ബോംബെന്നും ചൈനീസ് പടക്കമെന്നും പറയുന്നു, അക്രമങ്ങള്‍ക്ക് ഉത്തരവാദി ജയരാജന്‍-കെ.പി.എ. മജീദ്

കെ.പി.എ. മജീദ് സംസാരിക്കുന്നു| Image: https://www.youtube.com/watch?v=yCxSuuQUsNc
കെ.പി.എ. മജീദ് സംസാരിക്കുന്നു| Image: https://www.youtube.com/watch?v=yCxSuuQUsNc

തിരുവനന്തപുരം: എ.കെ.ജി. സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയ ചര്‍ച്ചയില്‍ എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജനെ രൂക്ഷമായി വിമര്‍ശിച്ച് മുസ്‌ലിം ലീഗ് എം.എല്‍.എ. കെ.പി.എ. മജീദ്. 

ഭരണകക്ഷിയുടെ ഒരു പ്രധാനപ്പെട്ട ഓഫീസിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ബോംബ് ആണെന്ന് പറയുന്നു. അതല്ല ചൈനീസ് പടക്കമാണെന്ന് പറയുന്നുണ്ട്. പലതും പറയുന്നുണ്ട്. പോലീസുകാര്‍ക്ക് തന്നെ വിശ്വാസമില്ല. അക്രമം നടത്തിയത് ആരാണെന്ന് പറയാനാവില്ല, അന്വേഷണം കഴിയട്ടേ എന്നാണ് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്- മജീദ് പറഞ്ഞു. 

ഒരു സംഭവം നടന്നയുടനേ അത് ചെയ്തത് കോണ്‍ഗ്രസ് ആണെന്ന് പറഞ്ഞാല്‍ അതിന് പ്രതികരണം ഉണ്ടാവില്ലേ എന്നും മജീദ് ആരാഞ്ഞു. നാട്ടില്‍ ബുദ്ധിമുട്ട് ഉണ്ടാവില്ലേ. അക്രമം ഉണ്ടാവില്ലേ. അതുകൊണ്ട് എ.കെ.ജി. സെന്റര്‍ ആക്രമണത്തോട് അനുബന്ധിച്ച് നടന്ന എല്ലാ അക്രമത്തിന്റെയും ഉത്തരവാദിത്തം എല്‍.ഡി.എഫ്. കണ്‍വീനര്‍ക്കാണെന്നും അദ്ദേഹം ആരോപിച്ചു.

അക്രമം ആര് നടത്തി എന്നു പറയുന്നതിന് കാര്യങ്ങള്‍ പരിശോധിക്കേണ്ടതല്ലേയെന്നും മജീദ് ആരാഞ്ഞു. കോണ്‍ഗ്രസ് ആണ് ആക്രമണത്തിന് ഉത്തരവാദി എന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ പറഞ്ഞതുകൊണ്ടാണല്ലോ കേരളത്തില്‍ അങ്ങോളം ഇങ്ങോളം കലാപം ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: kpa majeed on akg centre attack adjournment motion