തിരഞ്ഞെടുപ്പ്, ശബരിമല; പോലീസുകാര്‍ക്ക് ഇനി വിശ്രമമില്ല, അവധി അപേക്ഷയെപ്പോലും ബാധിക്കുന്ന സ്ഥിതി

തൃശ്ശൂര്‍: തദ്ദേശതിരഞ്ഞെടുപ്പ് ഒരുദിവസത്തിന്റെ മാത്രം ഇടവേളയില്‍ രണ്ടുഘട്ടങ്ങളായി നടത്താന്‍ നിശ്ചയിച്ചതോടെ പോലീസുകാരെ കാത്തിരിക്കുന്നത് വിശ്രമമില്ലാ ജോലിയുടെ നാളുകള്‍. തിരഞ്ഞെടുപ്പ് ജോലി സംബന്ധിച്ചു അന്തിമ തീരുമാനം വന്നിട്ടില്ലെങ്കിലും ഭൂരിപക്ഷം പോലീസുകാര്‍ക്കും രണ്ട് ഘട്ടങ്ങളിലും ക്രമസമാധാനച്ചുമതലയുടെ ഭാഗമാകേണ്ടിവരുമെന്നാണ് സൂചന.
നിലവില്‍ ബറ്റാലിയനിലെ നല്ലൊരുവിഭാഗം പോലീസുകാര്‍ ശബരിമല ജോലിയിലാണ്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ആദ്യഘട്ടത്തില്‍ 3500-ഓളം പോലീസുകാര്‍ ശബരിമലയിലുണ്ട്. തുടര്‍ന്നുവരുന്ന ഘട്ടങ്ങളിലും അതേസ്ഥിതിതന്നെയാവും.
ബറ്റാലിയനിലുള്ള പോലീസുകാരില്‍ ഭൂരിഭാഗത്തെയും ശബരിമലയില്‍ നിയോഗിക്കേണ്ടി വരുമെന്നതിനാല്‍ തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെടുന്ന പോലീസുകാര്‍ക്ക് ഇരട്ടി ജോലിഭാരമാവും. അടിയന്തരഘട്ടങ്ങളിലുള്ള അവധി അപേക്ഷയെപ്പോലും ബാധിക്കുന്ന സ്ഥിതിയുണ്ടാവുമെന്നാണ് പോലീസുകാരുടെ ആശങ്ക. പ്രചാരണം സമാപിക്കുന്ന ഡിസംബര്‍ ഏഴിന് പോലീസുകാര്‍ക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലി ആരംഭിക്കും. എട്ടിന് വോട്ടെടുപ്പ് സാമഗ്രികള്‍ വിതരണംചെയ്യുന്ന സ്റ്റേഷനുകളിലും ബൂത്തുകളിലുമായി ജോലിയുണ്ടാവും. ഒന്‍പതിന് വോട്ടെടുപ്പ് കഴിഞ്ഞ് യന്ത്രങ്ങള്‍ മുഴുവന്‍ തിരിച്ചേല്‍പ്പിച്ചെന്ന് ഉറപ്പിച്ചേ വിശ്രമമുള്ളൂ. ഇതിനുപിന്നാലെ പത്തിന് രണ്ടാംഘട്ട വോട്ടെടുപ്പിന്റെ വോട്ടെടുപ്പ് സാമഗ്രികളുടെ വിതരണസ്ഥലത്തും ബൂത്തുകളിലും ജോലിയുണ്ടാവും. 11-ന് വോട്ടെടുപ്പ് കഴിഞ്ഞ് യന്ത്രങ്ങള്‍ ഏല്‍പ്പിക്കാന്‍ രാത്രി വൈകുമെന്നതിനാല്‍ 12-നു മാത്രമേ വിശ്രമമെന്തെന്ന് അറിയുകയുള്ളൂ.
അതിനിടെ, തിരഞ്ഞെടുപ്പുദിവസങ്ങളില്‍ താത്കാലിക പോലീസുകാരായി പ്രവര്‍ത്തിക്കാന്‍ എന്‍സിസി കെഡേറ്റുകള്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത അനുപാതത്തില്‍ മാത്രമായിരിക്കണം താത്കാലിക പോലീസ് എന്നതിനാല്‍ കൂടുതല്‍പ്പേരെ നിയമിക്കാന്‍ കഴിയില്ല.
Content Highlights: Kerala Police are bracing for non-stop duty with back-to-back local body elections and ongoing Sabarimala arrangements. Find out how it impacts leave and workload.