കെ.പി.സി.സി. പ്രസിഡന്റ്; പട്ടിക ചുരുങ്ങി, പരിഗണനയിൽ എ.പി.അനിൽകുമാർ, ജോസഫ് വാഴയ്ക്കൻ, കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റിന്റെ നിയമനം സംബന്ധിച്ച ചർച്ചകൾ അണിയറയിൽ പുരോഗമിക്കവെ, പരിഗണിക്കുന്ന ജംബൊ പട്ടിക രണ്ടുമൂന്നുപേരിലേക്ക് ചുരുങ്ങി. ഔദ്യോഗിക തലത്തിൽ ചർച്ചകളൊന്നും നടന്നിട്ടില്ലെങ്കിലും അനൗപചാരികമായ ആശയവിനിമയങ്ങൾ മുതിർന്ന നേതാക്കൾക്കിടയിൽ സജീവമാണ്.
മുതിർന്ന നേതാക്കളായ എ.പി.അനിൽകുമാർ, ജോസഫ് വാഴയ്ക്കൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ പേരുകളാണ് ഇപ്പോൾ സജീവമായുള്ളത്. കെ.സി.വേണുഗോപാൽ ആരുടെയും പേര് നിർദേശിക്കില്ലെന്ന കഠിനവ്രതത്തിലാണ്. അദ്ദേഹവുമായി അടുപ്പമുള്ള കേന്ദ്രങ്ങളിൽ നിന്നാണ് അനിൽകുമാറിന്റെ പേരുയർന്നത്. മന്ത്രിയും വേണുഗോപാലിന്റെ ഏറ്റവും അടുപ്പക്കാരനുമായ അനിൽകുമാർ പ്രസിഡന്റായാൽ സംഘടനയിൽ കെ.സി.പക്ഷത്തിന് പിടിമുറുക്കാമെന്നതാണ് ഈ നീക്കത്തിന് പിന്നിൽ.
മുഖ്യമന്ത്രി വി.ഡി.സതീശനും രമേശ് ചെന്നിത്തലയും ജോസഫ് വാഴയ്ക്കന്റെ പേരിനോടാണ് താത്പര്യം പ്രകടിപ്പിക്കുന്നതെന്നാണ് സൂചന. മന്ത്രിസഭ നിലവിൽവന്ന് മാസങ്ങൾക്കകംതന്നെ ഒരു മന്ത്രിസഭാ പുനസംഘടനയോട് മുഖ്യമന്ത്രി യോജിക്കുന്നില്ല. സർക്കാരുമായി യോജിച്ച് പോകുന്ന ഒരാളാകണം പ്രസിഡന്റ് എന്ന നിർദേശമേ മുഖ്യമന്ത്രി ഹൈക്കമാൻഡിനോട് മുന്നോട്ടുവച്ചിട്ടുള്ളൂ.
ഇക്കാര്യത്തിൽ ഹൈക്കമാൻഡ് അനുകൂല മറുപടിയാണ് നൽകിയത്. സതീശനും ചെന്നിത്തലയും യോജിച്ച് നീങ്ങുന്നത് വാഴയ്ക്കന്റെ സാധ്യത വർദ്ധിപ്പിക്കും.
ഒരു ദളിത് പ്രസിഡന്റ് എന്ന നിലയിലാണ് കൊടിക്കുന്നിലിന്റെ പേര് ഉയരുന്നത്. ഇനി ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന പ്രഖ്യാപിച്ചിട്ടുള്ള അദേഹം നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗമാണ്. എ.ഐ.സി.സി അധ്യക്ഷനായി മല്ലികാർജ്ജുൻ ഖാർഗെയിരിക്കുന്നതും സുരേഷിന് അനുകൂലമാണ്.
ആരായാലും പ്രസിഡന്റ് ഉടൻ വേണമെന്ന കാര്യത്തിൽ എല്ലാവരും ഏകാഭിപ്രായക്കാരാണ്. പാർട്ടി ഭരണത്തിലേറിയശേഷം കേന്ദ്ര നേതൃത്വം നിർദേശിച്ച ചില സമരങ്ങൾ നടത്തിയെന്നല്ലാതെ സംഘടന ഏതാണ്ട് നിർജ്ജീവമാണ്. സർക്കാരിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകേണ്ട ന്യായമായ ആവശ്യങ്ങൾ പോലും പാർട്ടി തലത്തിൽ ഉന്നയിക്കാൻ സാഹചര്യമില്ലെന്ന പരാതി വ്യാപകമാണ്. താമസിയാതെ പ്രസിഡന്റിനെ നിയമിച്ചേക്കുമെന്ന സൂചനയാണ് നേതൃത്വം നൽകുന്നത്.
Content Highlights: As kpcc president appointment discussions progress, senior leaders Anil Kumar, Joseph Vazhakkan, and Kodikunnil Suresh emerge as key contenders.