ടയർ കുടുങ്ങിയതോടെ ഡ്രൈവർമാർ ഇറങ്ങിയോടി, നടുക്കം വിട്ടുമാറെ ബസ് ഡ്രൈവർ; ഗതാഗത ക്രമീകരണം ഇങ്ങനെ

#ന്യൂസ് ഡെസ്ക്ക്
അപകടസ്ഥലത്തുനിന്നുള്ള ദൃശ്യം
അപകടസ്ഥലത്തുനിന്നുള്ള ദൃശ്യം

കൊല്ലം: ദേശീയപാതയുടെ പാർശ്വഭിത്തി ഇടിഞ്ഞുതാഴുന്ന സമയത്ത് മൂന്ന് കാറുകളും ഒരു സ്കൂൾ ബസുമാണ് സർവീസ് റോഡിൽ ഉണ്ടായിരുന്നത്. കൊട്ടിയം മൃഗാശുപത്രിയിലെ സീനിയർ ഡോക്ടർ ആർ. രശ്മിയാണ് ഏറ്റവും മുന്നിൽപ്പോയ കാറിൽ ഉണ്ടായിരുന്നത്. കൊട്ടിയത്തെ ഓഫീസിൽനിന്ന് ചാത്തന്നൂരിലേക്ക് പോകുകയായിരുന്നു അവർ. ഒരുവശംകൊണ്ട് കാർ ഉയർന്നതോടെ ഭയന്നുപോയ ഡോക്ടർ, കാർ നിർത്തി ഇറങ്ങി ഓടുകയായിരുന്നു. ഇതുകണ്ട്, തൊട്ടുപിന്നാലെവന്ന രണ്ട് കാറുകളും സ്കൂൾ ബസും നിർത്തി. ഇതിനിടെ വിള്ളൽ വലുതായി. വാഹനങ്ങൾക്ക് മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയുമായി. വിള്ളലുകൾക്കിടയിൽ ടയറുകൾ കുടുങ്ങിയതോടെ കാറുകളിലുണ്ടായിരുന്നവർ ഇറങ്ങി മാറി.

കരുനാഗപ്പള്ളിയിൽനിന്ന് തിരുവനന്തപുരത്ത് ടെക്‌നോപാർക്കിലേക്കുപോയ കാറും വിള്ളലിൽ അകപ്പെട്ടു. കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശിയായ അശോകനാണ് കാർ ഓടിച്ചിരുന്നത്. മൂന്നുദിവസംമുൻപ്‌ പണിക്കർകടവ് സ്വദേശിയായ വൈശാഖൻ വാങ്ങിയ കാറാണിത്. കൊട്ടിയത്ത്‌ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നതിനാൽ സർവീസ് റോഡിലൂടെ വളരെക്കുറച്ച് വാഹനങ്ങൾമാത്രമേ ആ സമയത്ത് കടന്നുവന്നിരുന്നുള്ളൂവെന്നും അശോകൻ പറയുന്നു.

വിള്ളലിൽ അകപ്പെട്ട വാഹനങ്ങൾ മണിക്കൂറുകൾക്കകം ക്രെയിൻ ഉപയോഗിച്ച് കെട്ടിവലിച്ചാണ് സർവീസ് റോഡിൽനിന്ന് മാറ്റിയത്. റോഡ് പൂർണമായും തകർന്നതിനാൽ വാഹനങ്ങൾ മാറ്റുക ശ്രമകരമായിരുന്നു.

നടുക്കം മാറാതെ ഡ്രൈവർ 

ദേശീയപാത ഇടിയുന്നതിന് ദൃക്സാക്ഷിയായ കൊട്ടിയം കിങ്സ് സ്കൂളിലെ ബസ് ഡ്രൈവർ ഷാജിക്ക് ഇനിയും നടുക്കം വിട്ടുമാറിയിട്ടില്ല. 30 കുട്ടികളും ഡ്രൈവറും ആയയും തലനാരിഴയ്ക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. സ്കൂളിൽനിന്ന്‌ 3.50-ന് പുറപ്പെട്ട ബസ് നാലുമണിയോടെയാണ് അപകടസ്ഥലത്ത് എത്തിയത്.

