ആക്രമിച്ച് പരിക്കേൽപ്പിച്ചെന്ന് പ്രചാരണം; നാട്ടുകാരുടെ ഉറക്കംകെടുത്തി സാമൂഹികമാധ്യമങ്ങളിലെ 'പ്രേതം'

കൊല്ലം: സാമൂഹികമാധ്യമങ്ങൾവഴി പ്രേതത്തിന്റേതെന്നു പറഞ്ഞ് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ നാട്ടുകാരുടെ ഉറക്കംകെടുത്തുന്നു. രാത്രിയിൽ ബൈക്കിൽ സഞ്ചരിച്ച യുവാക്കളിൽ ഒരാളെ പ്രേതം ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചെന്നാണ് പ്രചാരണം. 'പ്രേത'ത്തിന്റെയും മുതുകിലും കഴുത്തിലും പരിക്കേറ്റ യുവാവിന്റെയും ചിത്രങ്ങളും 'നടന്ന' സംഭവങ്ങൾ വിവരിക്കുന്ന ശബ്ദസന്ദേശങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ചിറക്കര, കടയ്ക്കൽ തുടങ്ങി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നടന്നതെന്ന വിവരണങ്ങളാണ് ശബ്ദസന്ദേശങ്ങളിലുള്ളത്. 'പരിക്കേറ്റ' യുവാവിനെ കണ്ടെത്താനും സംഭവത്തെക്കുറിച്ച് അറിയാനും ദുരൂഹതകൾ മാറ്റാനും ജനപ്രതിനിധികളടക്കമുള്ളവർ ആശുപത്രികൾ കയറിയിറങ്ങിയെങ്കിലും അത്തരത്തിലൊരാളെ കണ്ടെത്താനായില്ല.
കഴിഞ്ഞ മേയ് മുതൽ ഉത്തരേന്ത്യയിലെ സാമൂഹികമാധ്യമങ്ങളിൽ ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. ഉത്തർപ്രദേശിലെ അമേഠി, കർണാടകയിലെ കാർഗലിനടുത്ത് കഞ്ചികായ് എന്നിവിടങ്ങളിൽനിന്നുള്ളതെന്ന തരത്തിലും ഇതേ വീഡിയോ പ്രചരിച്ചു. തുടർപരിശോധനയിൽ ഇത് വ്യാജ വീഡിയോ ആണെന്നും തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരേ നിയമനടപടി സ്വികരിക്കുമെന്നും ശിവമോഗ (ഷിമോഗ) പോലീസ് മുന്നറിപ്പ് നൽകിയിരുന്നു.
Content Highlights: Fake video of a ghost attack is causing panic in Kollam