ജൂലായ് 15 മുതൽ ബീഫിന് വിലകൂടും, കിലോയ്ക്ക് 100 രൂപ വരെ കൂടാൻ സാധ്യത

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

കോഴിക്കോട്: ട്രോളിങ് നിരോധനംമൂലം മീനിന് പൊന്നുംവില. പച്ചക്കറി പലതും തൊട്ടാൽപൊള്ളും. ഇടയ്ക്ക് ഒന്നുകൂടിയ കോഴിവില അല്പംകുറഞ്ഞ് 250 രൂപയായെങ്കിലും വില ഉയർന്നുതന്നെ. ഇതിനിടെ ബീഫ് കച്ചവടക്കാരും ചതിച്ചു. ജില്ലയിൽ ബീഫ് വില കിലോയ്ക്ക് 60 മുതൽ 100 രൂപവരെ കൂട്ടി. എല്ലുള്ളതിന് കിലോയ്ക്ക് 400 രൂപയും എല്ലില്ലാത്ത ഇറച്ചി കിലോയ്ക്ക് 460 രൂപയുമായാണ് വർധിക്കുക.

15 മുതലാണ് വിലക്കയറ്റം. ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗമാണ് വിലകൂട്ടാനുള്ള തീരുമാനമെടുത്തത്. നിലവിൽ എല്ലുള്ളതിന് 340 രൂപയും എല്ലില്ലാത്തതിന് 360 രൂപയുമാണ് വില. കേരളത്തിലും അയൽസംസ്ഥാനങ്ങളിലും കന്നുകാലികൾക്ക് അനിയന്ത്രിതമായി വിലകൂടിയതാണ് കൂടാനുള്ള പ്രധാനകാരണമായി കച്ചവടക്കാർ പറയുന്നത്.

വിലകൂട്ടാൻ വേറെയുമുണ്ട് കാരണങ്ങൾ

മേഖലയിലെ ഉപോത്പന്നങ്ങളായ തുകൽ, എല്ല്, നെയ്യ് എന്നിവയ്ക്കുണ്ടായ വിലയിടിവും ബീഫ് വില കൂട്ടാൻ കാരണമായെന്ന് ഓൾ കേരള മീറ്റ് അസോസിയേഷൻ സംസ്ഥാനപ്രസിഡന്റ് ടി.കെ. സാദിക് പറഞ്ഞു.

യോഗത്തിൽ ജില്ലാപ്രസിഡന്റ് കെ.പി. മുഹമ്മദ് സലീം അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി ജംഷീർ, ജില്ലാസെക്രട്ടറി അബ്ദുൾ ഗഫൂർ, ഇസ്ഹാക്ക് മൂഴിക്കൽ, അബ്ദുൾ ഹമീദ്, റഊഫ് പൊറ്റമ്മൽ, അഷറഫ് കടലുണ്ടി, നാസർ കല്ലായി, മനാഫ് പന്നിയങ്കര, നൗഫൽ പറമ്പത്ത്, ലിബാസ് തടമ്പാട്ടുതാഴം എന്നിവർ സംസാരിച്ചു.

പൊള്ളും മീനേ...

ട്രോളിങ് നിരോധനക്കാലമായതിനാൽ മത്സ്യലഭ്യത കുറവാണ്. മഴ കനത്തതോടെ ചെറുവള്ളങ്ങളും കടലിലിറങ്ങുന്നത് കുറച്ചു. ഇതോടെ മീൻവില മുൻപത്തെക്കാൾ കൂടി.

വിലയിങ്ങനെ:

മീൻ ട്രോളിങ്ങിന് മുൻപ് ഇപ്പോൾ

മത്തി 160- 200

അയക്കൂറ 900-1000 1300-1400

ചെമ്മീൻ (ചെറുത്) 150- 250

ചെമ്മീൻ (വലുത്) 200- 400

അയല 250- 280

സൂത 150-160 200

(കോഴിക്കോട് സെൻട്രൽ മാർക്കറ്റിലെ വില. പ്രാദേശികവിപണിയിൽ വിലയിൽ മാറ്റമുണ്ടാകാം)

Content Highlights: Beef prices in Kozhikode increasing by ₹60-100 per kg starting from the 15th., New rates: ₹400/kg for bone-in and ₹460/kg for boneless beef., Rising cattle prices and declining demand for by-products cited as primary causes., Fish prices surged due to the ongoing seasonal trawling ban and monsoon weather., Data provided reflects current market trends in Kozhikode Central Market.