വൈറ്റിലയിലെ ഫ്‌ളാറ്റ് പൊളിക്കല്‍, സമീപത്തെ നിര്‍മാണങ്ങളെ ബാധിക്കില്ലെന്ന് വിദഗ്ധസംഘം

ചന്ദര്‍ കുഞ്ജ് ഫ്‌ളാറ്റ് | Photo: Screen grab: Mathrubhumi news
ചന്ദര്‍ കുഞ്ജ് ഫ്‌ളാറ്റ് | Photo: Screen grab: Mathrubhumi news

കൊച്ചി: വൈറ്റിലയിലെ ചന്ദേര്‍കുഞ്ജ് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നത് കൊച്ചി മെട്രോ ഉള്‍പ്പെടെയുള്ള സമീപത്തെ നിര്‍മാണങ്ങളെ ബാധിക്കില്ലെന്ന് വിലയിരുത്തല്‍. മരടില്‍ സ്വീകരിച്ച അതേ മാതൃകയില്‍ സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാനാണ് നീക്കം നടക്കുന്നത്. സമീപത്തെ മെട്രോ തൂണുകള്‍ക്കും പാളത്തിനും ഇതുമൂലം പ്രശ്‌നങ്ങളുണ്ടാകുമോയെന്ന ആശങ്ക മെട്രോ അധികൃതര്‍ ഉന്നയിച്ചിരുന്നു. ഇതു ചൂണ്ടിക്കാണിച്ച് ജില്ലാ ഭരണകൂടത്തിന് കത്തുനല്‍കുകയും ചെയ്തിരുന്നു.

മെട്രോയെ ബാധിക്കാത്ത തരത്തിലായിരിക്കും ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റുകയെന്ന് ചന്ദേര്‍കുഞ്ജ് അപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി അംഗവും സ്ട്രക്ചറല്‍ എന്‍ജിനിയറിങ് വിദഗ്ധനുമായ അനില്‍ ജോസഫ് പറഞ്ഞു

മെട്രോ ഉന്നയിച്ചിരിക്കുന്ന ആശങ്കകള്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മെട്രോയുടെ ദിശയിലേക്ക് വരാതെ എതിര്‍വശത്തേക്ക് കെട്ടിടം വീഴുന്ന തരത്തില്‍ സ്‌ഫോടനം ആസൂത്രണം ചെയ്യാനാകും. സ്‌ഫോടനത്തിനുമുന്‍പുള്ള എന്‍ജിനിയറിങ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രണ്ടുമാസം വേണ്ടിവരും.

പിന്നീട് നാലുമാസം കൂടിയെടുക്കും ശേഷിക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍. സ്‌ഫോടനത്തിനുശേഷം അവശിഷ്ടങ്ങള്‍ മാറ്റുന്നതിന് വീണ്ടുമൊരു നാലുമാസം കൂടി വേണ്ടിവരും.

ചന്ദേര്‍കുഞ്ജ് ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍നിന്ന് 40 മീറ്റര്‍ മാത്രം അകലത്തിലൂടെയാണ് മെട്രോ കടന്നുപോകുന്നത്. 28 നിലകളുള്ള രണ്ട് ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് പൊളിച്ചുമാറ്റേണ്ടത്.

ഇത്രയും വലിയ നിര്‍മിതികള്‍ പൊളിക്കുന്നത് മെട്രോയെ ദോഷകരമായി ബാധിക്കുമോയെന്ന ചോദ്യമാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ഉന്നയിച്ചിരുന്നത്. മെട്രോ തൂണുകള്‍ക്കും പാളത്തിനും ആഘാതമേല്‍ക്കുമോയെന്ന് പഠിക്കണം, സുരക്ഷ ഉറപ്പുവരുത്തണം തുടങ്ങിയ ആവശ്യങ്ങളാണ് മെട്രോ മുന്നോട്ടുെവച്ചത്.

Content Highlights: Chanderkunj apartment complex demolition in Kochi will not affect the Kochi Metro, assures expert