വഖഫ് ബോർഡിൽ കാന്തപുരം വിഭാഗത്തെ വെട്ടി; ഒക്ടോ. 22-ന് പ്രതിഷേധത്തിനൊരുങ്ങി നേതാക്കൾ

#കെ.പി. ഷൗക്കത്തലി
വിദ്യാഭ്യാസ-വഖഫ് വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീനും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരും
വിദ്യാഭ്യാസ-വഖഫ് വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീനും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരും

കോഴിക്കോട്: തദ്ദേശ-നിയസഭാ തിരഞ്ഞെടുപ്പുകളോടെ മുസ്‌ലിംലീഗുമായി അടുപ്പത്തിലായിട്ടും വഖഫ്‌ബോർഡ് പുനഃസംഘടനയിൽ കാന്തപുരം വിഭാഗത്തെവെട്ടി. അഭിഭാഷക പ്രതിനിധിയായി തൃശ്ശൂരിൽനിന്നുള്ള കാന്തപുരം വിഭാഗം നേതാവ് പി.യു. അലിയാണ് എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ബോർഡിലുണ്ടായിരുന്നത്. ഇത്തവണയും അവർ പ്രാതിനിധ്യം പ്രതീക്ഷിച്ചതാണ്. രാഷ്ട്രീയസൗഹൃദം കാണിച്ചിട്ടും തഴയപ്പെട്ടു എന്ന വികാരമാണ് കാന്തപുരം വിഭാഗത്തിനുള്ളത്. ബോർഡുകളിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻതന്നെ ഉറപ്പു നൽകിയിരുന്നു. സുന്നികളാണ് കൂടുതലും വഖഫ് സ്വത്ത് കൈാര്യംചെയ്യുന്നത്. എന്നിട്ടും വഖഫ്ബോർഡിൽനിന്ന്‌ പൂർണമായി തഴഞ്ഞത് ശരിയയില്ലെന്നാണ് കാന്തപുരം വിഭാഗം പറയുന്നത്.

സമസ്ത മുശാവറ അംഗവും മുസ്‌ലിംലീഗിന്റെ കടുത്ത എതിരാളിയുമായ ഉമർഫൈസി മുക്കത്തെ ഒഴിവാക്കിയപ്പോൾ പാണക്കാട് കുടുംബവും മുസ്‌ലിംലീഗുമായി ഏറ്റവും അടുപ്പമുള്ള മുൻ മുശാവറ അംഗം എം.പി. മുസ്തഫൽ ഫൈസിയെയാണ് ഉൾപ്പെടുത്തിയത്. ലീഗ്-സമസ്ത തർക്കം രൂക്ഷമായിരുന്ന ഘട്ടത്തിൽ ജിഫ്രിതങ്ങൾക്കെതിരേ നടത്തിയ പരാമർശത്തിന്റെ പേരിലാണ് മുശാവറയിൽനിന്ന് അദ്ദേഹത്തെ ഒഴിവാക്കിയത്. തിരിച്ചെടുക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ്തങ്ങൾ ഉൾപ്പെടെയുള്ള ലീഗ് നേതാക്കൾ പലതവണ ആവശ്യപ്പെട്ടിട്ടും സമസ്ത നേതൃത്വം തള്ളുകയായിരുന്നു. ആ ഒരു പരിഗണനകൂടി കണക്കിലെടുത്താണ് മറ്റ് ലീഗ് അനുകൂല മുശാവറ അംഗങ്ങൾക്ക് പകരം മുസ്തഫൽ ഫൈസിയെ ഉൾപ്പെടുത്തിയത്.