ഇറക്കമിറങ്ങി വരുന്നതിനിടെ മുകളിൽനിന്ന് എന്തോ ഇടിയുന്ന ശബ്ദംകേട്ടിരുന്നു. റോഡ് പാളിയായി ഇളകിമാറുന്നതു കണ്ടപ്പോഴേ വണ്ടി ഇടതുവശത്തേക്ക് ഒതുക്കിയിട്ടു. മുന്നിൽ മൂന്ന്‌ കാറുകളുണ്ടായിരുന്നു. അവരും പെട്ടെന്ന് ഇടത്തേക്കുമാറ്റി. അപ്പോഴേ ഭയന്നുപോയി. മുകളിൽനിന്ന് മണ്ണിടിഞ്ഞുവീണാലെന്തു ചെയ്യുമെന്ന ഭീതിയായി-ഷാജി പറയുന്നു.

കുട്ടികളെ ഡ്രൈവറും ആയയും പിന്നാലെ വാഹനങ്ങളിൽ വന്നവരും നാട്ടുകാരും ചേർന്ന് അടുത്ത വീട്ടിലേക്ക് മാറ്റി. പിന്നീട് മറ്റൊരു സ്കൂൾ ബസ് എത്തി കുട്ടികളെ വീടുകളിലെത്തിക്കുകയായിരുന്നു.

അനുഭവിക്കുന്നത് കടുത്ത ദുരിതം

അശാസ്ത്രീയമായ ദേശീയപാത നിർമാണത്തിന്റെ ഫലമായി വാഹനയാത്രക്കാർ അനുഭവിക്കുന്നത് കടുത്ത ദുരിതം. നിർമാണം ക്രമരഹിതമായ നിലയിലാണ്. റീച്ചുകളായി ഒരു ഭാഗവും തിരിച്ച് കൃത്യമായി പൂർത്തീകരിക്കാറില്ല. ഓരോ ദിവസവും എവിടെയെങ്കിലുമൊക്കെയാകും പണി. പഴയ ദേശീയപാതയുടെ ഭാഗങ്ങൾ മിക്കയിടത്തും കാണാതായി. ഇടുങ്ങിയ സർവീസ് റോഡിലൂടെയാണ് യാത്ര. പല ഇടങ്ങളിലും പൊട്ടിപ്പൊളിഞ്ഞ് കുഴികൾ നിറഞ്ഞ നിലയിലാണ് സർവീസ് റോഡുകൾ. പൊടിയുയരുന്നതാണ് യാത്രക്കാർ നേരിടുന്ന വലിയ ഭീഷണി. ഓച്ചിറമുതൽ പാരിപ്പള്ളിവരെ സ്ഥിതി വ്യത്യസ്തമല്ല.

എല്ലായിടത്തും റോഡരികിൽ മൺകൂനകളും കല്ലും സ്ലാബുകളുമടക്കമുള്ള നിർമാണസാമഗ്രികൾ നിറഞ്ഞിരിക്കുകയാണ്. ഓരോ ദിവസവും വാഹനങ്ങൾ കടത്തിവിടുന്ന വഴികൾ വ്യത്യസ്തമായിരിക്കും. നീണ്ടകര പാലത്തിൽ പലദിവസവും ഗതാഗതക്കുരുക്ക് അനുഭവപ്പെടും.

