നഴ്‌സുമാരുടെ സമരം: സ്വകാര്യ ആശുപത്രികളിൽ കിടത്തിച്ചികിത്സ പ്രതിസന്ധിയിൽ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | AI Generated Image | Courtesy: Google Gemini
പ്രതീകാത്മക ചിത്രം | AI Generated Image | Courtesy: Google Gemini

കോഴിക്കോട്: പൊള്ളലേറ്റതും കൈയറ്റതുമായ രോഗികൾക്കുപോലും കിടത്തിച്ചികിത്സ നൽകാൻ സാധിക്കാത്ത തരത്തിൽ നഗരത്തിലെ സ്വകാര്യ ആശുപത്രികൾ സ്തംഭനാവസ്ഥയിൽ. വേതനവർധനയാവശ്യപ്പെട്ട് നഴ്‌സുമാർ കൂട്ടമായി സമരത്തിന്റെ ഭാഗമായതാണ് മിംസ്, ബേബി, മെയ്ത്ര, ഇഖ്റ ഉൾപ്പെടെയുള്ള ആശുപത്രികളെ പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ മൂന്നുദിവസമായി സമരമുണ്ടെങ്കിലും ശനിയാഴ്ച പകൽ കാര്യങ്ങൾ കൂടുതൽ വിഷമത്തിലായി. അത്യാഹിതചികിത്സ ആവശ്യമില്ലാത്ത രോഗികളെ ആശുപത്രിയിൽ കിടത്തിചികിത്സയ്ക്കു വിധേയമാക്കാതെ മടക്കിയയക്കുകയാണ് ചെയ്യുന്നത്.

ഐ.സി.യു.വിൽ വെന്റിലേറ്റർ സഹായം ആവശ്യമില്ലാത്തവരെ മാറ്റുന്നതിനും സമ്മർദമുണ്ട്. പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. പ്രസവം ഉൾപ്പെടെ മുൻകൂട്ടി നിശ്ചയിച്ച പല ശസ്ത്രക്രിയകളും മറ്റിടങ്ങളിലേക്ക് മാറ്റേണ്ട അവസ്ഥയുമുണ്ട്. സമരം തുടരുന്നത് ആശുപത്രികളിലെ ഒ.പി. രോഗികളുടെ എണ്ണത്തിലും വലിയ ഇടിവുണ്ടാക്കിയിട്ടുണ്ടെന്ന് പ്രമുഖ സ്വകാര്യ ആശുപത്രിയുടെ ചെയർമാൻ 'മാതൃഭൂമി'യോടു പറഞ്ഞു. സർക്കാർ നിശ്ചയിച്ച വേതനം നൽകാൻ ആശുപത്രി തയ്യാറായെങ്കിലും അടിസ്ഥാനശമ്പളം 40,000 തന്നെ വേണമെന്ന് നഴ്‌സുമാരുടെ സംഘടന നിർബന്ധം പിടിക്കുന്നുണ്ടെന്നും അത് ഒരുദിവസംകൊണ്ട് തീരുമാനിക്കാവുന്നതല്ലെന്നും ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചെന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അറിയിച്ചു.

Content Highlights: Nurses' strike in major Kozhikode private hospitals leading to service paralysis., Hospitals are refusing new admissions and postponing elective surgeries., Dispute centers on a demand for a 40,000 base salary., Emergency care and ICU operations are severely impacted.