രാത്രിയില്‍ 30 അടി താഴ്ചയുള്ള കിണറ്റില്‍വീണ് വയോധിക, വീട്ടുകാരറിഞ്ഞത് പുലര്‍ച്ചെ; രക്ഷപ്പെടുത്തി

കോട്ടയം: രാത്രി കിണറ്റില്‍വീണ വയോധിക മണിക്കൂറുകളോളം കിണറ്റിൽ കുടുങ്ങി. മോട്ടോര്‍ പൈപ്പില്‍ പിടിച്ചു കിടന്ന സ്ത്രീയെ ഒടുവില്‍ അഗ്നിശമന സേന എത്തിയാണ് രക്ഷപ്പെടുത്തിയത്. കോട്ടയം ചങ്ങനാശ്ശേരിയിലെ മാമ്മുട് കുടമുക്ക് വേലം പറമ്പില്‍ ശാന്തയാണ് രാത്രിയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണത്. രാവിലെ നാലുമണിക്കാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിളിച്ചുവരുത്തി രക്ഷപ്പെടുത്തുകയായിരുന്നു.
ഏകദേശം 30 അടി താഴ്ചയും 15 അടി വെള്ളം ഉള്ളതുമായ കിണറ്റിലാണ് ശാന്ത വീണത്. ഉറക്കത്തിനിടയ്ക്ക് ഉണര്‍ന്ന വീട്ടുകാര്‍ കതകു തുറന്നു കിടക്കുന്നതു കണ്ടു മുറി പരിശോധിച്ചപ്പോള്‍ ശാന്തയെ കണ്ടില്ല. തുടര്‍ന്ന് പുറത്ത് നടത്തിയ തിരച്ചിലിലാണ് ആളെ കിണറിനുള്ളില്‍ കണ്ടെത്തിയത്.
മോട്ടോറിന്റെ പൈപ്പില്‍ പിടിച്ചു കിടക്കുന്ന അവസ്ഥയിലായിരുന്നു ഇവരുണ്ടായിരുന്നത്. തുടര്‍ന്ന് അഗ്നിശമന സേനയെ വിളിച്ചുവരുത്തി രക്ഷപ്പെടുത്തുകയായിരുന്നു. വീഴ്ചയില്‍ ശാന്തയ്ക്ക് കാര്യമായി പരിക്കേറ്റിട്ടില്ല.