'പിണറായിക്കെതിരേ വിജിലൻസ് കേസ് എടുത്തു'; സുപ്രീം കോടതിയിൽ നിലപാട് അറിയിക്കാൻ കേരളം

#ബി. ബാലഗോപാൽ / മാതൃഭൂമി ന്യൂസ്
പിണറായി വിജയൻ
പിണറായി വിജയൻ

ന്യൂഡൽഹി: സി.എം.ആർ.എൽ.- എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരേ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്‌തെന്ന് സംസ്ഥാനം സുപ്രീം കോടതിയെ അറിയിക്കും. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഇക്കാര്യത്തിൽ നടപ്പാക്കിയെന്നും സംസ്ഥാനം സുപ്രീം കോടതിയെ അറിയിക്കും. വിജിലൻസ് കേസ് റദ്ദാക്കാൻ പിണറായി പുതിയ ഹർജി നൽകണമെന്നാണ് കേരളത്തിന്റെ നിലപാട്.

സി.എം.ആർ.എൽ- എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി. നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യാനായിരുന്നു കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 12-ാം തീയതി കേസ് രജിസ്റ്റർ ചെയ്‌തെന്നാണ് കേരളം സുപ്രീം കോടതിയെ അറിയിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

വിജിലൻസ് രജിസ്റ്റർ ചെയ്ത VC6/2026/SIU-1, VC7/2026/SIU-1 എന്നിവയുടെ വിശദാംശങ്ങളും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിക്കും. കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ പിണറായി വിജയന്റെ ഹർജിയുടെ പ്രസക്തി നഷ്ടമായെന്നാണ് കേരളത്തിന്റെ നിലപാട്.

വിജിലൻസ് കേസിലെ തുടർ നടപടികൾ സുപ്രീംകോടതി ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്ന് പിണറായി വിജയൻ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സംസ്ഥാന സർക്കാർ ഇതിനെ എതിർക്കുമോ എന്ന കാര്യം വ്യക്തമല്ല. കേസ് എടുത്ത സാഹചര്യത്തിൽ അത് റദ്ദാക്കണമെങ്കിൽ പിണറായി പുതിയ ഹർജി നൽകണമെന്നാണ് സർക്കാരിന്റെ നിലപാട്.

വിജിലൻസ് കേസിനെതിരേ പിണറായി വിജയൻ, ടി വീണ, മുഹമ്മദ് റിയാസ്, വാരിസ് എന്നിവർ നൽകിയ ഹർജികളാണ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കുന്നത്. ഈ നാല് ഹർജികളിലും, ഇ.ഡി. എതിർകക്ഷിയാണ്. എന്നാൽ നോട്ടീസ് ലഭിക്കുന്നതിന് മുമ്പ് ഈ ഹർജികളിൽ ഇ.ഡി ഹാജർ ആകുമോയെന്ന കാര്യം അവ്യക്തമാണ്.

ഇ.ഡിക്കുവേണ്ടി കേന്ദ്ര സർക്കാർ അഭിഭാഷകർ ഈ കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. എന്നാൽ കേസിൽ ഇവർ ഹാജരാകുമോയെന്ന കാര്യത്തിൽ ഇത് വരെയും വ്യക്തത ഇല്ല.