SIR-ന് ശേഷം തളിപ്പറമ്പിൽ പത്തുമുപ്പതിനായിരം വോട്ട് കൂടി, മലപ്പുറത്തും വർധന- KK രാഗേഷ്

കണ്ണൂർ: തളിപ്പറമ്പിലെ തോൽവിക്ക് വിചിത്രമായ വിശദീകരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. തീവ്ര വോട്ടർപട്ടികാ പരിഷ്കരണം (എസ്ഐആർ) കഴിഞ്ഞപ്പോൾ തളിപ്പറമ്പിൽ മുപ്പതിനായിരത്തോളം വോട്ട് കൂടിയെന്നും ഇതിൽ ഭൂരിഭാഗവും മുസ്ലിം ലീഗ് കേന്ദ്രങ്ങളിലാണെന്നും രാഗേഷ് പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം നടത്തിയ വിശദമായ പരിശോധനയിലാണ് തങ്ങൾ ഇക്കാര്യം കണ്ടെത്തിയതെന്നും സിപിഎം തളിപ്പറമ്പിൽ നടത്തിയ വിശദീകരണ യോഗത്തിൽ കെ.കെ. രാഗേഷ് പറഞ്ഞു.
'എസ്ഐആർ നടപടികളുടെ ഭാഗമായി കേരളത്തിലാകെ ഒമ്പത് ലക്ഷത്തിലേറെ വോട്ട് കുറഞ്ഞു. പക്ഷേ രണ്ട് ജില്ലകളിൽ, പ്രത്യേകിച്ച് മലപ്പുറം ജില്ലയിൽ രണ്ട് ലക്ഷത്തോളം വോട്ടുകൾ വർധിച്ചു. രണ്ടാമത് വർധിച്ചത് കണ്ണൂർ ജില്ലയിലാണ്. കണ്ണൂർ ജില്ലയിൽ 56,000 വോട്ടാണ് വർധിച്ചത്. ഒരു മണ്ഡലം മാത്രമെടുത്ത് പരിശോധിച്ചാൽ എസ്ഐആർ നടപടികളുടെ ഭാഗമായി ഏറ്റവും കൂടുതൽ വോട്ട് വർധിച്ച മണ്ഡലമാണ് തളിപ്പറമ്പ് മണ്ഡലം. ഏതാണ്ട് പത്തുമുപ്പതിനായിരം വോട്ട് തളിപ്പറമ്പിൽ വർധിച്ചു.' -കെ.കെ. രാഗേഷ് പറഞ്ഞു.
'ഈ വോട്ടുകളിൽ ഏതാണ്ട് 80 ശതമാനത്തിലേറെ വർധിച്ചത് മുസ്ലിം ലീഗിന് സ്വാധീനമുള്ള കേന്ദ്രങ്ങളിലാണ് എന്ന് തിരഞ്ഞെടുപ്പിന് ശേഷം വിശദമായി പരിശോധന നടത്തിയപ്പോൾ ഞങ്ങൾ കണ്ടു. തളിപ്പറമ്പ് മണ്ഡലം ഇടതുപക്ഷം സ്ഥിരമായി ജയിച്ചിരുന്ന മണ്ഡലമാണ്. പക്ഷേ ന്യൂനപക്ഷ വോട്ടുകൾ വലിയ നിലയിൽ അനുകൂലമായില്ലെങ്കിൽ ഇടതുപക്ഷം പിന്നോട്ട് പോകുന്ന സ്ഥിതി കഴിഞ്ഞ രണ്ട് പാർലമെന്റ് തിരഞ്ഞെടുപ്പിലും കണ്ടതാണ്. ഇപ്പോഴാണെങ്കിൽ എസ്ഐആറിന്റെ ഭാഗമായി വലിയ തോതിൽ വോട്ട് കൂട്ടിച്ചേർത്തിട്ടുമുണ്ട്.' -കെ.കെ. രാഗേഷ് തുടർന്നു.
അതേസമയം കെ.കെ. രാഗേഷ് പറഞ്ഞത് തെറ്റാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ 2025 ഒക്ടോബറിലുണ്ടായിരുന്ന വോട്ടുകളുടെ എണ്ണം എസ്ഐആറിന് ശേഷം കുറയുകയാണുണ്ടായതെന്നാണ് കണക്ക്. 2025 ഒക്ടോബറിൽ 2.78 കോടി വോട്ടർമാർ ഉണ്ടായിരുന്നെങ്കിൽ എസ്ഐആറിന് ശേഷം സംസ്ഥാനത്തെ വോട്ടർമാരുടെ എണ്ണം 2.71 കോടിയായി കുറയുകയാണ് ചെയ്തത്. തളിപ്പറമ്പ് മണ്ഡലത്തിൽ എസ്ഐആറിന് ശേഷം വോട്ടുകൾ വർധിച്ചിട്ടുണ്ടെങ്കിലും പതിനായിരത്തിൽ താഴെ മാത്രമാണ് ആ വർധനവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
എസ്ഐആറിനെ കൂട്ടുപിടിച്ചുള്ള രാഗേഷിന്റെ വിശദീകരണത്തിനെതിരെ സിപിഎം അനുഭാവികളിൽ നിന്ന് തന്നെ വിമർശനം ഉയർന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ റിപ്പോർട്ടിന് വിരുദ്ധമാണ് രാഗേഷിന്റെ വാദങ്ങൾ എന്ന വിമർശനം പലരും സോഷ്യൽ മീഡിയയിൽ ഉന്നയിച്ചു.
Content Highlights: CPM Kannur District Secretary KK Ragesh claimed that a 30,000 voter increase in Taliparamba under Special Intensive Revision (SIR), mostly in Muslim League centers, caused the party's loss, though official figures contradict his claims.