ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് 'സ്വന്തം വിസി', സർക്കാരിന് ഞെട്ടൽ; നടപടി പ്രായോഗികമല്ല

കൊച്ചിയില്‍ ജ്ഞാന സഭയുടെ ഭാഗമായുള്ള അക്കാദമിക സമ്മേളനത്തില്‍ പങ്കെടുക്കുന്ന ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍, കുഫോസ് വിസി ഡോ. എ. ബിജുമാര്‍ തുടങ്ങിയവര്‍
കൊച്ചിയില്‍ ജ്ഞാന സഭയുടെ ഭാഗമായുള്ള അക്കാദമിക സമ്മേളനത്തില്‍ പങ്കെടുക്കുന്ന ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍, കുഫോസ് വിസി ഡോ. എ. ബിജുമാര്‍ തുടങ്ങിയവര്‍

തിരുവനന്തപുരം: സർക്കാരിനെ പ്രതിരോധത്തിലാക്കി ആർഎസ്എസ് അനുകൂല ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ‘ജ്ഞാനസഭ’യിൽ വിസിമാരുടെ പങ്കാളിത്തം. ഗവർണർ നിയമിച്ച കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ വിസിമാർക്കു പുറമേ, ഫിഷറീസ് സർവകലാശാല (കുഫോസ്)യിലെ സർക്കാരിന്റെ സ്വന്തം വിസിയും ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ് സംഘടിപ്പിച്ച രാഷ്ട്രീയ ചിന്തൻ ബൈഠക്കിൽ പങ്കെടുത്തു.

മറ്റുവിസിമാരുടെ പങ്കാളിത്തം പ്രതീക്ഷിച്ചിരുന്നെങ്കിലും കുഫോസ് വിസി ഡോ. എ. ബിജുകുമാർ പങ്കെടുത്തതിൽ വെട്ടിലായിരിക്കയാണ് സർക്കാരും സിപിഎമ്മും. സർവകലാശാലകളിലെ സിപിഎം സംഘടനയായ ഫെഡറേഷൻ ഓഫ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷൻ (ഫുട്ട) അംഗമാണ് ബിജുകുമാർ.

സർവകലാശാലകൾ കാവിവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആർഎസ്എസ് സംഘടിപ്പിച്ച സമ്മേളനത്തിൽ വിസിമാർ പങ്കെടുത്തത് ഉചിതമായില്ലെന്ന് മന്ത്രി ആർ. ബിന്ദു പ്രതികരിച്ചു. രാഷ്ട്രീയ അജൻഡയിലുള്ള ഇത്തരമൊരു പരിപാടിയിൽ ഔദ്യോഗികപദവിയിലുള്ള വിസിമാർ പങ്കെടുത്തതിൽ തുടർനടപടി ആലോചിക്കുമെന്നും അവർ അറിയിച്ചു.

എന്നാൽ, ആർഎസ്എസ് മേധാവിയുടെ വിദ്യാഭ്യാസസദസ്സിൽ താൻ പങ്കെടുത്തിട്ടില്ലെന്നാണ് ഡോ. ബിജുകുമാറിന്റെ വിശദീകരണം. എറണാകുളത്തെ അമൃത വിദ്യാപീഠത്തിൽ അസോസിയേഷൻസ് ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ് സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറിലാണ് വിസിയെന്ന നിലയിൽ താൻ പങ്കെടുത്തതെന്നാണ് അദ്ദേഹത്തിന്റെ വാദം.

വിസിമാർ ജ്ഞാനസഭയിൽ സർക്കാർ ഞെട്ടി, നടപടി പ്രായോഗികമല്ല   

തിരുവനന്തപുരം: കേരള വിസി ഡോ. മോഹനൻ കുന്നുമ്മേൽ, കാലിക്കറ്റ് വിസി ഡോ. പി. രവീന്ദ്രൻ, കണ്ണൂർ വിസി ഡോ. കെ.കെ. സജു എന്നിവരാണ് ജ്ഞാനസഭയിലെത്തിയ മറ്റുപ്രമുഖർ. ഇവർ പങ്കെടുക്കുമെന്ന് സർക്കാർ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, പങ്കെടുക്കുമെന്ന് ആരും കരുതാതിരുന്ന ഫിഷറീസ് വിസി ഡോ. ബിജുകുമാർ സെമിനാറിനെത്തിയത് സർക്കാരിനെ ‍ഞെട്ടിച്ചിട്ടുണ്ട്.