ചാത്തന്നൂരിൽ റോഡിൽനിന്ന് മാറ്റാതിരുന്ന കോൺക്രീറ്റ് ബാരിക്കേഡിൽ കഴിഞ്ഞദിവസം ബസിടിച്ച് ഏഴോളം പേർക്ക് പരിക്കേറ്റിരുന്നു. രാത്രിയാത്രയാണ് ഏറെ ദുർഘടം. റോഡിൽ വഴിവിളക്കില്ലാത്തതിനാൽ ഇരുളടഞ്ഞ് കിടക്കുകയാണ്. വാഹനങ്ങളുടെ ലൈറ്റും വഴിയോരത്തെ സ്ഥാപനങ്ങളുടെ വെളിച്ചവും മാത്രമാണ് ആശ്രയം. ദിശാസൂചകങ്ങൾ ഒരിടത്തും കാണാനില്ല. നിർമാണസ്ഥലങ്ങളിൽ ആവശ്യമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പരാതി ശക്തമാണ്.

ഗതാഗത ക്രമീകരണം ഇങ്ങനെ

ആലപ്പുഴ ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിലറുകൾ, ടാങ്കർ ലോറികൾ, കണ്ടെയ്നറുകൾ മുതലായ ഹെവി വാഹനങ്ങളും മറ്റ് ചരക്കുവാഹനങ്ങളും ചവറ കെഎംഎംഎൽ ജങ്ഷനിൽനിന്ന് തിരിഞ്ഞ് ഭരണിക്കാവ്-കൊട്ടാരക്കര വഴി എംസി റോഡിൽ പ്രവേശിച്ച് യാത്ര തുടരണം. തിരുവനന്തപുരത്തേക്ക് പോകുന്ന മറ്റ് വാഹനങ്ങൾ ചവറ-ആൽത്തറമൂട്, കടവൂർ, കല്ലുംതാഴം-അയത്തിൽ കണ്ണനല്ലൂർ വഴി മൈലക്കാട് എത്തി ദേശീയപാതയിൽ പ്രവേശിച്ച് യാത്ര തുടരണം. അല്ലെങ്കിൽ കണ്ണനല്ലൂർ-മീയണ്ണൂർ-കട്ടച്ചൽ വഴി ചാത്തന്നൂർ പ്രവേശിച്ച് യാത്ര തുടരാം. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വാഹനങ്ങൾ അയത്തിൽ-കണ്ണനല്ലൂർ-കട്ടച്ചൽ-ചാത്തന്നൂർ വഴി ദേശീയപാതയിൽ പ്രവേശിച്ച് യാത്ര തുടരാവുന്നതാണ്.

ജില്ലയിൽ ദേശീയപാതാ നിർമാണത്തിനിടെ അപകടങ്ങൾ തുടർക്കഥ

ദേശീയപാത നിർമാണത്തിനിടെ കൊല്ലത്തുണ്ടായത് ‘തുടരൻ’ അപകടങ്ങൾ. അശ്രദ്ധയും അശാസ്ത്രീയമായ നിർമാണവുമാണ് പലപ്പോഴും അപകടങ്ങൾക്കിടയാക്കിയത്. ഇതരസംസ്ഥാന തൊഴിലാളികളായ രണ്ടുപേർ മരിച്ചു. പലപ്പോഴും ഭാഗ്യംകൊണ്ടുമാത്രമാണ് വലിയ ദുരന്തങ്ങൾ വഴിമാറിപ്പോയത്. നവംബർ 11-ന് ദേശീയപാത നിർമാണത്തിനായി മണ്ണ് നിരത്തുന്നതിനിടെ അടിയിൽപ്പെട്ട്‌ അതിഥിത്തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശി മുഹമ്മദ് ജിബ്രൈൽ (42) ആണ് മരിച്ചത്. പുലർച്ചെ കുരീപ്പുഴ-കാവനാട് പാലത്തിന്റെ അനുബന്ധറോഡിലെ മണ്ണ് യന്ത്രസഹായത്തോടെ നിരപ്പാക്കുന്നതിനിടെയാണ് അപകടം. ടിപ്പറിൽനിന്നുള്ള മണ്ണ് പിന്നിൽനിന്ന തൊഴിലാളിയുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.

