ബജറ്റില്ലാതെ ബജറ്റ് പ്രസംഗം; അസാധാരണ നടപടിയുമായി കോട്ടയം നഗരസഭാ വൈസ് ചെയർമാൻ, ഇരുപക്ഷത്തിനും വിമർശനം

കോട്ടയം നഗരസഭ വൈസ് ചെയര്‍മാന്‍ ബി. ഗോപകുമാർ (ഫയൽചിത്രം) | കോട്ടയം നഗരസഭ കാര്യാലയം | ചിത്രം: ജി. ശിവപ്രസാദ്, മാതൃഭൂമി
കോട്ടയം നഗരസഭ വൈസ് ചെയര്‍മാന്‍ ബി. ഗോപകുമാർ (ഫയൽചിത്രം) | കോട്ടയം നഗരസഭ കാര്യാലയം | ചിത്രം: ജി. ശിവപ്രസാദ്, മാതൃഭൂമി

കോട്ടയം: സ്വന്തം പക്ഷത്തിനും പ്രതിപക്ഷത്തിനും എതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തി നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാറിന്റെ ബജറ്റ് പ്രസംഗം. വലിയ ദുഃഖത്തോടെയും അപമാനഭാരത്തോടെയുമാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'ഈ കൗണ്‍സില്‍ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇനിയങ്ങോട്ട് ശിലാസ്ഥാപന മാമാങ്കങ്ങള്‍ നടക്കാതിരിക്കട്ടെ' - അദ്ദേഹം പറഞ്ഞു. ആശ പ്രവര്‍ത്തകര്‍ക്ക് പ്രതിമാസം 2000 രൂപ വേതനം കൂട്ടിയത് ഒഴിച്ചാല്‍ മറ്റൊരു പ്രഖ്യാപനവും ബജറ്റില്‍ ഉണ്ടായില്ല.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുകൂടിയായ ഗോപകുമാറിന്റെ അസാധാരണമായ നടപടി കൗണ്‍സില്‍ നിശ്ശബ്ദമായി കേട്ടു. ബഹളം ഒന്നുമില്ലാതെ അദ്ദേഹം ബജറ്റ് വായന പ്രസംഗത്തില്‍ ഒതുക്കി. വരവ്-ചെലവ് കണക്ക് അവതരിപ്പിച്ച ബജറ്റ് പുതിയ പദ്ധതികള്‍ ഒഴിവാക്കി. 

പദ്ധതികള്‍ അവതരിപ്പിക്കണം - ബിന്‍സി സെബാസ്റ്റ്യന്‍, അധ്യക്ഷ, കോട്ടയം നഗരസഭ 

നിര്‍ബന്ധിത പദ്ധതികള്‍ നടപ്പാക്കിയ ശേഷം ബാക്കി കിട്ടുന്ന തുക കൊണ്ട് വലിയ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയാതെ പോയി. എന്നാല്‍, ആ കാരണം പറഞ്ഞ് പുതിയ പദ്ധതി അവതരിപ്പിക്കാഞ്ഞത് ശരിയായ നടപടിയല്ല. എല്ലാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരും ഒന്നിച്ചുനിന്ന് വേണമായിരുന്നു പദ്ധതികള്‍ അവതരിപ്പിക്കാന്‍ - ബിന്‍സി സെബാസ്റ്റ്യന്‍, അധ്യക്ഷ, കോട്ടയം നഗരസഭ. 

ഇതില്‍ ചട്ടലംഘനമില്ല - ബി. ഗോപകുമാര്‍, വൈസ് ചെയര്‍മാന്‍ 

നഗരസഭ വരുമാനം ലക്ഷ്യമിട്ട് കഴിഞ്ഞ നാലുവര്‍ഷം ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ഞാന്‍ അവതരിപ്പിച്ച നിര്‍ദേശങ്ങള്‍ കൗണ്‍സില്‍ അവഗണിച്ചു. അതുകൊണ്ടാണ് മുന്‍ ബജറ്റില്‍ അവതരിപ്പിച്ച പദ്ധതികള്‍ പുതുതായി എത്തുന്ന ഭരണസമിതിയുടെ മുന്നിലേക്ക് കരട് നിര്‍ദേശങ്ങളായി സമര്‍പ്പിക്കാന്‍ കാരണം. ഇതില്‍ ചട്ടലംഘനമില്ല - ബി. ഗോപകുമാര്‍, വൈസ് ചെയര്‍മാന്‍. 

