മസാല ബോണ്ടിലൂടെ 2150 കോടി സമാഹരിച്ച കേസ്: കേരളത്തിന് പിഴയൊഴിവാക്കാൻ കിഫ്ബി ‘റിയൽ എസ്റ്റേറ്റ്’ അല്ലെന്ന് തെളിയിക്കണം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം : Photo:PTI
പ്രതീകാത്മക ചിത്രം : Photo:PTI

കൊച്ചി: മസാല ബോണ്ട് കേസിൽ ഫെമ ചട്ടലംഘന നടപടികളിൽനിന്നൊഴിവാകാൻ കിഫ്ബിക്കുമുന്നിലുള്ള മാർഗം ഫണ്ട് വിനിയോഗം ‘റിയൽ എസ്റ്റേറ്റ്’ നിർവചനത്തിൽ ഉൾപ്പെടുന്നില്ലെന്ന് തെളിയിക്കൽ മാത്രം. വിദേശത്തുനിന്ന് സ്വീകരിക്കുന്ന വായ്പത്തുക റിയൽ എസ്റ്റേറ്റ്, ഭൂമിവാങ്ങൽ എന്നിവയ്ക്ക് ഉപയോഗിക്കരുതെന്നാണ് ചട്ടം. ഭൂമിവാങ്ങാൻ കിഫ്ബി 466.91 കോടി രൂപ വിനിയോഗിച്ചെന്നാണ് ഇഡി ആരോപിക്കുന്നത്. ഈ ‘ഭൂമി വാങ്ങൽ’ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കലുകൾക്ക് മാത്രമായിരുന്നു എന്ന് നിയമവഴിയിലൂടെ സാങ്കേതികമായി തെളിയിക്കേണ്ടിവരും.

മസാല ബോണ്ട് സമ്പ്രദായത്തിന് റിസർവ് ബാങ്ക് അനുമതിനൽകുന്നത് 2016-ലാണ്. അതിനുശേഷമുള്ള മൂന്നാമത്തെ വലിയ സമാഹരണമായിരുന്നു കേരളത്തിന്റേത്. അടിസ്ഥാനസൗകര്യ വികസനത്തിന് വിദേശവിപണിയിൽനിന്ന് ധനം സമാഹരിക്കാൻ ലക്ഷ്യമിട്ട് വിദേശകടപ്പത്ര വിപണിയിൽ പ്രവേശനംനേടുന്ന ആദ്യ സംസ്ഥാനമായി കേരളം മാറിയിരുന്നു.

2019 മാർച്ചിൽ മസാല ബോണ്ടിലൂടെ 2150 കോടി രൂപയാണ് സമാഹരിച്ചത്. ഇതിൽനിന്ന് 466 കോടി രൂപ ഭൂമിവാങ്ങാൻ ചെലവിട്ടെന്നു കണ്ടെത്തിയ ഇഡി ഇത് ഫെമ നിയമത്തിന്റെയും റിസർവ് ബാങ്ക് സർക്കുലറിന്റെയും ലംഘനമാണെന്ന് ആരോപിച്ചു.ചട്ടലംഘനം നടന്നത് കിഫ്ബി ചെയർമാൻ എന്നനിലയിൽ മുഖമന്ത്രിയുടെയും വൈസ് ചെയർമാൻ എന്നനിലയിൽ അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിന്റെയും അറിവോടെയായിരുന്നു എന്നാണ് ആരോപണം. ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനങ്ങളിൽ ഇരുവരും ഒപ്പുവെച്ചിട്ടുണ്ട്. ഇതാണ് പിഴചുമത്താതിരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ ബോധിപ്പിക്കാൻ ആവശ്യപ്പെട്ട് ഇവർക്കും നോട്ടീസ് നൽകിയിരിക്കുന്നത്.

റിസർവ് ബാങ്ക് 2016-ൽ പുറപ്പെടുവിച്ച മാസ്റ്റർ ഡയറക്‌ഷൻസിൽ പ്രതിപാദിച്ചിരിക്കുന്നത് വിദേശവായ്പയിലൂടെ ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ച് റിയൽ എസ്‌റ്റേറ്റ് ഇടപാടുകൾ നടത്തരുതെന്നാണ്. പദ്ധതികൾക്കായി വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടുന്നതും അനുവദനീയമല്ല.

സംസ്ഥാനത്തിന്റെ പൊതു ആവശ്യത്തിന് ഭൂമി ഏറ്റെടുത്തതല്ലാതെ റിയൽ എസ്റ്റേറ്റ് സ്വഭാവത്തിലുള്ള നടപടികൾ ഉണ്ടായിട്ടില്ലെന്ന് തെളിയിക്കാനായാൽ പിഴ ഒഴിവാക്കാനാകും. ഒരിക്കൽ അഡ്ജുഡിക്കേറ്റിങ് അതോറിറ്റി പിഴ ചുമത്തിയാൽ അപ്പലേറ്റ് ട്രിബ്യൂണലിലും ഹൈക്കോടതിയിലും ചോദ്യംചെയ്യാമെങ്കിലും സാധാരണഗതിയിൽ പിഴ കുറയ്ക്കാറില്ല. കിഫ്ബിയുടെ കേസിൽ 6450 കോടി രൂപവരെ പിഴചുമത്താനിടയുണ്ട് എന്നതിനാൽ ഫെമ നിയമലംഘനം ഇല്ലെന്നു തെളിയിക്കൽമാത്രമാണ് പോംവഴി.

Content Highlights: KIIFB seeks to avoid FEMA penalties in the Masala Bond case by proving land acquisition was for infra, not real estate.