വെള്ളിമാടുകുന്നുമുതൽ മുത്തങ്ങ വരെ ദേശീയപാത നാലുവരിപ്പാതയാക്കൽ; ഡിപിആറിന് വീണ്ടും ടെൻഡർ വിളിച്ച് NHAI

കോഴിക്കോട്: വെള്ളിമാടുകുന്നുമുതൽ മുത്തങ്ങവരെയുള്ള ദേശീയപാത നാലുവരിപ്പാതയാക്കുന്നതിന് ഡി.പി.ആർ. തയ്യാറാക്കാൻ വീണ്ടും ടെൻഡർ ക്ഷണിച്ചു. ദേശീയപാത അതോറിറ്റിയാണ് ടെൻഡർ ക്ഷണിച്ചത്.
ഏപ്രിൽ ഏഴിന് ടെൻഡർ തുറക്കും. ഇതോടെ നേരത്തേ ഉപരിതല ഗതാഗതമന്ത്രാലയം ക്ഷണിച്ച ടെൻഡർ റദ്ദാവും. കേന്ദ്രഫണ്ടുപയോഗിച്ച് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ ദേശീയപാതാ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ റോഡ് നാലുവരിയാക്കാനായിരുന്നു നേരത്തേയുള്ള പദ്ധതി.
ഇനി ദേശീയപാത അതോറിറ്റിതന്നെ നേരിട്ട് പദ്ധതി നടപ്പാക്കും. ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബൈപ്പാസുൾപ്പെടുന്നതാണ് പദ്ധതി. ചുരത്തിനു സമാന്തരപാതയായി 14.5 കിലോമീറ്റർ ദൈർഘ്യത്തിൽ സ്വകാര്യ, വനഭൂമികളിലൂടെ കടന്നുപോവുന്ന ചുരം ബൈപ്പാസ് റോഡ് നാലുവരിയായി യാഥാർഥ്യമാക്കി ഇരു റോഡ് ഭാഗങ്ങളെയും തമ്മിൽ ബന്ധിപ്പിക്കും.
താമരശ്ശേരി, കൊടുവള്ളി, ബത്തേരി, മീനങ്ങാടി എന്നിവിടങ്ങളിലും ബൈപ്പാസ് വരുന്നുണ്ട്. നേരത്തേ മലാപ്പറന്പുമുതൽ മുത്തങ്ങവരെയായിരുന്നു പദ്ധതി.
മലാപ്പറന്പുമുതൽ വെള്ളിമാടുകുന്നുവരെ സംസ്ഥാനസർക്കാർ നാലുവരിപ്പാതയാക്കുന്നതിനാൽ ആ ഭാഗം ഒഴിവാക്കി.
വെള്ളിമാടുകുന്നുമുതൽ പുതുപ്പാടിവരെയും പുതുപ്പാടിമുതൽ മുത്തങ്ങവരെയുമുള്ള 112 കിലോമീറ്റർ ദൂരം മുപ്പതുമീറ്റർ വീതിയിലാണ് വികസിപ്പിക്കുന്നത്.
Content Highlights: NHAI has re-invited tenders for the Detailed Project Report (DPR)., The project will be directly executed by the National Highway Authority., The development covers a 112 km stretch from Vellimadukunnu to Muthanga., Includes a new 14.5 km bypass parallel to the Thamarassery Ghat road.