നോട്ടുമാറ്റിയ ജീവിതം: 2000 രൂപ നോട്ട് പിൻവലിച്ചിട്ട് രണ്ടുവർഷം, 10 നോട്ടിന് 6000 രൂപ കമ്മിഷൻ

അബ്ദുൾ റഹ്‌മാൻ
അബ്ദുൾ റഹ്‌മാൻ

കോട്ടയം: സാഹിത്യപ്രർത്തക സംഘത്തിൽനിന്ന് വിരമിച്ചപ്പോൾ കുമ്മനം ചിറയ്ക്കൽ അബ്ദുൾ റഹ്‌മാൻ 15 വർഷംമുൻപ്‌ ഭാര്യ ബൾക്കീസും മൂന്നു മക്കളുമടങ്ങുന്ന കുടുംബം പുലർത്താൻ ഒരു തൊഴിൽ കണ്ടെത്തി. ക്ഷേത്രങ്ങൾ, പള്ളികൾ, കടകൾ എന്നിവിടങ്ങളിൽനിന്ന് കിട്ടുന്ന ഇടപാടുകൾക്ക് പറ്റാത്തവിധം കീറിപ്പറിഞ്ഞതും മേശമായതുമായ നോട്ട് ശേഖരിച്ച് വൃത്തിയാക്കി റിസർവ് ബാങ്കിൽ കൊടുത്ത് മാറിനൽകുക. റിസർവ് ബാങ്കിൽനിന്ന് കിട്ടുന്ന തുകയുടെ 30 ശതമാനം കമ്മിഷൻ. എന്നാൽ, ഈ മാസം അദ്ദേഹം മാറിയത് പഴക്കമോ കേടോ ഇല്ലാത്ത 2000 രൂപയുടെ 10 നോട്ടുകൾ. കിട്ടിയ കമ്മിഷൻ 6000 രൂപ.

പുതുമണം മാറാത്ത 2000 രൂപ നോട്ടുകൾ എവിടെയോ മറന്നുവെച്ചയാളാണ് റഹ്‌മാനെത്തേടി കുമ്മനത്തെ മാടക്കടയിലെയെത്തിയത്. 2023 മേയ് 19-ന് 2000 രൂപ നോട്ട് റിസർവ് ബാങ്ക് പിൻവലിച്ചിരുന്നു. പൊതുമേഖലാ ബാങ്കുകളിൽ ഇത് മാറിയെടുക്കാനുള്ള സമയം 2023 ഒക്ടോബർ ഏഴിന് കഴിഞ്ഞു. ‘‘പിൻവലിച്ച നോട്ട് മാറിക്കിട്ടുമോ എന്ന ആശങ്കയുണ്ടായിരുന്നു. റിസർവ് ബാങ്കിൽ ചെന്നപ്പോൾ ആശ്വാസമായി. തിരികെയെടുക്കും. 20,000 രൂപ മാറിക്കൊടുത്തപ്പോൾ കക്ഷി 6000 രൂപ കമ്മിഷൻ തന്നു’ -അബ്ദുൾ റഹ്‌മാൻ പറഞ്ഞു.

മടങ്ങിയെത്തിയത് 3.56 ലക്ഷം കോടിയുടെ നോട്ട്

പിൻവലിച്ചശേഷം 2025 ഏപ്രിൽ ഒന്നുവരെ റിസർവ് ബാങ്കിൽ മടങ്ങിയെത്തിയത് 3.56 ലക്ഷം കോടിയുടെ 2000 രൂപ നോട്ട്. ആകെ അച്ചടിച്ചിറക്കിയതിന്റെ 98.21 ശതമാനം. 6,366 കോടിയുടെ നോട്ട് ഇനി മടങ്ങിയെത്താനുണ്ട്. .

റിസർവ് ബാങ്കിൽ മാറാൻ

റിസർവ് ബാങ്ക് മുഖ്യശാഖകളിലും 19 മേഖലാ ഓഫീസുകളിലും 2000-ത്തിന്റെ പരമാവധി 10 നോട്ട് വരെ ഒരുസമയം മാറിയെടുക്കാം. ബാങ്കിന്റെ ഇഷ്യൂ വകുപ്പിലാണ് നൽകേണ്ടത്. ഫോം പൂരിപ്പിച്ച് പാസ് ബുക്കിന്റെയും ആധാർ കാർഡിന്റെയും പകർപ്പുസഹിതം നൽകണം.

അബ്ദുൾ റഹ്‌മാന്റെ നമ്പർ-8606249401

Content Highlights: A man in Kottayam earned ₹6000 by exchanging old 2000 rupee notes at the Reserve Bank of India