55 പോക്സോ അതിവേഗ കോടതികളുടെ പ്രവർത്തന കാലാവധി അവസാനിക്കുന്നു; വിധികാത്ത് ആറായിരത്തിലധികം കേസുകൾ

കൊച്ചി: സംസ്ഥാനത്തെ 55 പോക്‌സോ അതിവേഗ കോടതികളുടെ പ്രവർത്തന കാലാവധി മാർച്ച് 31-ന് അവസാനിക്കും. പ്രവർത്തനം തുടരുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ തീരുമാനമുണ്ടായില്ലെങ്കിൽ പ്രതിസന്ധിയാകും. ഈ കോടതികളുടെ പ്രവർത്തനച്ചെലവിൽ 60 ശതമാനം വഹിക്കുന്നത് കേന്ദ്രസർക്കാരാണ്. ആറായിരത്തിലധികം പോക്‌സോ കേസുകളാണ് നിലവിൽ കോടതികളുടെ പരിഗണനയിലുള്ളത്. 2019-ലാണ് പോക്‌സോ കേസുകളുടെ വിചാരണയ്ക്കായി രാജ്യത്ത് അതിവേഗ കോടതികൾ ആരംഭിക്കുന്നത്.
നിർഭയഫണ്ടിൽനിന്നാണ് പോക്‌സോ കോടതികൾക്ക് കേന്ദ്രം പണമനുവദിക്കുന്നത്. ജുഡീഷ്യൽ ഓഫീസർക്ക് പുറമേ അഞ്ചുജീവനക്കാരാണ് പോക്‌സോ കോടതികളിലുള്ളത്. ഇതിൽ നാലുപേരും താത്‌കാലിക ജീവനക്കാരാണ്. പോക്‌സോ കോടതികളിലേക്ക് ജുഡീഷ്യൽ ഓഫീസർമാരെ നിയമിക്കുന്നതും താത്‌കാലികമായി സ്ഥാനക്കയറ്റം നൽകിയാണ്. പോക്‌സോ കോടതികൾക്ക് പുറമെ ജില്ലാകോടതിയും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസുകൾ പരിഗണിക്കുന്നുണ്ട്.
നാഷണൽ പ്രൊഡക്‌ടിവിറ്റി കൗൺസിലും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡിമിനിസ്‌ട്രേഷനും നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ 2021-ലും 2023-ലും പോക്സോ കോടതികൾ അടക്കമുള്ള അതിവേഗ പ്രത്യേക കോടതികളുടെ പ്രവർത്തന കാലാവധി നീട്ടിയിരുന്നു. നിതി ആയോഗ് നടത്തിയ പഠനത്തിൽ അതിവേഗ കോടതികളുടെ പ്രവർത്തനം തുടരണമെന്നാണ് ശുപാർശചെയ്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്രസർക്കാർ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.
Content Highlights: Kerala`s 55 fast-track POCSO courts may cease operations on March 31st without central government decision. Over 6000 cases pending.