ഉപയോഗിക്കാത്ത വെള്ളത്തിന് 5,218 രൂപയുടെ ബിൽ; സ്വയം വാദിച്ച് ജിജി; വാട്ടർ അതോറിറ്റിക്ക് 25000 രൂപ പിഴ

ചങ്ങനാശ്ശേരി: ഉപയോഗിക്കാത്ത വെള്ളത്തിന് അമിത ബിൽ നൽകി മാനസികമായി പീഡിപ്പിക്കുകയും നിയമപരമായ പരാതികൾ ബോധപൂർവം അവഗണിക്കുകയും നിയമവിരുദ്ധമായ നിർദേശങ്ങൾ രേഖാമൂലം നൽകുകയും ചെയ്ത കേരള വാട്ടർ അതോറിറ്റിയുടെ നടപടിക്കെതിരെ കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ വിധി.
ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിലെ എസ്.ബി. ഹൈസ്കൂൾ വാർഡിൽ താമസിക്കുന്ന ജിജി ഫിലിപ്പ് വെട്ടിത്താനം, ആൻസി ജി. ഫിലിപ്പ് ദമ്പതികൾ സമർപ്പിച്ച ഹർജിയിലാണ് പ്രസിഡന്റ് വി.എസ്. മനുലാൽ, അംഗങ്ങളായ ബിന്ദു ആർ., കെ.എം. ആന്റോ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
തർക്കത്തിലുള്ള വാട്ടർ ബിൽ റദ്ദാക്കാനും മീറ്റർ പരിശോധന നടത്തി പുതിയ ബിൽ നൽകാനും അധികമായി ഈടാക്കിയ തുക തിരികെ നൽകാനും കോടതി ഉത്തരവിട്ടു. മാനസിക ബുദ്ധിമുട്ടുകൾക്കും പീഡനങ്ങൾക്കും നഷ്ടപരിഹാരമായി 20,000 രൂപയും കോടതിച്ചെലവായി 5,000 രൂപയും ഉൾപ്പെടെ 25,000 രൂപ 30 ദിവസത്തിനകം ഉപഭോക്താവിന് നൽകണമെന്നാണ് വിധി. തുക നൽകാൻ താമസിച്ചാൽ പിഴപ്പലിശയും ഈടാക്കും.
വീട്ടിൽ സ്വന്തമായി കിണർവെള്ളം ഉള്ളതിനാൽ വാട്ടർ അതോറിറ്റിയുടെ കണക്ഷൻ ഒരു ബാക്കപ്പ് സംവിധാനമായി മാത്രമാണ് ദമ്പതികൾ ഉപയോഗിച്ചിരുന്നത്. 500 ലിറ്ററിന്റെ ചെറിയ ടാങ്കിലേക്കാണ് ഈ കണക്ഷൻ ഘടിപ്പിച്ചിരുന്നതെന്ന് മീറ്റർ ഇൻസ്പെക്ടറുടെ ഫീൽഡ് റിപ്പോർട്ടിലും വ്യക്തമാണ്. 2022 ജനുവരി മുതൽ 2025 ഓഗസ്റ്റുവരെ രണ്ടുമുതൽ അഞ്ചുവരെ കിലോലിറ്റർ വെള്ളം മാത്രമാണ് ഉപയോഗിച്ചത്; അതിനാൽ 145 രൂപയുടെ മിനിമം ചാർജാണ് ബില്ലായി വന്നിരുന്നത്.
എന്നാൽ, 2025 ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കനത്ത മഴക്കാലത്ത് കണക്ഷനിൽനിന്ന് ഒരുതുള്ളി വെള്ളംപോലും ഉപയോഗിക്കാതിരുന്നിട്ടും 148 കിലോലിറ്റർ (1,48,000 ലിറ്റർ) വെള്ളം ഉപയോഗിച്ചുവെന്ന് കാണിച്ച് 5,218 രൂപയുടെ ബിൽ നൽകുകയായിരുന്നു. ആഴ്ചയിൽ ഒന്നോ രണ്ടോ മണിക്കൂർമാത്രം വെള്ളം ലഭിക്കുന്ന പ്രദേശത്ത്, മുക്കാൽ ഇഞ്ച് പൈപ്പിലൂടെ ഇത്രയധികം വെള്ളം ഒഴുകുക സാങ്കേതികമായി അസാധ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്.
