താമരശ്ശേരിയില്‍ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരെ പ്രതിഷേധം; ഫാക്ടറിക്ക് തീയിട്ടു, വൻ സംഘർഷം, നിരവധിപ്പേർക്ക് പരിക്ക്

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോടെയില്‍ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചുപൂട്ടണമെന്ന ആവശ്യവുമായി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധം മറികടന്നു പോകാന്‍ ശ്രമിച്ച കമ്പനി വാഹനത്തിന് നേരെ നാട്ടുകാര്‍ കല്ലെറിഞ്ഞു. അമ്പായത്തോടെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്കാണ് പ്രതിഷേധ പ്രകടനം നടന്നത്.
സംഘർഷത്തിൽ റൂറൽ എസ്പി അടക്കം 16 പോലീസുകാർക്കും, 27 സമരക്കാരും പരിക്കേറ്റു. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാരുടെ കല്ലേറിനെ തുടർന്നാണ് കൂടുതൽ പേർക്കും പരിക്കേറ്റത്.
പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് നിരവധി തവണ ടിയര്‍ഗ്യാസ് പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞുപോകാതിരുന്ന പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി. പ്രകോപിതരായ പ്രതിഷേധക്കാര്‍ ഫാക്ടറിക്ക് തീയിട്ടു. തീ അണയ്ക്കാൻ എത്തിയ ഫയർഫോഴ്സ് വാഹനം സമരക്കാർ വഴിയിൽ തടഞ്ഞു.