34 കണ്ടെയ്‌നറുകൾ കൊല്ലം തീരത്തടിഞ്ഞു, മേയ് 28 വരെ മീൻപിടിത്തത്തിന് നിരോധനം

കൊല്ലം: കൊച്ചിയിൽമുങ്ങിയ എംഎസ്‌സി എൽസ3 ചരക്കുകപ്പലിൽനിന്ന് കടലിൽവീണ കണ്ടെയ്‌നറുകളിൽ 34 എണ്ണം കൊല്ലംതീരത്തടിഞ്ഞു. ഞായറാഴ്ച രാത്രി പത്തരയോടെ ആലപ്പാട് തീരത്തും തിങ്കളാഴ്ച പുലർച്ചയോടെ ചവറ, പരിമണം, ശക്തികുളങ്ങര ഭാഗങ്ങളിലും കണ്ടെയ്‌നറുകളെത്തി. പോലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് കണ്ടെയ്നറുകൾ കയറുകൊണ്ട് കരയിലേക്ക് ബന്ധിച്ചുനിർത്തി
കൊല്ലംതീരത്തെത്തിയ മൂന്നുകണ്ടെയ്‌നറുകൾ പരസ്പരം ബന്ധിച്ച നിലയിലായിരുന്നു. ശീതീകരണസംവിധാനമുള്ള കണ്ടെയ്‌നറുകളും കൂട്ടത്തിലുണ്ട്. കപ്പലിലെ ജീവൻരക്ഷാബോട്ടിലൊരെണ്ണവും ശക്തികുളങ്ങരയിൽ അടിഞ്ഞു. മൺസൂണിൽ സമുദ്രജലപ്രവാഹം തെക്കോട്ടായതിനാലാണ് കണ്ടെയ്‌നറുകൾ കൊല്ലംതീരത്തെത്തിയത്. ആകെ 643 കണ്ടെയ്‌നറുകൾ ഉണ്ടായിരുന്നതിൽ 13 എണ്ണത്തിലാണ് ഹാനികരമായ രാസവസ്തുക്കളുണ്ടായിരുന്നത്. ഇവ കടലിൽ പരന്നിട്ടുണ്ടാവുമോ എന്ന ആശങ്ക മുൻനിർത്തി മേയ് 28 വരെ മീൻപിടിത്തതിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
കണ്ടെയ്‌നറുകളിൽ ന്യൂസ് പ്രിന്റും തുണിയും
കൊല്ലം തീരത്തെത്തിയ കണ്ടെയ്‌നറുകളിൽ ഗ്രീൻ ടീയും ന്യൂസ് പ്രിന്റ് റോളും തുണിയുമടക്കമുള്ള വസ്തുക്കൾ. തിങ്കളാഴ്ച രാവിലെ ശക്തികുളങ്ങര സെയ്‌ന്റ് ജോൺ ഡി ബ്രിട്ടോ ദേവാലയത്തിനു പിന്നിലെ തീരത്തടിഞ്ഞ ചുവപ്പുനിറമുള്ള കണ്ടെയ്‌നറിൽ തേയില പാക്കറ്റുകളായിരുന്നു. മറ്റൊന്നിൽ തുണിത്തരങ്ങളും. പത്ത് കണ്ടെയ്‌നറുകൾ തൊട്ടടുത്ത് അടിഞ്ഞു. തകർന്നനിലയിലുള്ള കണ്ടെയ്നറുകളിലൊന്നും തന്നെ ഇല്ലായിരുന്നു. വളവിൽതോപ്പ് പള്ളിക്ക് സമീപത്തെ ബീച്ചിലെത്തിയ കണ്ടെയ്‌നറുകൾക്കുള്ളിൽ പ്ലാസ്റ്റിക് ഷീറ്റുകളിൽ പൊതിഞ്ഞ ഉത്പന്നങ്ങളായിരുന്നു. ഇവ എന്താണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കണ്ടെയ്നറുകളിൽ നിന്ന് പുറത്തുവന്ന തെർമോകോൾ ശക്തികുളങ്ങര തീരത്ത് വൻതോതിൽ അടിഞ്ഞിട്ടുണ്ട്.
കണ്ടെയ്‌നറുകൾ നീക്കിത്തുടങ്ങി
കൊല്ലം തീരത്ത് ഒഴുകിയെത്തിയ കണ്ടെയ്‌നറുകൾ മാറ്റിത്തുടങ്ങി. ഒരു കണ്ടെയ്നർ മത്സ്യബന്ധനയാനംകൊണ്ട് കെട്ടിവലിച്ച് പോർട്ടിലെത്തിച്ചു. പോളിമർ ഷീറ്റായിരുന്നു ഇതിലുണ്ടായിരുന്നത്. മറ്റ് കണ്ടെയ്നറുകൾ നീക്കുന്നത് ചൊവ്വാഴ്ച രാവിലെ തുടങ്ങും. ക്രെയിൻ വഹിക്കുന്ന വാഹനങ്ങൾക്ക് എത്തിച്ചേരാൻ പറ്റാത്ത പ്രദേശങ്ങളിലാണ് കൂടുതൽ കണ്ടെയ്നറുകളും അടിഞ്ഞത്. അതിനാൽ യാനങ്ങൾ ഉപയോഗിച്ച് കടൽമാർഗം ഇവയെ വലിച്ചുകൊണ്ടുപോയി കൊല്ലം പോർട്ടിലേക്ക് മാറ്റും.
Content Highlights: 4 containers from the sunken MSC Elsa3 cargo ship have washed ashore in Kollam