‘ജലംചീറ്റുന്ന പീരങ്കിയല്ല, തീതുപ്പുന്ന പീരങ്കി കൊണ്ടുവാ, ഞങ്ങൾ തെരുവിലുണ്ടാകും’; വെല്ലുവിളിച്ച് ആർഷോ

തിരുവനന്തപുരം: കേരള സർവകലാശാലാ സെനറ്റ് തിരഞ്ഞെടുപ്പിനെത്തുടർന്ന് എസ്.എഫ്.ഐ.-കെ.എസ്.യു. പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന്റെ സാഹചര്യത്തിൽ പ്രതികരണവുമായി എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ. ‘ജലം ചീറ്റുന്ന പീരങ്കിയല്ല, തീ തുപ്പുന്ന പീരങ്കിയുണ്ടേൽ കൊണ്ടുവാ. ഞങ്ങൾ തെരുവിലുണ്ടാകും. നമുക്ക് കാണാം’, ആർഷോ ഫെയ്സ്ബുക്കിൽ കുറിച്ചു.
സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിൽ എസ്.എഫ്.ഐ. പ്രവർത്തകർ സർവകലാശാലയ്ക്കു പുറത്ത് ആഹ്ലാദപ്രകടനം നടത്തുന്നതിനിടെയാണ് പാളയത്തുവെച്ച് കല്ലേറുണ്ടായത്. പിന്നാലെ സംഘർഷം നിയന്ത്രിക്കാൻ പോലീസ് ജലപീരങ്കിയും പിന്നാലെ ലാത്തിച്ചാർജും നടത്തി. പോലീസ് നടപടിയിൽ എസ്എഫ്ഐ നേതാക്കൾക്കടക്കം പരിക്കേറ്റതോടെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറുകയാണ്.
തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഘർഷം തുടങ്ങിയത്. കേരള സർവകലാശാലാ ആസ്ഥാനത്തുനിന്നു തുടങ്ങിയ കല്ലേറ് പാളയം രക്തസാക്ഷിമണ്ഡപംവരെ നീണ്ടു. യാതൊരു പ്രകോപനവുമില്ലാതെ പോലീസ് വിദ്യാർഥികളെ മർദിച്ചുവെന്ന് സ്ഥലത്തെത്തിയ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ ആരോപിച്ചു. എസ്.എഫ്.ഐ. സംസ്ഥാന നേതാക്കൾക്കു മർദനമേറ്റതായും അദ്ദേഹം ആരോപിച്ചു. സർവകലാശാലയ്ക്കു പുറത്ത് ആഹ്ലാദപ്രകടനം നടത്തുന്നതിനിടെ കെ.എസ്.യു. പ്രവർത്തകർ കല്ലെറിഞ്ഞുവെന്നാണ് എസ്.എഫ്.ഐ. പ്രവർത്തകർ ആരോപിച്ചത്. സംഘർഷത്തിന്റെ ഉത്തരവാദിത്വം പോലീസിനാണെന്ന് എ.എ. റഹീം എം.പി. കുറ്റപ്പെടുത്തി. അതേസമയം എസ്.എഫ്.ഐ.ക്കാരാണ് പ്രകോപനമുണ്ടാക്കിയതെന്ന് കെ.എസ്.യു. കുറ്റപ്പെടുത്തി. എസ്.എഫ്.ഐ. സംസ്ഥാന നേതാക്കളായ പി.എസ്. സഞ്ജീവ്, എം.ശിവപ്രസാദ് തുടങ്ങിയവർക്കും പോലീസ് മർദനമേറ്റു.
Content Highlights: SFI and KSU activists engaged in violent clashes after the Kerala University Senate election results., Police used water cannons and lathi-charge to disperse the crowd in Palayam., Prominent leaders like PM Arsho and MV Jayarajan have reacted to the incident., Both student wings blame each other for the provocation and subsequent violence.