എന്നെ ഒതുക്കാനോ, എവിടെ ഒതുക്കാൻ? പാർട്ടി തന്നത് വലിയ പദവികൾ, പേരാവൂരിലേത് പരീക്ഷണം-കെ.കെ ശൈലജ

#ന്യൂസ് ഡെസ്‌ക്
കെ.കെ. ശൈലജ | ഫോട്ടോ: കെ.കെ. സന്തോഷ്
കെ.കെ. ശൈലജ | ഫോട്ടോ: കെ.കെ. സന്തോഷ്

കണ്ണൂർ: പാർട്ടി തന്നെ ഒതുക്കാൻ ശ്രമിക്കുന്നു എന്ന ആരോപണങ്ങൾ തളളി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ. പാർട്ടി വലിയ പദവികളാണ് നൽകിയതെന്നും ഒരു നാട്ടിൻപുറത്ത് ജനിച്ചു വളർന്ന താൻ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റിയിൽ എത്തിയത് വലിയൊരു അംഗീകാരമാണെന്നും അവർ വ്യക്തമാക്കി. പാർട്ടി കേന്ദ്ര കമ്മിറ്റിയാണ് തീരുമാനങ്ങൾ എടുക്കുന്ന ഏറ്റവും ഉന്നതമായ സമിതിയെന്നും, അവിടം വരെ എത്തുക എന്നത് ചെറിയ കാര്യമല്ലെന്നും അവർ വ്യക്തമാക്കി. നാല് തവണ എംഎൽഎയാകാനും ഒരു തവണ മന്ത്രിയാകാനും പാർട്ടി തനിക്ക് അവസരം നൽകിയിട്ടുണ്ടെന്നും കെ.കെ ശൈലജ ഓർമിപ്പിച്ചു.

കഴിഞ്ഞ 10 വർഷമായി എൽഡിഎഫ് സർക്കാർ കേരളത്തിൽ അഭൂതപൂർവ്വമായ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും അഞ്ച് ലക്ഷം വീടുകൾ നിർമിച്ചുനൽകിയത് ഇതിനൊരു ഉദാഹരണമാണെന്നും അവർ ചൂണ്ടിക്കാട്ടി.

എന്നാൽ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി അപ്രതീക്ഷിതവും കനത്തതുമായിരുന്നു. 99 സീറ്റുകളിൽ നിന്ന് സീറ്റുകളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞത് ഗൗരവകരമാണെന്നും, പരാജയത്തിന്റെ കാരണങ്ങൾ പാർട്ടി വിശകലനം ചെയ്ത് വരികയാണെന്നും അവർ പറഞ്ഞു. എന്തെങ്കിലും തിരുത്തലുകളോ മാറ്റങ്ങളോ ആവശ്യമാണെങ്കിൽ അത് പരിശോധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

പിണറായി വിജയൻ പ്രതിപക്ഷ നേതാവായി തുടരുന്നതിനെ ശൈലജ പിന്തുണച്ചു. പാർട്ടിയുടെ പിബി മെമ്പർ എന്ന നിലയിൽ അദ്ദേഹം പ്രതിപക്ഷ നേതാവാകുന്നതിൽ യാതൊരു അസാംഗത്യവുമില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. പ്രായപരിധിയിൽ അദ്ദേഹത്തിന് ഇളവ് നൽകിയത് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നതിനാലാണെന്നും, പ്രതിപക്ഷ നേതാവ് എന്ന നിലയിൽ തുടരണോ വേണ്ടയോ എന്നത് പിബി തീരുമാനിക്കുമെന്നും അവർ വ്യക്തമാക്കി.

തുടർച്ചയായി രണ്ട് ടേം കഴിഞ്ഞവർ മാറണം എന്ന പാർട്ടി പോളിസി അനുസരിച്ച് താൻ മാറി നിൽക്കേണ്ടതായിരുന്നു. എന്നാൽ പാർട്ടി എടുത്ത പ്രത്യേക തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പേരാവൂരിൽ മത്സരിച്ചത്. യുഡിഎഫിന്റെ ശക്തമായ കോട്ടയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഒരു പരീക്ഷണമെന്ന നിലയിലാണ് അവിടെ മത്സരിച്ചതെന്നും, അതൊരു ഒതുക്കലല്ല മറിച്ച് പാർട്ടിയുടെ കൂട്ടായ തീരുമാനമായിരുന്നുവെന്നും അവർ വിശദീകരിക്കുന്നു.

Content Highlights: KK Shailaja refutes claims of being sidelined by CPM leadership., Highlights the party's role in her political career and elevation to the Central Committee., Acknowledges the significant electoral setback in the 2026 assembly elections., Defends the party's decision regarding Pinarayi Vijayan as Leader of the Opposition., Clarifies that the Peravoor candidature was a strategic experiment, not a move to sideline her.