ബ്ലോക്ക്‌ചെയിനും നിർമിതബുദ്ധിയും പിഎസ്‌സിയുടെ വിശ്വാസ്യത വർധിപ്പിക്കും -ഗവർണർ

#News Desk
കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍.|Photo credit: MBI
കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍.|Photo credit: MBI

തിരുവനന്തപുരം: ഭരണനടപടികളിൽ സുതാര്യത വർധിപ്പിക്കാൻ ഏറ്റവും ആധുനികമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിലൂടെ സാധിക്കുമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. നിയമനങ്ങളിൽ ബ്ലോക്ക്‌ചെയിനിന്റെയും നിർമിതബുദ്ധിയുടെയും സാധ്യതകളെക്കുറിച്ച് പിഎസ്‌സി സംഘടിപ്പിച്ച ദേശീയ ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.

പിഎസ്‌സിയുടെ റിക്രൂട്ട്‌മെന്റുകൾക്ക് ബ്ലോക്ക്‌ചെയിനിന്റെയും നിർമിതബുദ്ധിയുടെയും സാധ്യതകൾ ഉപയോഗിക്കുമ്പോൾ എതിർപ്പുകൾ ഉണ്ടാകാം. എന്നാൽ, അതിലൂടെ കൈവരുന്ന സുതാര്യത, ഉദ്യോഗാർഥികളിൽ ആത്മവിശ്വാസവും പിഎസ്‌സിയിലുള്ള വിശ്വാസ്യതയും വർധിപ്പിക്കുമെങ്കിൽ അതാണ് ഏറ്റവും പ്രധാനം -ഗവർണർ പറഞ്ഞു.

പിഎസ്‌സി ചെയർമാൻ ഡോ. എം.ആർ. ബൈജു അധ്യക്ഷത വഹിച്ചു. യുപിഎസ്‌സി അംഗം ഡോ. ദിനേശ് ദാസ മുഖ്യപ്രഭാഷണം നടത്തി. ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, കേരള ബ്ലോക്ക് ചെയിൻ അക്കാദമി ഡയറക്ടർ ഡോ. എസ്. അഷറഫ്, നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അയർലൻഡിലെ സീനിയർ റിസർച്ചർ ഡോ. എസ്. ആദർശ് എന്നിവർ വിഷയം അവതരിപ്പിച്ചു.

കേരള പിഎസ്‌സിയുടെ മേൽനോട്ടത്തിൽ ഡിജിറ്റൽ സർവകലാശാല വികസിപ്പിച്ച ബ്ലോക്ക്‌ചെയിൻ ടെക്‌നോളജിയെ മറ്റ് സംസ്ഥാനങ്ങളിലെ പിഎസ്‌സി അധ്യക്ഷർക്കും പ്രതിനിധികൾക്കും പരിചയപ്പെടുത്തുകയാണ് ഉച്ചകോടിയിലൂടെ ലക്ഷ്യമിട്ടത്.

Content Highlights: PSC to Harness Blockchain and AI for Transparent Recruitments; Governor Inaugurates National Summit