സംസ്ഥാനത്തെ അതിദരിദ്രരിൽ ഏറെയും കടക്കെണിയിലാകുന്നത് വീടുപണിത്, തൊട്ടുപിന്നിൽ ആശുപത്രി ചെലവ്

തിരുവല്ല: സംസ്ഥാനത്തെ അതിദരിദ്രരിൽ മക്കളുടെ വിദ്യാഭ്യാസത്തിന് വായ്പയെടുത്ത് കടക്കെണിയിലായത് നാലുശതമാനം പേർമാത്രം. വീടുപണിക്ക് വായ്പയെടുത്ത് കടക്കെണിയിലാകുന്നവരുടെ എണ്ണമാണ് കൂടുതൽ; 25.4 ശതമാനം.
ആശുപത്രി ചെലവുകൾക്ക് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങുന്നവരാണ് തൊട്ടുപിന്നിൽ. 23.5 ശതമാനം വരുമിത്. മക്കളുടെ വിവാഹ ആവശ്യത്തിന് കടക്കെണിയിൽപ്പെട്ട അതിദരിദ്രർ 6.8 ശതമാനം. സംസ്ഥാന വികേന്ദ്രീകൃത ആസൂത്രണസമിതിയുടെ പക്കലുള്ള, അതിദരിദ്രരുടെ കടബാധ്യതകൾ സംബന്ധിച്ചുള്ള കണക്കുകളിലാണ് ഈ വിവരങ്ങൾ ഉള്ളത്. ജില്ലാ ആസൂത്രണ സമിതിവഴിയാണ് വിവരശേഖരം നടത്തിയത്.
സംസ്ഥാനത്തെ 12326 അതിദരിദ്ര കുടുംബങ്ങൾ വിവിധ സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്തിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ആയിരത്തിലധികം കുടുംബങ്ങൾവീതം ഇതിൽ ഉൾപ്പെടും. കടക്കെണിയിൽപ്പെട്ട 19.6 ശതമാനം പേരും പലിശയടക്കമുള്ള ഒരുതുകപോലും തിരികെ അടച്ചിട്ടില്ല.
40 ശതമാനം പേര് വായ്പാത്തുകയുടെ 25 ശതമാനത്തിൽ താഴെ തിരിച്ചടച്ചിട്ടുണ്ട്. സഹകരണബാങ്കുകളിൽ നിന്നാണ് കൂടുതൽ പേരും വായ്പ എടുത്തിരിക്കുന്നത്. 32 ശതമാനത്തിലധികം വരുമിത്.
കുടുംബശ്രീയുടെ മൈക്രോഫിനാൻസ് സംരംഭങ്ങളിൽനിന്ന് വായ്പയെടുത്തവർ 25 ശതമാനം. വാണിജ്യബാങ്കുകളിൽനിന്ന് വായ്പനേടിയവർ 12.7 ശതമാനം. സ്വകാര്യവ്യക്തികളോട് പലിശയ്ക്ക് പണം വാങ്ങിയവർ 12 ശതമാനത്തോളം വരും.
10000 മുതൽ രണ്ടുലക്ഷം രൂപവരെയാണ് കൂടുതൽ വായ്പയും. 75 ശതമാനം പേർ ഈ പരിധിയിലാണ് വായ്പ എടുത്തിരിക്കുന്നത്. രണ്ട് ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയിൽ കടംവാങ്ങിയിരിക്കുന്നത് 14 ശതമാനത്തോളം. അഞ്ച് ലക്ഷത്തിന് മുകളിൽ നാല് ശതമാനം പേർ. ഇതിൽ ആറ് ശതമാനത്തോളം പേര് ഏതെങ്കിലും തരത്തിലുള്ള ജപ്തി നടപടി നേരിടുന്നു.
Content Highlights: Study reveals debt trap among Kerala`s poorest, with housing loans as the primary reason