ബാങ്കുവഴി ക്ഷേമപെൻഷൻ: വിതരണം തടസ്സപ്പെടില്ല, അക്കൗണ്ട് തുടങ്ങാൻ സാവകാശം കിട്ടും

പ്രതീകാത്മകചിത്രം | UNI
പ്രതീകാത്മകചിത്രം | UNI

പാലക്കാട്: വാതിൽപ്പടി പെൻഷൻവിതരണം നിർത്തുന്നതോടെ ക്ഷേമപെൻഷൻ കൈപ്പറ്റാൻ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യേണ്ടിവരുന്നത് 23.14 ലക്ഷം ഗുണഭോക്താക്കൾക്ക്. പെൻഷൻ വാങ്ങുന്നവർക്ക് നിലവിൽ ആധാർ ലിങ്കുചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ ഈ അക്കൗണ്ട് പെൻഷൻ കൈപ്പറ്റാനും ഉപയോഗിക്കാം. പുതിയ അക്കൗണ്ട് തുടങ്ങുന്നവർക്ക് നടപടി പൂർത്തിയാക്കാൻ സാവകാശം നൽകും.

2016-ഏപ്രിൽവരെ ക്ഷേമപെൻഷനുകളും പോസ്റ്റോഫീസ് വഴിയാണ് നൽകിയിരുന്നത്. പിന്നീട് വിതരണം ബാങ്ക് അക്കൗണ്ടുവഴിയാക്കാൻ തീരുമാനിച്ചിരുന്നു. പലരും ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനിടെ പരാതികളും ഉയർന്നു. തുടർന്നാണ് താത്പര്യമുള്ളവർക്ക് പ്രാഥമിക സഹകരണസംഘങ്ങൾവഴി പെൻഷൻ വീട്ടിലെത്തിക്കാൻ തീരുമാനിച്ചത്. 2016 ജൂൺമുതൽ ഇങ്ങനെ പെൻഷൻ വിതരണം തുടരുകയായിരുന്നു.

ധനവകുപ്പിന്റെ കണക്കുപ്രകാരം 51,10,908 പേർ നിലവിൽ ക്ഷേമ പെൻഷൻ വാങ്ങുന്നുണ്ട്. ഇതിൽ 27,95,912 പേർ ബാങ്കുവഴിയാണ് പെൻഷൻ കൈപ്പറ്റുന്നത്. 28,14,996 പേർക്കാണ് പെൻഷൻ വീട്ടിലെത്തിക്കുന്നത്. ഇവരിൽ പകുതിയോളം പേർ ഇതിനോടകം ബാങ്ക് അക്കൗണ്ട് എടുത്തിട്ടുണ്ടാവാമെന്നാണ് ധനവകുപ്പിന്റെ നിഗമനം. തൊഴിലുറപ്പ് തൊഴിലാളികളടക്കം ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നവരാണ്. കിടപ്പുരോഗികൾ, ബാങ്കിലെത്താൻ കഴിയാത്ത ഭിന്നശേഷിക്കാർ തുടങ്ങിയവരെ പരിഷ്ക്കരണത്തിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇവരുടെ വിവരങ്ങൾ ശേഖരിക്കും. മറ്റുള്ളവർക്ക് ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യാനടക്കം സാവകാശം നൽകും. ഇതിനാൽ ഉടൻ അക്കൗണ്ട് തുടങ്ങിയില്ലെങ്കിലും അടുത്ത മാസങ്ങളിൽ പെൻഷൻ മുടങ്ങില്ലെന്നാണ് പെൻഷൻവിഭാഗം വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച് വിശദമായ ഉത്തരവ് ഉടനെയുണ്ടാകുമെന്നാണ് വിവരം. ഓണത്തിനുമുമ്പ് ഓഗസ്റ്റിലെ പെൻഷനും നൽകാൻ തീരുമാനമുണ്ട്.

Content Highlights: Doorstep welfare pension distribution is ending, affecting over 23.14 lakh beneficiaries. Beneficiaries must link their Aadhaar-enabled bank accounts to receive pensions. Bedridden patients and disabled individuals unable to visit banks are exempted from this rule. Pensions will not be delayed in upcoming months, and time will be given to open new accounts.