രാഷ്ട്രീയം പറഞ്ഞ് വിമർശനം കേട്ടാൽ തിരുവസ്ത്രത്തിലാണെന്ന് പറയരുത് - കെ.എസ്.രാധാകൃഷ്ണൻ

കൊച്ചി: മതമേലധ്യക്ഷന്മാർ സജീവ രാഷ്ട്രീയം പറയുകയും അതിനു പകരമായി വിമർശനങ്ങൾ കേൾക്കേണ്ടി വരികയും ചെയ്യുമ്പോൾ തിരുവസ്ത്രത്തിന്റെ സംരക്ഷണം തേടരുതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ. കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ പി.സി. ജോർജും ഷോൺ ജോർജും നടത്തിയ രൂക്ഷമായ വിമർശനങ്ങൾ രാഷ്ട്രീയ പശ്ചാത്തലത്തിൽ സ്വാഭാവികമാണെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
മതമേലധ്യക്ഷന്മാർ ഇന്ന മുന്നണിക്ക് വോട്ട് ചെയ്യണമെന്ന് പരസ്യമായി ആവശ്യപ്പെട്ടാൽ, മറ്റ് മുന്നണികളിലുള്ളവർ അതിനോട് പ്രതികരിക്കുമെന്നും അതൊരു രാഷ്ട്രീയ പ്രതികരണം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയം പറഞ്ഞാൽ രാഷ്ട്രീയം തിരിച്ചും പറയും. അത്തരം സന്ദർഭങ്ങളിൽ താൻ തിരുവസ്ത്രത്തിനകത്താണെന്നും അതിനാൽ സംരക്ഷണം വേണമെന്നും അവകാശപ്പെടാൻ ആർക്കും കഴിയില്ല- അദ്ദേഹം കൂട്ടിച്ചേർത്തു
മതപരിവർത്തനം തടയുന്നതിനും എഫ്‌സിആർഎ കർശനമായി നടപ്പിലാക്കുന്നതിനും ബിജെപിക്ക് യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് രാധാകൃഷ്ണൻ വ്യക്തമാക്കി. കാരുണ്യപ്രവർത്തനങ്ങൾക്കായി ലഭിക്കുന്ന പണം മറ്റ് ആവശ്യങ്ങൾക്കോ പള്ളി പണിയാനോ വകമാറ്റി ചെലവഴിക്കുന്നത് അനുവദിക്കാനാവില്ലെന്നും സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഇത്തരം വകമാറ്റങ്ങൾ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ അടിസ്ഥാന വോട്ട് ബാങ്ക് ഹിന്ദു വോട്ടുകളാണെന്നും അത് നിലനിർത്തിക്കൊണ്ടുള്ള ഔട്ട്‌റീച്ച് പ്രവർത്തനങ്ങളാണ് വേണ്ടതെന്നുമുള്ള ടി.പി. സെൻകുമാറിന്റെ വിമർശനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ബിജെപിക്ക് ഈ തിരഞ്ഞെടുപ്പിൽ ഒരു പ്രോ ക്രിസ്ത്യൻ സമീപനം ഉണ്ടായിരുന്നെന്നത് വസ്തുതയാണെന്നും എന്നാൽ അത് വിജയിച്ചോ ഇല്ലയോ എന്ന് ഫലം വരുമ്പോൾ മാത്രമേ അറിയാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. കൈയിലിരിക്കുന്ന പക്ഷിയെ കളഞ്ഞ് പറക്കുന്ന പക്ഷിയെ പിടിക്കാൻ പോകരുത് എന്ന സെൻകുമാറിന്റെ ഓർമ്മപ്പെടുത്തൽ ഗൗരവമുള്ളതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
Content Highlights: Religious leaders engaging in politics must accept political criticism., The immunity of religious status does not apply to political statements., Strict enforcement of FCRA for charity funds is a non-negotiable BJP stance., Review of BJP's pro-Christian outreach strategy for the 2026 election cycle.