ഫിഷറീസ് വകുപ്പിനുകീഴിലുള്ള കുഫോസിൽ വിസിയായി ബിജുകുമാറിനെ നിയമിക്കാൻ സർക്കാർ പാനൽ നൽകിയിരുന്നു. ഇതിനുപുറമേ, മന്ത്രി സജി ചെറിയാൻ വിസി നിയമനത്തിനായി ഗവർണറുമായി നേരിട്ടുസംസാരിച്ചിരുന്നുവെന്നാണ് വിവരം. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ ബിജുകുമാർ, കേരള സർവകലാശാലയിൽ സയൻസ് ഫാക്കൽറ്റി ഡീനും അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം മേധാവിയുമായിരുന്നു. വിസിയായി നിയമിക്കപ്പെട്ടശേഷം ബിജുകുമാറിന് ‘ഫുട്ട’ പ്രവർത്തകർ സ്വീകരണവും നൽകിയിരുന്നു. സർവകലാശാലകളെ കാവിവത്കരിക്കാനുള്ള സംഘപരിവാർശ്രമത്തിനെതിരേ തിങ്കളാഴ്ച ‘ഫുട്ട’ സർവകലാശാലകളിൽ പ്രതിഷേധയോഗം പ്രഖ്യാപിച്ചിരിക്കേയാണ് സംഘടനാംഗമായിരുന്ന ആൾതന്നെ ജ്ഞാനസഭയിൽ പങ്കെടുത്തത്.

നടപടി പ്രായോഗികമല്ല

ജ്ഞാനസഭയിൽ വിസിമാർ പങ്കെടുത്തതിനെ തള്ളിപ്പറയുകയല്ലാതെ നടപടിയെടുക്കാൻ സർക്കാരിനാവില്ല. ആർഎസ്എസ് ഒരു നിരോധിതസംഘടനയല്ല. മാത്രമല്ല, ചാൻസലറായ ഗവർണർകൂടി പങ്കെടുത്ത ഒരുസമ്മേളനത്തിൽ വിസിമാരുടെ സാന്നിധ്യം സാങ്കേതികമായി ചോദ്യംചെയ്യാനുമാവില്ല.

വിസിമാർ ജ്ഞാനസഭയിൽ പങ്കെടുക്കുന്നതിൽ സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ എതിർപ്പുപ്രകടിപ്പിച്ചിരുന്നു. ഇടതനുകൂല കോളേജ് അധ്യാപകസംഘടനകളായ എകെപിസിടിഎയും എകെജിസിടിയും തിങ്കളാഴ്ച കോളേജുകളിൽ പ്രതിഷേധസദസ്സ് സംഘടിപ്പിക്കും.

വിസിമാർ പോയത് ഉചിതമായില്ല -മന്ത്രി ബിന്ദു

മതനിരപേക്ഷമനസ്സ് ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ നിലപാടുകൾക്കെതിരാണ് ജ്ഞാനസഭയിൽ പങ്കെടുത്ത വിസിമാരുടെ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു പ്രതികരിച്ചു. രാഷ്ട്രീയാധികാരം ഉറപ്പിക്കാനുള്ള ആശയപരിസരമായി സർവകലാശാലകളെ മാറ്റിയെടുക്കാനാണ് സംഘപരിവാർ നീക്കം. ഈ വർഗീയ അജൻഡയുടെ ഭാഗമായി സംഘടിപ്പിച്ചതാണ് ജ്ഞാനസഭയെന്നും മന്ത്രി പറഞ്ഞു.

വിസിമാർ രാജിവെക്കണം -എസ്എഫ്‌ഐ

ജ്ഞാനസഭയിൽ പങ്കെടുത്ത നാലു വിസിമാരും രാജിവെക്കണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടു. ആർഎസ്എസിന്റെ കാൽക്കൽ ഇഴയുന്ന വിസിമാർ പൊതുസമൂഹത്തിന് അപമാനമാണെന്ന് സംസ്ഥാനപ്രസിഡന്റ് എം. ശിവപ്രസാദും സെക്രട്ടറി പി.എസ്. സഞ്ജീവും പറഞ്ഞു.

Content Highlights: Kerala government faces backlash as VCs participate in an RSS-affiliated event