മേയർസ്ഥാനം ലത്തീൻസമുദായത്തിന്റെ ശബ്ദം ഉയർന്നതിന്റെ ഫലം, സഭയുടെ ഇടപെടൽ സ്ഥിരീകരിച്ച് വി.കെ. മിനിമോൾ

കൊച്ചി: കൊച്ചി കോർപറേഷന്റെ മേയർ കസേര തീരുമാനിക്കുന്നതിൽ ലത്തീൻ സഭയുടെ ഇടപെടൽ സ്ഥിരീകരിച്ച് മേയർ വി.കെ. മിനിമോൾ. അധ്യക്ഷസ്ഥാനത്തിന് ലത്തീൻ സഭയുടെ പിതാക്കന്മാർ ഇടപെട്ടെന്നും അവർ പറഞ്ഞു.
ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നുണ്ടെങ്കിൽ അത് ലത്തീൻ സമുദായത്തിന്റെ ഒരു ഉറച്ച ശബ്ദം, സമുദായത്തിന് വേണ്ടി ഈ സമൂഹത്തിൽ ഉയർന്നതിന്റെ തെളിവാണ് എന്റെ ഈ കൊച്ചി മേയർ എന്ന പദവി എന്ന് ഉറച്ചുവിശ്വസിക്കുകയാണ് എന്നായിരുന്നു മിനിമോളുടെ വാക്കുകൾ. കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ ജനറൽ അസംബ്ലിയിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മേയർ.
നേരത്തെ, കൊച്ചി മേയർ സ്ഥാനം തീരുമാനിക്കുന്നതിൽ ലത്തീൻസഭയുടെ സമ്മർദത്തിന് കോൺഗ്രസ് വഴങ്ങിയെന്ന് ആരോപണം ഉയർന്നിരുന്നു. കോൺഗ്രസ് അക്കാര്യം നിരാകരിച്ചുവെങ്കിലും അതിനെ ശരിവെക്കുന്ന തരത്തിലുള്ളതാണ് മേയർ മിനിമോളുടെ പ്രസ്താവന.
Content Highlights: kochi mayor vk minimol acknowledges involvement of latin church in deciding mayorship of kochi