ആക്ഷേപങ്ങള്‍ ഇവ

* കഴിഞ്ഞ നാല് വര്‍ഷംകൊണ്ട് കോട്ടയത്തിന്റെ മുഖച്ഛായ മാറ്റാമായിരുന്ന ഒട്ടേറെ ബജറ്റ് നിര്‍ദേശങ്ങള്‍ ആരുടെയൊക്കെയോ സമ്മര്‍ദങ്ങള്‍ക്ക് വിധേയപ്പെട്ട് തുടര്‍നടപടി സ്വീകരിക്കാതെ പാഴാക്കിക്കളഞ്ഞു.

* ധനകാര്യകമ്മിറ്റിയിലെ അംഗങ്ങള്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ച് കൗണ്‍സില്‍ പരിഗണനയ്ക്ക് സമര്‍പ്പിച്ച ഒട്ടേറെ നിര്‍ദേശങ്ങള്‍ നിരന്തരം അവഗണിച്ചു.

* ധനകാര്യകമ്മിറ്റിയെയും അതിന്റെ ചെയര്‍മാനായ തന്നെയും വ്യക്തിപരമായി ആക്ഷേപിക്കുന്നതിനാണ് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ചില അംഗങ്ങള്‍ നിരന്തരം ശ്രമിച്ചത്.

*മറ്റ് സമിതികളുടെ തീരുമാനങ്ങള്‍ എല്ലാം രാഷ്ട്രീയഭേദമെന്യേ അംഗീകരിച്ചു.

* ഉയര്‍ന്ന പ്രതിഭാധനന്മാരോടൊത്ത് പ്രവര്‍ത്തിച്ച അനുഭവസമ്പത്തുള്ള തന്നെ വ്യക്തിപരമായി തേജോവധം ചെയ്തു. ധനകാര്യകമ്മിറ്റിയില്‍ ഒരുമിച്ചിരുന്ന് തീരുമാനങ്ങളെടുക്കുന്ന ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ കൗണ്‍സില്‍ യോഗങ്ങളില്‍ ഒരക്ഷരംപോലും ഉരിയാടാതെ ധനകാര്യക്കമ്മിറ്റി തീരുമാനങ്ങളെ ഒന്ന് രണ്ട് വ്യക്തികളുടെ താത്പര്യങ്ങള്‍ക്കനുസൃതമായി അട്ടിമറിക്കുന്നതിന് കൂട്ടുനിന്നു.

* അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിങ് സൗകര്യത്തോടെ തിരുനക്കര ബസ്ബേ കം-മുനിസിപ്പല്‍ ഓഫീസ് കം-ഷോപ്പിങ് കോപ്‌ളക്‌സ് പദ്ധതി രണ്ട് കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് അട്ടിമറിച്ചു.

* അന്തര്‍ദേശീയ നിലവാരത്തില്‍ നിര്‍മാണം നടത്തണമെന്ന ലക്ഷ്യത്തില്‍ കൗണ്‍സില്‍ തീരുമാനപ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ 23 ആര്‍കിടെക്ട് സ്ഥാപനങ്ങളിലെ പ്രതിനിധികളെ രൂപരേഖ അവതരിപ്പിക്കാന്‍ ക്ഷണിച്ചു. ആദ്യ സ്ഥാപന പ്രതിനിധി കൗണ്‍സില്‍ യോഗത്തില്‍ അവതരണം നടത്തുമ്പോള്‍ ആ വ്യക്തിയെ ചില കൗണ്‍സിലര്‍മാര്‍ വിരട്ടിയോടിച്ചു.

