കൊച്ചിയിലെ ജലാശയങ്ങളിൽ ഇ-കോളി ഉൾപ്പെടെ മാരക ബാക്ടീരിയകൾ പെരുകുന്നു- ഫ്യൂച്ചർ കേരളമിഷൻ പഠനറിപ്പോർട്ട്

കൊച്ചി: കൊച്ചി നഗരത്തിലെ ജലാശയങ്ങളിൽ ഇ-കോളി ഉൾപ്പെടെയുള്ള അപകടകരമായ ബാക്ടീരിയകളുടെ സാന്നിധ്യം വർധിക്കുന്നതായി പഠന റിപ്പോർട്ട്. ജെയിൻ യൂണിവേഴ്സിറ്റിയുടെ ഫ്യൂച്ചർ കേരള മിഷനാണ് കൊച്ചിയിലെ ജലാശയങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് പഠനം നടത്തിയത്. നഗരത്തിലെ മനുഷ്യന്റെയും മൃഗങ്ങളുടെയും വിസർജ്യങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തുടർച്ചയായി ജലാശയങ്ങളിലേക്ക് എത്തുന്നതാണ് ഗുരുതരാവസ്ഥയ്ക്ക് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
കാക്കനാട് ഫെറി ടെർമിനൽ, ആറാട്ടുകടവ് വാക്ക്‌വേ, ചമ്പക്കര കനാൽ വ്യൂപോയിന്റ്, തുതിയൂർ വെട്ടുവേലി ഫെറി, വൈറ്റില വാട്ടർ മെട്രോ, പോക്കാലി പാർക്ക് ബണ്ട് റോഡ് എന്നീ ആറ് കേന്ദ്രങ്ങളിലെ ജലമാണ് ശാസ്ത്രീയമായി പഠനവിധേയമാക്കിയത്. മേയ്, ജൂൺ മാസങ്ങളിൽ നടന്ന പരിശോധനയിൽ എല്ലാ സാമ്പിളുകളും മൈക്രോബയോളജിക്കൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആറിടങ്ങളിലും ഉദരസംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്ന ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം വലിയ തോതിലുണ്ട്. ഇതിനുപുറമെ, തുതിയൂർ വെട്ടുവേലി ഫെറിയിൽനിന്ന് ശേഖരിച്ച സാമ്പിളിൽ രക്തത്തിൽ അണുബാധയ്ക്ക് കാരണമാകുന്ന സ്ട്രെപ്റ്റോകോക്കി (Streptococci) ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തി. ജലത്തിന്റെ ഭൗതികവും രാസപരവുമായ ഗുണനിലവാരത്തിലും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കാക്കനാട് ഫെറി ടെർമിനലിൽ ജലത്തിന്റെ കലക്കൽ അനുവദനീയമായതിലും പത്തിരട്ടിയിലധികമാണ് (9.2 NTU) എന്ന് റിപ്പോർട്ട് പറയുന്നു. ചിലവന്നൂർ ബണ്ട് റോഡിന് സമീപമുള്ള പോക്കാലി പാർക്കിൽ വെള്ളത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള ഖരമാലിന്യങ്ങളുടെ അളവ് അപകടകരമായ നിലയിലാണ്. മേയ് മാസത്തിൽ ഇത് 10,316 mg/L ആയിരുന്നത് ജൂണിൽ 3,068 mg/L ആയി തുടരുകയാണ്. ക്ലോറൈഡിന്റെ അളവ് 1,277.62 mg/L ആയതിനാൽ ഈ വെള്ളം ഗാർഹിക ആവശ്യങ്ങൾക്കോ വിനോദങ്ങൾക്കോ ഉപയോഗിക്കാൻ തികച്ചും അയോഗ്യമാണെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഔട്ട്‌ഡോർ ബാത്തിങ് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു പഠനം. എൻ.എ.ബി.എൽ അംഗീകാരമുള്ള ലബോറട്ടറിയിലാണ് പരിശോധനകൾ പൂർത്തിയാക്കിയത്. ലാബ് പരിശോധനകൾക്കൊപ്പം ജി.ഐ.എസ് മാപ്പിങ് ഉപയോഗപ്പെടുത്തി സുതാര്യമായ രീതിയിൽ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ജെയിൻ സർവകലാശാലയിലെ സെന്റർ ഓഫ് റിസർച്ച് ഇൻ മറൈൻ സയൻസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. അഭിജിത്ത് മുരളീധരൻ പറഞ്ഞു. നഗരത്തിലെ മലിനജലവും മറ്റ് മാലിന്യങ്ങളും ശാസ്ത്രീയമായി കൈകാര്യം ചെയ്യേണ്ടതിന്റെ അടിയന്തര ആവശ്യകതയിലേക്കാണ് ഈ പഠനഫലങ്ങൾ വിരൽചൂണ്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രശ്നം ചൂണ്ടിക്കാണിക്കുക എന്നതിലുപരി, കൊച്ചി നഗരം നേരിടുന്ന ഇത്തരം പാരിസ്ഥിതിക വെല്ലുവിളികൾക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരങ്ങൾ കണ്ടെത്തുക എന്നതാണ് ലക്ഷ്യമെന്ന് ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടറും ഫ്യൂച്ചർ കേരള മിഷൻ ചീഫ് ഫെസിലിറ്റേറ്ററുമായ ഡോ. ടോം ജോസഫ് പറഞ്ഞു. ജലാശയങ്ങളുടെ നിലവിലെ അവസ്ഥ അങ്ങേയറ്റം ആശങ്കാജനകമാണെന്നും ബന്ധപ്പെട്ട അധികൃതരുടെ ഇടപെടൽ അനിവാര്യമാണെന്നും ഫ്യൂച്ചർ കേരള മിഷൻ ചെയർപേഴ്സൺ പ്രൊഫ. വേണു രാജാമണി ആവശ്യപ്പെട്ടു.
Content Highlights: Study by Jain University's Future Kerala Mission confirms high E. coli levels in 6 major Kochi water bodies., Detection of Streptococci bacteria at Thuthiyoor Vettuveli ferry poses severe health risks., Physical and chemical quality parameters, including turbidity and chloride levels, exceed safety standards., Data gathered using NABL-accredited labs and GIS mapping for public transparency., Urgent call for government intervention and scientific waste management strategies.