ജൂലായ്‌ 21-ന് നീണ്ടകര പുതിയ പാലത്തിന്റെ നിർമാണജോലിക്കിടെ ഇരുമ്പ് ചാനൽ തലയിൽവീണ് അതിഥിത്തൊഴിലാളി മരിച്ചു. പാലത്തിലെ സുരക്ഷാജീവനക്കാരൻ ബിഹാർ സ്വദേശി വിനോദ് സിങ് (47) ആണ് മരിച്ചത്.

ജൂലായ്‌ 14-ന് കൊട്ടിയം ജങ്ഷനിൽ ദേശീയപാത നിർമാണത്തിനിടെ ഭിത്തിയിൽനിന്ന് പടുകൂറ്റൻ കോൺക്രീറ്റ് സ്ലാബ് സ്കൂട്ടർ യാത്രക്കാരിയുടെ മേൽവീണ് പരിക്കേറ്റു. തസ്‌ലീമ(28)യ്ക്കാണ് പരിക്കേറ്റത്. വൈകീട്ട് 3.30-ന് കൊട്ടിയം ജങ്ഷനു സമീപമാണ് അപകടം. തലയിലേക്ക് വീഴാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

ജൂൺ 11-ന് പാലത്തറയിൽ ദേശീയപാതയുടെ സർവീസ് റോഡ് ഇടിഞ്ഞുതാഴ്ന്നിരുന്നു. ആറുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായി ഓട നിർമിക്കുന്നതിനിടെയാണ് റോഡ് ഇടിഞ്ഞുതാണത്. കൊല്ലം ബൈപ്പാസിൽ കൂറ്റൻ മേൽപ്പാലം നിർമിക്കുന്നതിനടുത്ത് പാലത്തറ ജങ്ഷനിൽ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.

മേയ് എട്ടിന് സ്വകാര്യ ബസ് മണ്ണുമാന്തിയിലിടിച്ച് അപകടത്തിൽ ഡ്രൈവറുൾപ്പെടെ 19 പേർക്ക് പരിക്കേറ്റു. പാരിപ്പള്ളി മുക്കടയിൽ ദേശീയപാത നിർമാണപ്രവൃത്തിയിൽ ഏർപ്പെട്ടിരുന്ന മണ്ണുമാന്തിയുടെ ബക്കറ്റിൽ ബസിടിക്കുകയായിരുന്നു. സ്ലാബ് അടുക്കുന്നതിനിടെ മണ്ണുമാന്തിയുടെ ബക്കറ്റ് അപ്രതീക്ഷിതമായി സർവീസ് പാതയിലേക്ക് ഇറങ്ങി. ഇതോടെ സ്വകാര്യ ബസിന് ബ്രേക്ക് ചെയ്യാനുള്ള സമയം ലഭിച്ചില്ല.

മാർച്ച് 25-ന് കൊല്ലം ബൈപ്പാസിൽ ദേശീയപാതയിൽ പാൽക്കുളങ്ങര ക്ഷേത്രത്തിനുസമീപം നിർമാണത്തിനിടെ പാതയിടിഞ്ഞ് മൂന്ന് അതിഥി തൊഴിലാളികൾക്ക് പരിക്കേറ്റു.

ഫെബ്രുവരി ഏഴിന് കല്ലുംതാഴം റെയിൽവേ പാലത്തിനുസമീപം മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ചിരുന്നു. സർവീസ് റോഡ് നിർമാണത്തിനിടെയാണ് മണ്ണിടിഞ്ഞത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾക്കിടെയാണ് സംഭവം. ജൂലായിൽ ഇതേഭാഗത്തു വീണ്ടും മണ്ണിടിച്ചിലുണ്ടായി.

2024 നവംബർ 28-ന് ബൈപ്പാസിൽ അയത്തിൽ ജങ്ഷനുസമീപം പാലം കോൺക്രീറ്റ് ചെയ്യുന്നതിനിടെ തകർന്നുവീണു. തൊഴിലാളികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു.

Content Highlights: National Highway Collapse in Kollam: Near Miss for Cars and School Bus Highlights Safety Concerns