ജോര്‍ജ് എം തോമസിന്റെ നിലപാട് പാര്‍ട്ടി വിരുദ്ധം; നടപടിയുണ്ടാവുമെന്ന സൂചനയുമായി കോടിയേരി

കോടിയേരി ബാലകൃഷ്ണന്‍, ജോര്‍ജ് എം തോമസ്‌
കോടിയേരി ബാലകൃഷ്ണന്‍, ജോര്‍ജ് എം തോമസ്‌

തിരുവനന്തപുരം: താമരശ്ശേരിയിലെ ഡി.വൈ.എഫ്.ഐ നേതാവിന്റെ മിശ്ര വിവാഹവുമായി ബന്ധപ്പെട്ട് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ എം.എല്‍.എയുമായ ജോര്‍ജ് എം. തോമസ് നടത്തിയ പ്രസ്താവന പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. ജോര്‍ജ് എം. തോമസിനെതിരായി പാര്‍ട്ടി നടപടി ഉണ്ടാവുമെന്ന സൂചനയും കോടിയേരി നല്‍കി.

'ജോര്‍ജ് എം. തോമസ് പരസ്യമായി നടത്തിയ പ്രസ്താവന പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമാണ്. ആ നിലപാടിനെ പാര്‍ട്ടി ജില്ലാ സെക്രട്ടറി പിറ്റേ ദിവസം തന്നെ തള്ളിപ്പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ ജോര്‍ജ് എം. തോമസ് സ്വീകരിച്ച പരസ്യമായ നിലപാട് വിലയിരുത്തി ആവശ്യമായി കാര്യം പാര്‍ട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിക്കും'- വാര്‍ത്ത സമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസം നേടിയ യുവതികളെ പ്രേമം നടിച്ച് മതംമാറ്റാന്‍ നീക്കം നടക്കുന്നതായി പാര്‍ട്ടി രേഖകളില്‍ ഉണ്ടെന്നായിരുന്നു ജോര്‍ജ് എം തോമസിന്റെ വിവാദ പ്രസ്താവന. ജോര്‍ജ് എം. തോമസിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനനും രംഗത്തെത്തിയിരുന്നു.

Content Highlights: Kodiyeri Balakrishnan, george m thomas