മലപ്പുറത്ത് രണ്ടിടങ്ങളിലായി യുവാക്കളുടെ അസ്വാഭാവിക മരണം; ഒരിടത്ത് സുഹൃത്തുക്കൾ പോലീസ് കസ്റ്റഡിയിൽ

#ന്യൂസ് ഡെസ്ക്
റമീസ്, ഹിദാഷ് അലി
റമീസ്, ഹിദാഷ് അലി

ചേലേമ്പ്ര: പാറയിൽ സ്വദേശിയായ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. പാറയിൽ സ്വദേശി പി.ടി. ഇസ്മായിലിന്റെ മകൻ റമീസ് (30) ആണ് മരിച്ചത്.

വൈകീട്ട് അഞ്ചോടെ കോമരപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ ബൈക്കിൽ രണ്ട് യുവാക്കൾ ചേർന്ന് റമീസിനെ എത്തിക്കുകയായിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല.

അസ്വാഭാവിക മരണമാണെന്ന സംശയത്തെത്തുടർന്ന് റമീസിന്റെ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപുണ്ടായ സംഭവങ്ങളെക്കുറിച്ചും പോലീസ് അന്വേഷിച്ചുവരികയാണ്.

മാതാവ്: സൈറ ബാനു. സഹോദരങ്ങൾ: റിജാസ്, റഈസ.

വയലിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

കൊണ്ടോട്ടി: വിമാനത്താവള റോഡരികിലെ വയലിൽ അവശനിലയിൽ കണ്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു.

അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശി ഹിദാഷ് അലി (30) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് സുഹൃത്തുക്കളോടൊപ്പം യുവാവിനെ ഒഴിഞ്ഞ പാടത്തുനിന്നാണ് അബോധാവസ്ഥയിൽ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഫലിച്ചില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജാശുപത്രിയിലേക്ക്‌ മാറ്റി.പിതാവ്: പരേതനായ സിദ്ദീഖ്. മാതാവ്: കുഞ്ഞീവി. സഹോദരങ്ങൾ: ഷമ്മാസ്, സിനാൻ.