ഉയരപ്പാതയിലുണ്ടായത് വന്‍ഗര്‍ത്തം; സര്‍വീസ് റോഡ് വിണ്ടുകീറിയത് 100 മീറ്ററിലേറെ, അപകടങ്ങള്‍ക്കിടയാക്കുന്നത് അശാസ്ത്രീയ നിര്‍മാണം

കൊല്ലം: കൊട്ടിയം മൈലക്കാട് ഇറക്കത്തെ ഉയരപ്പാതയിലുണ്ടായത് വന്‍ ഗര്‍ത്തം. കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കിടയില്‍ മാസങ്ങളായി നിറച്ച്, ഉറപ്പിച്ചിരുന്ന മണ്ണ് മുഴുവന്‍ താഴ്ന്നുപോയതോടെ സര്‍വീസ് റോഡിലെ വിള്ളല്‍ വലുതാകുകയായിരുന്നു. റോഡും കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ചിരുന്ന ഓടയും തൊട്ടടുത്ത തോടിന്റെ സംരക്ഷണഭിത്തിയുമടക്കം തകര്‍ന്നു. റോഡരികിലുണ്ടായിരുന്ന വൈദ്യുതത്തൂണുകള്‍ ചരിഞ്ഞതും അപകടഭീതി ഉയര്‍ത്തി.
ദേശീയപാത നിര്‍മാണത്തിനിടെ കൊല്ലത്തുണ്ടായത് 'തുടരന്' അപകടങ്ങള്‍. അശ്രദ്ധയും അശാസ്ത്രീയമായ നിര്‍മാണവുമാണ് പലപ്പോഴും അപകടങ്ങള്‍ക്കിടയാക്കിയത്. പലപ്പോഴും ഭാഗ്യംകൊണ്ടുമാത്രമാണ് വലിയ ദുരന്തങ്ങള്‍ വഴിമാറിപ്പോയത്.
ദേശീയപാതയില്‍ മൈലക്കാടിനും കൊട്ടിയത്തിനുമിടയില് അപകടങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായിരുന്ന ഭാഗം ഉയര്‍ത്തിയാണ് പുതിയ പാലത്തിന്റെയും പാതയുടെയും നിര്‍മാണം ആരംഭിച്ചത്. കൊട്ടിയം സിതാരമുക്കിനും മൈലക്കാട് ജങ്ഷനും ഇടയിലാണ് പാലം നിര്‍മാണം നടന്നിരുന്നത്. വിശാലമായ പാടശേഖരവും തോടുമുള്ള ഭാഗത്തെ ഭൂപ്രകൃതി പരിഗണിക്കാതെയുള്ള നിര്‍മാണമാണ് നടക്കുന്നതെന്ന് തുടക്കത്തില്‍ത്തന്നെ പരാതി ഉയര്‍ന്നിരുന്നതാണ്.
നിരന്തരം നീരൊഴുക്കുള്ള, കുടിവെള്ളപദ്ധതിയുടെ പൈപ്പ്ലൈന് കടന്നുപോകുന്ന ഭാഗം നന്നായി ബലപ്പെടുത്താതെയാണ് മുപ്പതടിയിലേറെ ഉയരത്തില്‍ സംരക്ഷണഭിത്തി കെട്ടിയുയര്‍ത്തി, മണ്ണിട്ടുറപ്പിക്കല് നടന്നിരുന്നത്. വന്‍തോതില്‍ മണ്ണിട്ടുയര്‍ത്തി, ബലപ്പെടുത്തല്‍ തുടര്‍ന്നതോടെ ഒരുഭാഗത്തെ ഭിത്തി മുഴുവന്‍ ചെളിയിലേക്കാഴ്ന്നുപോയി. ഇതോടൊപ്പം മണ്ണും ഇടിഞ്ഞുതാഴ്ന്നതോടെ വലിയ ഗര്‍ത്തം രൂപപ്പെട്ടു.
മൈലക്കാട്, സിതാര ജങ്ഷന് എന്നിവിടങ്ങളില്‍നിന്ന് വന്‍തോതില്‍ മഴവെള്ളം ഒഴുകിയെത്തുന്ന ഭാഗമാണിത്. ചെളിനിറഞ്ഞ പ്രദേശമാണെന്നത് പ്രത്യേകം പരിഗണിച്ച്, പുനര്‍നിര്‍മാണം നടത്തണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.
Content Highlights: Massive sinkhole on Kollam`s Mylakkad flyover; service road & drain collapse due to unscientific construction. Residents demand proper reconstruction.