* ഹൈക്കോടതിയില്‍ നഗരസഭയ്‌ക്കെതിരേ കേസ് നല്‍കിയ ഒരു തരികിട സ്ഥാപനത്തിന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നല്‍കണമെന്നാണ് ഇവാല്യുവേഷന്‍ കമ്മിറ്റിയിലെ ഒരംഗത്തോട് ഒന്നുരണ്ട് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടത്.

* ബോട്ടില്‍ ബൂത്ത് സ്ഥാപിക്കുകയെന്നത് 2024-2025 ബജറ്റ് നിര്‍ദേശമായിരുന്നു. കോട്ടയം റൗണ്ട് ടേബിള്‍ സംഘടന 121-ഉം ലേഡീസ് സര്‍ക്കിള്‍ സംഘടന 86-ഉം ചേര്‍ന്ന് മൂന്ന് ബോട്ടില്‍ ബൂത്തുകള്‍ സ്‌പോണ്‍സര്‍ ചെയ്ത് കൈമാറിയതിന്റെ ഉദ്ഘാടന വാര്‍ത്തയില്‍ അത് നഗരസഭയുടെ പദ്ധതിയായി ചിത്രീകരിക്കപ്പെട്ടു.

ഈ പദ്ധതികള്‍ ബാക്കി, നഗരസഭയെ പ്രതിക്കൂട്ടിലാക്കി വൈസ് ചെയര്‍മാന്‍

കോട്ടയം: നഗരസഭയെ, പ്രത്യേകിച്ച് സ്വന്തം മുന്നണിയെ പ്രതിക്കൂട്ടിലാക്കുന്നതാണ് വൈസ് ചെയര്‍മാന്‍ ബി. ഗോപകുമാറിന്റെ ബജറ്റ് പ്രസംഗം. ഈ സമിതി അധികാരത്തില്‍ വന്ന 2021-'22 മുതലുള്ള ബജറ്റുകളിലെ പ്രഖ്യാപനങ്ങളില്‍ നടപ്പാക്കാത്ത പദ്ധതികളുടെ പട്ടിക അദ്ദേഹം മുന്നോട്ടുവെച്ചു. ഇവയാണ് അത്.

2021-2022

  • തിരുനക്കര ബസ്ബേ കം ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സ്, കഞ്ഞിക്കുഴി ബസ്‌ബേ കം ഷോപ്പിങ് കോംപ്ലക്‌സ്, പാക്കില്‍ ഷോപ്പിങ് കോംപ്ലക്‌സ്
  • നെഹ്‌റു സ്റ്റേഡിയം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം
  • പഴയ പച്ചക്കറി മാര്‍ക്കറ്റില്‍ ആധുനിക നിലവാരത്തിലുള്ള കംപ്യൂട്ടറൈസ്ഡ് പാര്‍ക്കിങ് പ്ലാസ
  • മുട്ടമ്പലം ശ്മശാന നവീകരണം
  • ഗാന്ധിനഗര്‍-മെഡിക്കല്‍ കോളേജ് റോഡില്‍ വോക്ക് വേ
  • കുളപ്പുരകടവില്‍ വള്ളംകളി പവിലിയനും സാംസ്‌കാരിക കേന്ദ്രവും
  • വൈദ്യുതി ചാര്‍ജ് ലാഭിക്കാന്‍ മുനിസിപ്പല്‍ ഓഫീസുകളില്‍ സോളാര്‍ സംവിധാനം
  • ബിറ്റുടെക് റോഡ് റിപ്പയര്‍ മിക്‌സ് ഉപയോഗിച്ച് മുനിസിപ്പല്‍ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് റണ്ണിങ് കോണ്‍ട്രാക്ട് സംവിധാനം.
  • നഗരസൗന്ദര്യവത്കരണവും ഫുട്പാത്ത് നവീകരണവും

