'ആകെ നാണക്കേടായി, വന്നവർ കഴിക്കാതെ മടങ്ങി'; കേറ്ററിങ് സംഘത്തെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി

കോട്ടയം: വിവാഹച്ചടങ്ങിൽ ഭക്ഷണം എത്തിക്കാതെ കേറ്ററിങ് സംഘം മുങ്ങിയ സംഭവത്തിൽ പരാതിയുമായി വീട്ടുകാർ. കാഞ്ഞിരപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഉദയം കേറ്ററിങ് എന്ന സ്ഥാപനത്തിന്റെ ഉടമയായ വിഷ്ണുവിനെതിരെയാണ് കഞ്ഞിക്കുഴിയിലെ വധുവിന്റെ സഹോദരൻ ശ്രീലാൽ പരാതി നൽകിയത്.
രണ്ട് വിവാഹച്ചടങ്ങുകളിലാണ് ഉദയം കേറ്ററിങ് സംഘം ഭക്ഷണം എത്തിക്കാതെ മുങ്ങിയത്. കഞ്ഞിക്കുഴിയിലേതിന് സമാനമായി മുണ്ടക്കയത്തും വിവാഹത്തിന് ഭക്ഷണമെത്തിക്കാമെന്ന് ഉദയം കേറ്ററിങ് സംഘം ഏറ്റിരുന്നു. എന്നാൽ, ഭക്ഷണസമയത്ത് ഇവർ മുങ്ങുകയായിരുന്നു.
വിദേശത്ത് ജോലിചെയ്തിരുന്ന പരാതിക്കാരൻ ഇൻസ്റ്റഗ്രാം വഴിയാണ് കേറ്ററിങ് സംഘത്തെ പരിചയപ്പെട്ടത്. നാട്ടിലെത്തി കേറ്ററിങ് സംഘത്തിന്റെ പരിപാടിയിൽ പങ്കെടുത്ത് ഭക്ഷണവും മറ്റും വിലയിരുത്തുകയും അഡ്വാൻസ് നൽകുകയും ചെയ്തിരുന്നു. എന്നാൽ, കല്യാണദിവസം വെൽകം ഡ്രിങ്ക്‌സ് പോലും ഇവർ എത്തിച്ചില്ലെന്നാണ് പരാതി. ഫോൺ വിളിച്ചപ്പോൾ ഇപ്പോൾ എത്തുമെന്ന് പറയുകയും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തെന്ന് പരാതിക്കാരൻ പറയുന്നു.
"യുകെയിലാണ് ഞാൻ ജോലിചെയ്യുന്നത്. സഹോദരി കാനഡയിലും. നാട്ടിൽ അങ്ങനെയാരും ഇല്ല. ഇൻസ്റ്റഗ്രാം നോക്കി റീൽസൊക്കെ കണ്ടാണ് ഈ സംഘത്തെ ഏൽപ്പിച്ചത്. ഇന്റിമേറ്റ് വെഡ്ഡിങ് രീതിയിലാണ് പ്ലാൻചെയ്തത്. അത് ചെയ്യുന്നവർ തീരെ കുറവായിരുന്നു. ഞായറാഴ്ചയായതുകൊണ്ടുതന്നെ ഒട്ടേറെ കല്യാണങ്ങൾ ഉണ്ടായിരുന്നു. ലഭ്യമായവരുടെ ലിസ്റ്റിൽനിന്നാണ് ഉദയം വെഡ്ഡിങ് പ്ലാനേഴ്സ് എന്ന ഗ്രൂപ്പിനെ കിട്ടിയത്. ബന്ധപ്പെട്ട് അഡ്വാൻസ് നൽകി. നാട്ടിലെത്തിയശേഷം അവരുടെ ഒരു പരിപാടിക്ക് പോയിരുന്നു. വിഷ്ണുവുമായി സംസാരിച്ചു. ഭക്ഷണം കഴിച്ചുനോക്കി. എല്ലാം നല്ലതായിരുന്നു. കഴിഞ്ഞദിവസമായിരുന്നു ഇവിടുത്തെ കല്യാണം. തലേന്നുപോലും ഒന്നും ഒരുക്കിയിരുന്നില്ല. മറ്റൊരു ടീമിനെ ഏൽപ്പിച്ചാണ് അന്നേദിവസം ശരിയാക്കിയത്. പിറ്റേദിവസം വെൽകം ഡ്രിങ്ക്‌സ് പോലും തയ്യാറാക്കിയിരുന്നില്ല. വിളിക്കുമ്പോൾ വന്നുകൊണ്ടിരിക്കുകയാണെന്നാണ് പറഞ്ഞത്. 250 പേർക്കുള്ള ഭക്ഷണമാണ് ഓർഡർ ചെയ്തത്. ഒരു ലക്ഷത്തിലേറെ രൂപ അവർക്ക് നൽകിയിട്ടുണ്ട്.
ഭക്ഷണം കിട്ടാതായതോടെ മാങ്ങാനത്തുള്ള കഫേയിൽ ബിരിയാണി വെച്ചുതന്നു. പിന്നെ മറ്റൊരു ഹോട്ടലിൽ ഉണ്ടായിരുന്ന സദ്യയും എത്തിച്ചാണ് കാര്യങ്ങൾ ശരിയാക്കിയത്. ഇപ്പോൾ അയാളെ വിളിക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫാണ്", ശ്രീലാൽ പറഞ്ഞു. ബന്ധുക്കൾ പലരും കഴിക്കാതെ പോയെന്നും ആകെ നാണക്കേടായെന്നും വീട്ടുകാർ പറയുന്നു.
Content Highlights: Udayam Catering based in Kanjirappally failed to deliver food for two weddings in Kottayam., The groom's brother booked the catering through Instagram after seeing reels., Over one lakh rupees was paid in advance, but the owner Vishnu switched off his phone on the wedding day., The family managed the crisis by quickly arranging biriyani from a local cafe and sadhya from a hotel for 250 guests.