കോളേജുകളിൽ രാഷ്ട്രീയത്തിന് സമ്പൂർണ നിരോധനം? പൂട്ടിടാൻ കേരള സർവകലാശാല, പെരുമാറ്റച്ചട്ടം ലംഘിച്ചാൽ പിഴ

#പി.കെ. മണികണ്ഠൻ
കേരള സര്‍വകലാശാല
കേരള സര്‍വകലാശാല

തിരുവനന്തപുരം: കോളേജുകളിൽ വിദ്യാർഥിരാഷ്ട്രീയത്തിന് കൂച്ചുവിലങ്ങിടാനുള്ള നീക്കവുമായി കേരള സർവകലാശാല. കോളേജുകളിലോ സർവകലാശാലാ പഠനവിഭാഗങ്ങളിലോ വിദ്യാർഥികൾ ഒരുതരത്തിലുമുള്ള രാഷ്ട്രീയപ്രവർത്തനത്തിലും ഏർപ്പെടരുതെന്നാണ് സിൻഡിക്കേറ്റ് തയ്യാറാക്കിയ കരടുമാർഗരേഖയിലെ നിർദേശം. പെരുമാറ്റച്ചട്ടലംഘനത്തിന് വിദ്യാർഥികൾക്കു പുറമെ, രാഷ്ട്രീയപ്പാർട്ടികളും പിഴ നൽകേണ്ടിവരും.

കോളേജുകളിൽ പ്രിൻസിപ്പലിനും സർവകലാശാലാ കാമ്പസിൽ വി.സി.ക്കുമാണ് ശിക്ഷാനടപടിക്കുള്ള അധികാരം. കലാലയങ്ങളിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കാനുള്ള നടപടി അറിയിക്കാൻ നേരത്തേ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന്, ചാൻസലറായ ഗവർണർ എല്ലാ വൈസ് ചാൻസലർമാർക്കും കത്തയച്ചിരുന്നു.

മറ്റു നിർദേശങ്ങൾ

  • രാഷ്ട്രീയാടിസ്ഥാനത്തിലോ രാഷ്ട്രീയപ്പാർട്ടികളുടെ നിർദേശത്തിലോ സമരം പാടില്ല.
  • രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള ധർണ, ഉപരോധം തുടങ്ങിയവ പാടില്ല.
  • ക്ലാസ് മുറിയിലോ ഓഫീസിലോ കാമ്പസിനുള്ളിലോ രാഷ്ട്രീയ മുദ്രാവാക്യം പാടില്ല.
  • ഡിജിറ്റൽ പ്ലാറ്റ്‌ഫോംവഴിയുള്ള രാഷ്ട്രീയപ്രചാരണമോ സംഘാടനമോ പാടില്ല.

ശിക്ഷയിൽ റവന്യൂ റിക്കവറി

താക്കീത്, ടി.സി. നൽകി പറഞ്ഞുവിടൽ, സസ്പെൻഷൻ, പുറത്താക്കൽ എന്നിവയാണ് പിഴയില്ലാതെയുള്ള ശിക്ഷ. 5,000 രൂപയാണ് കുറഞ്ഞ പിഴ. വിദ്യാർഥിക്ക് ഏതു രാഷ്ട്രീയപാർട്ടിയുമായാണോ ബന്ധം ആ പാർട്ടിക്ക് 10,000 രൂപയാണ് പിഴ. പിഴയടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി.

ഔദ്യോഗികരേഖയല്ല -വി.സി.

കരടുപെരുമാറ്റച്ചട്ടം ഔദ്യോഗികരേഖയല്ല. എന്നാൽ, കോളേജുകളിൽ അച്ചടക്കവും സമാധാനവും ഉറപ്പാക്കാൻ ഹൈക്കോടതിയും ചാൻസലറും നിർദേശിച്ചതനുസരിച്ചുള്ള നടപടിയെടുക്കും. (ഡോ. മോഹനൻ കുന്നുമ്മൽ, വി.സി, കേരള സർവകലാശാല)

നിയന്ത്രണം മാത്രം -യു.ഡി.എഫ്.

വിദ്യാർഥിരാഷ്ട്രീയം നിരോധിക്കുകയല്ല ലക്ഷ്യം. കാമ്പസിൽ സമാധാനം ഉറപ്പാക്കാൻ നിയന്ത്രണങ്ങളേ ഉദ്ദേശിച്ചിട്ടുള്ളൂ. എല്ലാവരുമായും ചർച്ച നടത്തും (വൈ. അഹമ്മദ് ഫസിൽ, യു.ഡി.എഫ്. സിൻഡിക്കേറ്റംഗം)

വിദ്യാർഥിരാഷ്ട്രീയത്തോട് മുഖംതിരിക്കാനാവില്ല -സി.പി.എം.

വിദ്യാർഥിരാഷ്ട്രീയത്തോട് മുഖംതിരിച്ച് ഒരു സർവകലാശാലയ്ക്കും മുന്നോട്ടു പോകാനാവില്ല. വിദ്യാർഥികളുടെ രാഷ്ട്രീയാവകാശങ്ങൾ സംരക്ഷിക്കുന്നതും അക്കാദമിക പ്രവർത്തനമാണ്. (ഡോ. എസ്. നസീബ്, ഇടതു സിൻഡിക്കേറ്റംഗം)

നിരോധനത്തോട് യോജിപ്പില്ല -ബി.ജെ.പി.

വിദ്യാർഥി സംഘടനാപ്രവർത്തനം നിരോധിക്കുന്നതിനോട് യോജിപ്പില്ല. സർവകലാശാലകൾ രാഷ്ട്രീയമുക്തമാക്കാൻ വിദ്യാർഥിസംഘടനാരീതി മാറണം. (പി.എസ്. ഗോപകുമാർ, ബി.ജെ.പി. സിൻഡിക്കേറ്റംഗം)

Content Highlights: Kerala University Syndicate prepared draft guidelines to curb campus politics., Prohibits political protests, slogans, dharnas, and digital campaigning inside campuses., Proposes fines of Rs. 5,000 for students and Rs. 10,000 for political parties for violations.