2022-2023

  • 2021-'22-ല്‍ നിര്‍ദേശിക്കപ്പെട്ട തിരുനക്കര-കഞ്ഞിക്കുഴി പാക്കില്‍ ഷോപ്പിങ് കോംപ്ലക്‌സുകള്‍
  • മുട്ടമ്പലം ശ്മശാനം നവീകരണം.
  • നെഹ്‌റു പാര്‍ക്ക് നവീകരണം.
  • കോള്‍ഡ് മിക്‌സസ് ഷെല്‍മാക് ടാര്‍ മിശ്രിതം ഉപയോഗിച്ചുള്ള റോഡുകളുടെ അറ്റകുറ്റപ്പണി.
  • വയസ്‌കര കുന്നില്‍ നഗരസഭ വക സ്ഥലത്ത് ഫ്‌ളാറ്റ് നിര്‍മിച്ച് തനത് വരുമാനവര്‍ധന.
  • ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകള്‍.

2023-2024

  • വഴിയോരങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ ഐഎ ക്യാമറ സ്ഥാപിക്കല്‍.
  • തിരുനക്കര, കഞ്ഞിക്കുഴി, പാക്കില്‍ ഷോപ്പിങ് കോംപ്ലക്‌സുകള്‍
  • നെഹ്‌റു സ്റ്റേഡിയം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം
  • തിരക്കേറിയ സ്ഥലങ്ങളില്‍ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളോട് ചേര്‍ന്ന് ബയോ ടോയ്ലറ്റ്
  • ശാസ്ത്രിറോഡ്, ഈരയില്‍കടവ്-മണിപ്പുഴ ഇടനാഴി സൗന്ദര്യവത്കരണം.
  • ഗാന്ധി സ്‌ക്വയറിനോട് ചേര്‍ന്നുള്ള പബ്ലിക് ലൈബ്രറി ജങ്ഷനിലെ ഓടയുടെയും നടപ്പാതയുടെയും നവീകരണം

2024-2025

  • ഡിബിഫുട് (ഡിസൈന്‍, ബില്‍റ്റ്, ഫിനാന്‍സ്, ഔണ്‍, ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍) വ്യവസ്ഥയില്‍ തിരുനക്കര, കഞ്ഞിക്കുഴി, പാക്കില്‍ ഷോപ്പിങ് കോംപ്ലക്‌സുകള്‍, ലോകോത്തര നിലവാരത്തില്‍ നെഹ്‌റു സ്റ്റേഡിയം നവീകരണം.
  • പ്ലാസ്റ്റിക്, പി.വി.സി., ഡയപ്പറുകള്‍ എന്നിവയില്‍നിന്ന് വിദ്യുച്ഛക്തി ഉത്പാദിപ്പിക്കുന്ന കേന്ദ്ര ഗവ. സ്ഥാപനമായ എന്‍ഐടിയുടെ പ്ലാസ്റ്റിക് ടു പവര്‍ പദ്ധതി
  • ഡിബിഫുട് വ്യവസ്ഥയില്‍ പച്ചക്കറി മാര്‍ക്കറ്റില്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിങ് പ്ലാസ
  • നെഹ്‌റു പാര്‍ക്ക് ലഘുഭക്ഷണശാലയും ഐസ്‌ക്രീ പാര്‍ലറും ഉള്‍പ്പെടുത്തി ആധുനികവത്കരണം.
  • ശാസ്ത്രി റോഡ് സൗന്ദര്യവത്കരണം.
  • ബസ് കാത്തിരിപ്പുകേന്ദ്രങ്ങളില്‍ വാട്ടര്‍ലെസ് യൂറിനലുകള്‍.
  • കോള്‍ഡ് മിക്‌സ് ഷെല്‍മാക് ടാറിങ്
  • തിരുവാതുക്കല്‍ എ.പി.ജെ. അബ്ദുള്‍കലാം ഓഡിറ്റോറിയത്തിനോട് ചേര്‍ന്ന് ഓപ്പണ്‍ ജിംനേഷ്യം 

Content Highlights: kottayam municipal vice chairman b gopakumar against ruling and opposition leaders of municipality