വിസി നിയമനം: ചെയർമാനൊപ്പം ഉന്നതോദ്യോഗസ്ഥന്റെ യാത്ര, ദുരൂഹതയുണ്ടെന്ന് ആക്ഷേപം

ഡിജിറ്റല്‍ സര്‍വകലാശാല കാമ്പസ് | ഫയല്‍ചിത്രം
ഡിജിറ്റല്‍ സര്‍വകലാശാല കാമ്പസ് | ഫയല്‍ചിത്രം

തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലാ വിസിമാരെ കണ്ടെത്താൻ സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ അധ്യക്ഷനൊപ്പം സംസ്ഥാനഭരണത്തിലെ ഉന്നതോദ്യോഗസ്ഥൻ യാത്രചെയ്തതിൽ ദുരൂഹതയാരോപിച്ച് സേവ് യൂണിവേഴ്‌സിറ്റി കാംപെയ്‌ൻ കമ്മിറ്റി. സമിതി അധ്യക്ഷന് വിമാനത്തിൽ എക്സിക്യുട്ടീവ് ക്ലാസിലാണ് സംസ്ഥാന സർക്കാർ യാത്രയൊരുക്കിയിരുന്നത്.

ഇതേ വിമാനത്തിൽത്തന്നെ ഭരണതലത്തിലുള്ള ഒരു ഉന്നതനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സർക്കാരിന് അനഭിമതരായ ചിലരെ സംബന്ധിച്ച വിവരങ്ങൾ ധരിപ്പിക്കുകയും നിയമനം സംബന്ധിച്ച താത്പര്യമറിയിക്കുകയുമായിരുന്നു ഉന്നതന്റെ ലക്ഷ്യമെന്ന് കാംപെയ്‌ൻ കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാർ ആരോപിച്ചു.

സാങ്കേതിക സർവകലാശാല അഭിമുഖം കഴിഞ്ഞു

വിസി നിർണയ സമിതി സാങ്കേതിക സർവകലാശാല വിസിയെ കണ്ടെത്തുന്നതിനായി നടത്തിയ അഭിമുഖം കഴിഞ്ഞു. ബുധൻ, വ്യാഴം ദിവസങ്ങളിലായിരുന്നു അഭിമുഖം. വെള്ളി, ശനി ദിവസങ്ങളിൽ ഡിജിറ്റൽ സർവകലാശാല ഇന്റർവ്യൂ നടക്കും.

മുൻ വിസിമാർ, നിലവിലുള്ള വിസിമാർ, രജിസ്ട്രാർമാർ, വിരമിച്ച പ്രൊഫസർമാർ എന്നിവർ അഭിമുഖത്തിനുണ്ട്. രണ്ടു സർവകലാശാലകളിലേക്കും അപേക്ഷിച്ചവരുമുണ്ട്. ഗവർണറും സർക്കാരും നിർദേശിച്ച ഈരണ്ടു പേർ വീതവും വിരമിച്ച സുപ്രീംകോടതി ജസ്റ്റിസും ഉൾപ്പെടുന്നതാണ് ഓരോ സർവകലാശാലയുടെയും തിരഞ്ഞെടുപ്പു സമിതി. സമിതി മൂന്നു പേരുകൾ ഉൾപ്പെടുന്ന പാനൽ നൽകണമെന്നും അതിൽനിന്ന് മുഖ്യമന്ത്രി ശുപാർശചെയ്യുന്നയാളെ ഗവർണർ നിയമിക്കണമെന്നുമാണ് കോടതിനിർദേശം.

എന്നാൽ, വിസി നിയമനത്തിനുള്ള സമിതിയിൽ യുജിസി പ്രതിനിധി വേണമെന്ന യുജിസിയുടെ മാർഗനിർദേശം പാലിക്കപ്പെട്ടില്ലെന്നു കാണിച്ച് യുജിസി തന്നെ സുപ്രീംകോടതിയിലെ കേസിൽ കക്ഷിചേർന്നു. നിയമനരീതിക്കെതിരേ ഗവർണറും കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിലെ തീർപ്പിനു വിധേയമായിട്ടായിരിക്കും നിയമനം നടക്കുകയെന്നാണു സൂചന.

Content Highlights: Controversy Erupts Over VC Selection Committee Chairman's Travel