വേതനവർധന ആവശ്യപ്പെട്ട് നഴ്സുമാർ നാളെ പണിമുടക്കും; സ്വകാര്യ ആശുപത്രികൾ സ്തംഭിച്ചേക്കും

#ന്യൂസ് ഡെസ്ക്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശ്ശൂർ: സ്വകാര്യ ആശുപത്രി മേഖലയിലെ നഴ്‌സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി ശനിയാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യു.എൻ.എ.) നേതൃത്വത്തിലാണ് സൂചനാ പണിമുടക്ക്. പണിമുടക്കിന്റെ ഭാഗമായി തൃശ്ശൂരിൽ അവകാശ പ്രഖ്യാപന സമ്മേളനവും സംഘടിപ്പിക്കും.

'അതിജീവനത്തിനായുള്ള പോരാട്ടം' എന്ന മുദ്രാവാക്യമുയർത്തിയാണ് നഴ്‌സുമാരും മറ്റ് ആശുപത്രി ജീവനക്കാരും സമരം നടത്തുന്നത്. തുല്യജോലിക്ക് തുല്യ വേതനം, നഴ്‌സുമാർക്ക് അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക, മറ്റു ആശുപത്രി ജീവനക്കാർക്ക് ആനുപാതികമായ ശമ്പള വർധന, യു.ജി.സി. സ്‌കെയിൽ ശമ്പളം നടപ്പിലാക്കുക, ഡോ. ബൽറാം കമ്മിറ്റി, ജഗദീഷ് പ്രസാദ് കമ്മിറ്റി, വീരകുമാർ കമ്മിറ്റി റിപ്പോർട്ടുകൾ നടപ്പിലാക്കുക. എൻ.എച്ച്.എം., പാലിയേറ്റീവ് കെയർ, എം.എൽ.എസ്.പി., എച്ച്.ഡി.എസ്., ഇ.എം.ടി. ജീവനക്കാർക്കും തുല്യജോലിക്ക് തുല്യവേതനം ഉറപ്പാക്കുക എന്നിവയാണ് ആവശ്യങ്ങൾ.

സമരത്തിൽ എല്ലാ വിഭാഗം ആരോഗ്യ പ്രവർത്തകരും പങ്കുചേരണമെന്ന് സംഘാടകർ അഭ്യർഥിച്ചു. തൃശ്ശൂരിൽ നടക്കുന്ന അവകാശ പ്രഖ്യാപന സമ്മേളനത്തോടെ സമരത്തിന്റെ അടുത്ത ഘട്ടങ്ങൾ തീരുമാനിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Content Highlights: United Nurses Association Calls for Statewide Protest: Healthcare Staff Unite for Rights