ഉമർ ഫൈസിയെ മാറ്റിയതിൽ വലിയ എതിർപ്പില്ലെങ്കിലും മുസ്തഫൽ ഫൈസിയെ ഉൾപ്പെടുത്തിയതിൽ സമസ്തയ്ക്കുള്ളിൽ അതൃപ്തിയുണ്ട്. സമസ്ത-ലീഗ് തർക്കം രൂക്ഷമാവാനും ഇത് കാരണമായേക്കും. എം.സി. മായിൻഹാജി സമസ്തയുടെയും മുസ്‌ലീംലീഗിന്റെയും പ്രതിനിധിയായാണ് പരിഗണിക്കപ്പെടുന്നതെങ്കിലും സമസ്തയിലെ ഒരുവിഭാഗത്തിന് അദ്ദേഹവും സ്വീകാര്യനല്ല. ജമാഅത്തെ ഇസ്‌ലാമി പ്രതിനിധിയായി വെൽഫെയർപാർട്ടിയുടെ പഞ്ചായത്ത് അംഗത്തെ ഉൾപ്പെടുത്തിയതാണ് മറ്റൊരു ശ്രദ്ധേയ തീരുമാനം. മുൻപ് എൽ.ഡി.എഫിന്റെ കാലത്തും യു.ഡി.എഫിന്റെ കാലത്തും ജമാഅത്തെ ഇസ്‌ലാമി പ്രതിനിധികൾ ബോർഡിൽ ഉണ്ടായിട്ടുണ്ട്. ഇത്തവണ ജമാഅത്തെ ഇസ്ലാമിക്ക് നേരിട്ട് പ്രാതിനിധ്യം നൽകാതെ വെൽഫെയർ പാർട്ടിയുടെ പഞ്ചായത്തംഗത്തെ ആ ക്വാട്ടയിൽ ഉൾപ്പെടുത്തുകയായിരുന്നു.

മുനമ്പംഭൂമി പ്രശ്നം പരിഹരിക്കാൻ കഴിയാതെ പ്രതിസന്ധിയിലാക്കിയത് കെ.എസ്. ഹംസ ചെയർമാനായ പൂർണമായി ഇടത് അനുകൂലികൾ മാത്രമുണ്ടായിരുന്ന വഖഫ്‌ബോർഡാണ്. അത് പിരിച്ചുവിടുക എന്നത് യു.ഡി.എഫിന്റെ രാഷ്ട്രീയതീരുമാനമാണ്. പക്ഷേ, മുനന്പത്തേത് വഖഫ് ഭൂമിയാണെന്നാണ് ബോർഡ് അംഗമായിരുന്നപ്പോൾ മായിൻഹാജി സ്വീകരിച്ച നിലപാട്.

കാന്തപുരം വിഭാഗം പ്രതിഷേധത്തിലേക്ക്

വഖഫ് ബോർഡ് പുനഃസംഘടനയിൽ സമസ്ത കാന്തപുരം വിഭാഗത്തെ അവഗണിച്ചതിനെതിരേ പ്രതിഷേധത്തിനൊരുങ്ങി കേരള മുസ്‌ലിം ജമാഅത്ത്. 22-ന് രാവിലെ 11-ന് ജില്ലാകേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാനനേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വഖഫ് സ്വത്തുക്കൾ കൈകാര്യംചെയ്യുന്ന സുന്നികളിലെ പ്രമുഖവിഭാഗത്തെ അവഗണിച്ചതിനെതിരേ സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ നേതൃത്വത്തിൽനടന്ന യോഗം പ്രതിഷേധിച്ചതായി നേതാക്കൾ പറഞ്ഞു. പുതിയ സർക്കാരിനെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടിരുന്നതെങ്കിലും അവകാശപ്പെട്ടത് നിഷേധിക്കുന്ന സമീപനമാണ് ഉണ്ടായത്. വഖഫ് ബോർഡിലും ഹജ്ജ് കമ്മിറ്റിയിലും പ്രാതിനിധ്യം നൽകുമെന്ന് മുഖ്യമന്ത്രി നേരത്തേ ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട ഒരു ചർച്ചയും സംഘടനയുമായി നടത്തിയില്ലെന്നും നേതാക്കൾ പറഞ്ഞു.

പത്രസമ്മേളനത്തിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിമാരായ വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി, മജീദ് കക്കാട്, സി.പി. സൈതലവി, എ. മുഹമ്മദ് പറവൂർ, വൈസ് പ്രസിഡന്റ് എ. സൈഫുദ്ദീൻ ഹാജി എന്നിവർ സംസാരിച്ചു.

Content Highlights: Kanthapuram faction sidelined in the Kerala Waqf Board reorganization despite political proximity.