മീറ്റർ റീഡിങ് എടുത്തത് 15.10.2025-ൽ ആയിരുന്നു. എന്നാൽ, അതിന് രണ്ട് ദിവസം മുൻപ് തയ്യാറാക്കിയ ബില്ലാണ് ജിജി ഫിലിപ്പിന് ഉദ്യോഗസ്ഥൻ നൽകിയത്. ബില്ലിലെ അപാകത ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ, റീഡിങ് എടുത്ത ദിവസം തന്നെ വ്യാജ ബിൽ റദ്ദാക്കാനും കണക്ഷൻ താത്കാലികമായി വിച്ഛേദിക്കാനും മീറ്റർ തകരാർ പരിശോധിക്കാനുമുള്ള അപേക്ഷ നൽകിയിരുന്നു.
എന്നാൽ, ഈ അപേക്ഷകളിൽ നടപടിയെടുക്കാതെ ഉദ്യോഗസ്ഥർ കാലതാമസം വരുത്തുകയും ഉപഭോക്താവിന്റെ ഓൺലൈൻ പോർട്ടൽ ബ്ലോക്ക് ചെയ്യുകയും ചെയ്തു. മീറ്റർ സ്വയം അഴിച്ചുമാറ്റി ഓഫീസിൽ കൊണ്ടുവന്ന് പരിശോധന നടത്തണമെന്ന നിർദേശവും ഉപഭോക്താവിന് ഉദ്യോഗസ്ഥൻ നൽകി. എന്നാൽ, അദ്ദേഹം അത് ചെയ്യാൻ തയ്യാറായില്ല. ഒടുവിൽ, കണക്ഷൻ താൽക്കാലികമായി വിച്ഛേദിക്കാൻ തർക്കത്തിലുള്ള തുക മുഴുവൻ അടയ്ക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ട് നിർബന്ധപൂർവം പണം ഈടാക്കുകയായിരുന്നു.
കേസിൽ വാദങ്ങൾ ന്യായീകരിക്കാനോ കോടതി നടപടികളോട് സഹകരിക്കാനോ വാട്ടർ അതോറിറ്റിക്ക് സാധിച്ചിരുന്നില്ല. ഉപഭോക്താവ് സമർപ്പിച്ച രേഖകളും സത്യവാങ്മൂലവും അംഗീകരിച്ച കോടതി, കെ.ഡബ്ല്യു.എയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ സേവന വീഴ്ചയാണെന്ന് കണ്ടെത്തുകയായിരുന്നു.
അനധികൃതമായി ഈടാക്കിയ തുക പൂർണമായി തിരികെ നൽകണം. മീറ്റർ ടെസ്റ്റിങ് അപേക്ഷ നിരസിച്ച നടപടി റദ്ദാക്കി, ഉടനടി മീറ്റർ സാങ്കേതികമായി പരിശോധിച്ച് നിയമാനുസൃതമായ ബിൽ നൽകണം. നഷ്ടപരിഹാരമായി 20,000 രൂപയും, കോടതിച്ചെലവായി 5,000 രൂപയും 30 ദിവസത്തിനകം നൽകണം; വീഴ്ച വരുത്തിയാൽ പിഴ പലിശ നൽകണമെന്നും കോടതി ഉത്തരവിട്ടു.
ഉപഭോക്തൃ നിയമങ്ങളും വാട്ടർ അതോറിറ്റി ചട്ടങ്ങളും കൃത്യമായി പഠിച്ച് കോടതിയിൽ നേരിട്ട് വാദിച്ചാണ് ജിജി ഫിലിപ്പ് ഈ അനുകൂല വിധി നേടിയത്. പൊതുജനങ്ങളെ പീഡിപ്പിക്കുന്ന ഉദ്യോഗസ്ഥ മനോഭാവത്തിനും സേവന വീഴ്ചകൾക്കുമെതിരെ നിയമപരമായ പോരാട്ടങ്ങളിലൂടെ കൃത്യമായ മറുപടി നൽകാൻ സാധിക്കുമെന്ന് തെളിയിക്കുന്നതാണ് ഈ വിധിയെന്ന് അദ്ദേഹം പ്രതികരിച്ചു. മുൻ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനാണ് ജിജി ഫിലിപ്പ്.
Content Highlights: Kottayam District Consumer Disputes Redressal Commission ruled against Kerala Water Authority for issuing an inflated bill for unused water., Court ordered the cancellation of the disputed bill and an immediate technical inspection of the water meter., KWA directed to pay Rs 20,000 as compensation for mental agony and Rs 5,000 as court expenses within 30 days.