksrtc crisis cmd biju prabhakar criticizes government says he is willing to resign